പിന്നെയും പിന്നെയും അവര്‍ കൊല്ലപ്പെടുന്നു

Saturday 2 November 2019 4:00 am IST

വാളയാറില്‍ നരാധമന്മാരുടെ ക്രൂര പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട ദളിത് സഹോദരിമാരായ കുട്ടികളുടെ ജീവനും മാനത്തിനും വില കല്‍പ്പിക്കാത്ത സര്‍ക്കാര്‍ അവരെ വീണ്ടും വീണ്ടും കൊലചെയ്തു കൊണ്ടിരിക്കുന്നു. ഐക്യകേരളത്തിന് അറുപത്തിമൂന്ന് വയസ്സുതികഞ്ഞ 'പിറന്നാള്‍ ദിനത്തില്‍' കേരളം വിതുമ്പുകയായിരുന്നു. കുഞ്ഞുങ്ങള്‍ക്ക്, അവരുടെ കുടുംബത്തിന് ശരിയായ നീതി ഉറപ്പാക്കണമെന്ന് കേരളം ഒരുമനസ്സോടെ ആവശ്യപ്പെടുമ്പോഴും നീതി നല്‍കേണ്ടവര്‍ അത് നിഷേധിക്കുന്നത് തുടരുന്നു. പ്രതികളായ സിപിഎമ്മുകാരെ രക്ഷിക്കാന്‍ എന്തു ഹീനമാര്‍ഗവും സ്വീകരിക്കുമെന്ന് വീണ്ടും വീണ്ടും ഒരു രാഷ്ട്രീയ പാര്‍ട്ടിയും അവര്‍ നയിക്കുന്ന ഭരണ സംവിധാനവും കാട്ടിത്തരുന്നു. കുഞ്ഞുടുപ്പുകളണിഞ്ഞ്, നിറയെ സ്വപ്‌നങ്ങളുമായി പാറിപ്പറന്ന് നടക്കേണ്ട പ്രായത്തില്‍ ക്രൂരമായ ലൈംഗികാതിക്രമത്തിനിരയായി കൊലചെയ്യപ്പെട്ട ആ കുഞ്ഞുങ്ങളെ വീണ്ടും വീണ്ടും അപമാനിക്കുകയാണ് സര്‍ക്കാര്‍.

തൂങ്ങിയാടുന്ന രണ്ട് കുഞ്ഞുടുപ്പുകളുടെ ചിത്രം ലോകമെങ്ങും പ്രചരിക്കുന്നത് ഇപ്പോള്‍ കേരളത്തിന്റെ പ്രതീകമായാണ്. അത് കാണുന്നവരുടെ മനസ്സ് നീറുകയാണ്. കേസ് അട്ടിമറിച്ച്, എല്ലാ തെളിവുകളും ഇല്ലാതാക്കി, കോടതിയില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമുണ്ടാക്കിയ സര്‍ക്കാര്‍, പോലീസ് സംവിധാനങ്ങളില്‍നിന്ന് ഇനിയും നീതി ലഭിക്കുമെന്ന് പ്രതീക്ഷ വയ്ക്കാനാകില്ല. നീതി നിഷേധത്തിന്റെ വാളയാര്‍ കഥകള്‍ തുടരുകതന്നെ ചെയ്യുമെന്ന് ഉറപ്പിച്ചു പറയാവുന്ന സംഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 

പ്രതികളെ രക്ഷിക്കാന്‍ സിപിഎമ്മും മുഖ്യമന്ത്രിയുടെ ഓഫീസും നടത്തിയ നീക്കങ്ങള്‍, ഇപ്പോള്‍ നീതി നിഷേധിക്കാനും നടത്തിക്കൊണ്ടിരിക്കുന്നു. കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ കണ്ട് വിവരങ്ങള്‍ ശേഖരിക്കാനും കേസില്‍ ഇടപെടല്‍ നടത്താനുമാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം വാളയാറിലെത്തിയത്. എന്നാല്‍ കമ്മീഷന്‍ കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ കാണാതിരിക്കാനുള്ള കുത്സിത നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തി. 

പിന്നാക്കക്ഷേമത്തിന് പ്രവര്‍ത്തിക്കേണ്ട ഒരു സമുദായ സംഘടനയെ മുന്നില്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ നീക്കങ്ങളെ നെറികെട്ടതെന്ന് വിശേഷിപ്പിക്കുന്നത് മാന്യമായ ഭാഷയാണ്.

