'മോഹന്‍ലാലും കൂട്ടുകാരും@41'; ജന്മഭൂമി മെഗാഷോ ദുബായില്‍

Thursday 31 October 2019 1:15 pm IST

ദുബായ്: മോഹന്‍ലാല്‍ സിനിമയില്‍ എത്തും മുന്‍പ്, നാട്ടുകാരുടെ സ്വന്തം ലാലേട്ടന്‍ ആകും മുന്‍പ്, കുറച്ചു പേരുടെ സ്വന്തമായിരുന്നു ലാല്‍. ബാല്യത്തിലും കൗമാരത്തിലും യൗവ്വനത്തിലും മോഹന്‍ലാലിനും സ്വന്തമായിരുന്നവര്‍.  കൂടെ പഠിച്ചവര്‍, കൂടെ കളിച്ചവര്‍, സിനിമ എന്ന ഒരേ സ്പനം കണ്ടവര്‍.... മോഹന്‍ ലാലിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ചങ്കു ബ്രോസ്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ നിര്‍ണായക പങ്കുവഹിച്ചതിനൊപ്പം മലയാള സിനിമയില്‍ സ്വന്തമായ സ്ഥാനം ഉറപ്പിച്ചവര്‍..... സംവിധായകന്‍ പ്രിയദര്‍ശന്‍,  നിര്‍മ്മാതാവ് ജി. സുരേഷ്‌കുമാര്‍, നടന്‍ മണിയന്‍പിള്ള രാജു, സംവിധായകന്‍ അശോക് കുമാര്‍, ഛായാഗ്രാഹകന്‍ എസ്. കുമാര്‍.. അവര്‍ കുടുംബസമേതം ഒന്നിക്കുന്നു. നവംബര്‍ 22ന് ദുബായിയില്‍.

സിനിമയില്‍ നാലു പതിറ്റാണ്ടു പിന്നിട്ടതിന്റെ ആഘോഷത്തിനായി. മോഹന്‍ലാലും കൂട്ടുകാരും@41 എന്നപേരില്‍ ജന്മഭൂമി ഒരുക്കുന്ന മെഗാ ഷോ അവാര്‍ഡു നൈറ്റുകളും താരനിശകളും കണ്ടു മടുത്ത ഗള്‍ഫിന് പുത്തനനുഭവമായിരിക്കും. മോഹന്‍ലാലിന്റെ അഭിനയജീവിതവുമായി അടുത്തിടപഴകിയ നെടുമുടി വേണു, ഇന്നസെന്റ്, ശങ്കര്‍, എം.ജി ശ്രീകുമാര്‍, കിരീടം ഉണ്ണി തുടങ്ങിയവരും കൂട്ടായ്മയില്‍ ഒത്തു ചേരും.

ചലച്ചിത്ര സംവിധായകന്‍  ടി.കെ.രാജീവ്കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പരിപാടിയില്‍ ലാലിന്റെ സിനിമകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള വ്യത്യസ്ത അവതരണങ്ങള്‍ ആകര്‍ഷകമാകും. മോഹന്‍ലാലിനും കൂട്ടുകാര്‍ക്കുമൊപ്പം മഞ്ജുവാര്യര്‍, കെ.എസ് ചിത്ര, അര്‍ജ്ജുന്‍ ലാല്‍, മണിക്കുട്ടന്‍, മധു ബാലകൃഷ്ണന്‍, ജ്യോത്സന, ഷംനാ കാസിം, സ്വാസിക, ദുർഗാ കൃഷ്ണ, രമേഷ് പിഷാരടി എന്നിവര്‍ നൃത്തവും പാട്ടും തമാശകളുമായി അരങ്ങിലെത്തും.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന്‍, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോളമന്‍, നാടോടിക്കാറ്റിലെ ദാസന്‍, തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍, ചിത്രത്തിലെ വിഷ്ണു, കിരീടത്തിലെ സേതുമാധവന്‍, ഭരതത്തിലെ ഗോപി, ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍, ഇരുവറിലെ ആനന്ദ്, വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടന്‍, സ്ഫടികത്തിലെ ആടുതോമ, തന്മാത്രയിലെ രമേശന്‍ നായര്‍, പരദേശിയിലെ വലിയകത്തു മൂസ, ഭ്രമരത്തിലെ ശിവന്‍ കുട്ടി , പുലിമുരുകനിലെ മുരുകന്‍ തുടങ്ങി മോഹന്‍ലാലിന്റെ ശ്രദ്ധേയമായ ചലച്ചിത്ര വേഷങ്ങള്‍ വീണ്ടും ഓര്‍മ്മയിലെത്തുന്ന അഞ്ചുമണിക്കൂര്‍ നീളുന്ന മെഗാ ഷോയാണ് ദുബായ്  ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടില്‍ നടക്കുക. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.