ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ യുഎന്‍ ഇന്ന് ചര്‍ച്ച ചെയ്യും; അടച്ചിട്ട മുറിയിലാകും ചര്‍ച്ച, വിഷയത്തില്‍ ചൈന കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് ഈ നടപടി

Friday 16 August 2019 10:39 am IST

ന്യൂദല്‍ഹി : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയില്‍ ഐക്യരാഷ്ട്രസഭ രക്ഷാസമിതി ഇന്ന് ചര്‍ച്ച ചെയ്യും. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്ക്ക് അടച്ചിട്ട മുറിയിലാണ് ചര്‍ച്ച നടക്കുക. 

കശ്മീര്‍ വിഷയം രക്ഷാസമിതി ചര്‍ച്ച ചെയ്യണമെന്ന് പാക്കിസ്ഥാന്റെ നിര്‍ദ്ദേശ പ്രകാരം രക്ഷാ സമിതിക്ക് ബുധനാഴ്ച ചൈന കത്തയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് രഹസ്യ സ്വഭാവമുള്ള അടിയന്തര യോഗം ചേരുന്നത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ പരുങ്ങലിലായത് പാക്കിസ്ഥാന്‍ ഭരണകൂടമാണ്. ഇതിനെ തുടര്‍ന്ന് പാക് വിദേശ കാര്യ മന്ത്രി ചൈനയില്‍ എത്തി ഉന്നത പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൈന യുഎന്നില്‍ കത്ത് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ വിഷയം അന്താരാഷ്ട്ര ശ്രദ്ധയില്‍ പെടുത്താന്‍ ചൈന ശ്രമിച്ചെങ്കിലും റഷ്യ, യുഎഇ, ശ്രീലങ്ക തുടങ്ങി നിരവധി രാഷ്ട്രങ്ങള്‍ ആഭ്യന്തര വിഷയം ആണെന്ന് അറിയിച്ച് ഇന്ത്യയെ അനുകൂലിക്കുകയാണ് ചെയ്തത്. 

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ ആദ്യം പിന്തുണയുമായി എത്തിയതും യുഎന്‍ സ്ഥിരാംഗമായ റഷ്യയാണ്. അതിനിടെ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.