ബാലാവകാശ കമ്മീഷന്‍ കുട്ടികളുടെ രക്ഷിതാക്കളെ കാണാതിരിക്കാന്‍ അവരെ കെപിഎംഎസ് നേതാവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തേക്ക് കടത്തുകയായിരുന്നു. മുഖ്യമന്ത്രിയെ കാണാനെന്ന പേരില്‍ നടത്തിയ തിരുവനന്തപുരം യാത്രയ്ക്ക് തിരക്കഥയൊരുക്കിയത് മുഖ്യമന്ത്രിയുടെ തന്നെ ഓഫീസാണെന്നുള്ളത് ഭീതിയോടെയാണ് കേള്‍ക്കേണ്ടത്. രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ മൃഗീയമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ കേസൊതുക്കാനും സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാനും സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിതന്നെ നീക്കം നടത്തുന്നത് വരുംകാല കേരളം സഞ്ചരിക്കുന്ന വഴികള്‍ എവിടേയ്ക്കാണെന്ന്  വിളിച്ചറിയിക്കലാണ്. 

കേന്ദ്രബാലാവകാശ കമ്മീഷന്‍ വാളയാര്‍ അട്ടപ്പള്ളത്തെ പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിക്കുമെന്ന് ഒരാഴ്ച മുമ്പ് തന്നെ അറിയിച്ചിരുന്നതാണ്. എന്നാല്‍ കമ്മീഷന് ഇന്നലെ രക്ഷിതാക്കളെ കാണാതെ തന്നെ മടങ്ങേണ്ടിവന്നു. രക്ഷിതാക്കളെ കണ്ട് കമ്മീഷന്‍ തെളിവ് ശേഖരിക്കാന്‍ വരുമ്പോള്‍ അവരെ മാറ്റിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തില്‍ കഴമ്പുണ്ട്. കുട്ടികളുടെ രക്ഷിതാക്കളെ കാണാന്‍ പരമാവധി ശ്രമിക്കുമെന്നാണ് ബാലാവകാശ കമ്മീഷന്‍ അംഗം യശ്വന്ത് ജെയിന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ അതിനു ശേഷം അദ്ദേഹം ഉന്നയിച്ച സംശയം ശരിയായി. ''താന്‍ കാത്തിരിക്കുന്നതറിഞ്ഞാല്‍ അവര്‍ വരുന്നത് വൈകിപ്പിക്കുമോ'' എന്നതായിരുന്നു സംശയം. യശ്വന്ത് ജയ്ന്‍ പാലക്കാട് വിട്ട ശേഷമാണ് കുട്ടികളുടെ രക്ഷിതാക്കള്‍ തിരികെ എത്തിയത്. സര്‍ക്കാര്‍ തയാറാക്കിയ തിരക്കഥയ്‌ക്കൊപ്പം ആ രക്ഷിതാക്കള്‍ക്ക് പ്രവര്‍ത്തിക്കേണ്ടിവന്നു.

ഇരയെ കൊലചെയ്ത ശേഷവും വീണ്ടും വീണ്ടും വേട്ടയാടി ആര്‍ത്തുല്ലസിക്കുന്ന വേട്ടമൃഗത്തിന്റെ മനസ്സാണ് ഇവിടെ പ്രകടമാകുന്നത്. കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ ഓര്‍ത്ത് കേരളം ഒന്നടങ്കം വിതുമ്പുകയും പ്രതിഷേധജ്വാലകള്‍ ഉയരുകയും ചെയ്യുമ്പോഴാണ് കേസ് നന്നായി നടത്താതെ, തെളിവുകള്‍ ഇല്ലാതാക്കി പ്രതികളെ രക്ഷിച്ചവര്‍ തുടരന്വേഷണത്തിന്റെ സാധ്യതകള്‍ കൂടി ഇല്ലാതാക്കാനുള്ള വഴികള്‍ തേടുന്നത്. ഒരു വിധേനെയും കുഞ്ഞുങ്ങളുടെ മരണത്തിനുത്തരവാദികളായവര്‍ വെളിച്ചത്തുവരരുതെന്ന് പലരും ആഗ്രഹിക്കുന്നു. അതിനായി എല്ലാ മാര്‍ഗവും സ്വീകരിക്കുന്നു. സ്‌നേഹത്തിന്റെ, സത്യത്തിന്റെ, കാരുണ്യത്തിന്റെ മഹദ്പാരമ്പര്യമാണ് ഇല്ലാതായത്. തല കുമ്പിട്ടു തന്നെ നില്‍ക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.