ശബരീശന്റെ നാട്ടിലെ ശബ്ദമാകാന്‍

Wednesday 12 February 2020 6:00 am IST

 

ബരിഗിരീശന്റെ നാട്ടില്‍, ശ്രീവല്ലഭന്റെ സവിധത്തി ല്‍ വലതുകാല്‍ വച്ചുകൊണ്ടു ജന്മഭൂമി ഇന്നു മധ്യതിരുവിതാംകൂറില്‍ ചുവടുറപ്പിക്കുകയാണ്. തിരുവല്ല ആസ്ഥാനമായ ശബരിഗിരി (പത്തനംതിട്ട) എഡിഷന്‍ ഇന്നു രാവിലെ കേന്ദ്രമന്ത്രി വി. മുരളീധരന്‍ നാടിനു സമര്‍പ്പിക്കുമ്പോള്‍, മലയാള നാടിന്റെ മുഖശ്രീയായ ജന്മഭൂമി ഒന്‍പതാം നാഴികക്കല്ലാണു പിന്നിടുന്നത്. കേരളത്തില്‍ എട്ടും കേരളത്തിനു പുറത്ത് ബെംഗളൂരുവില്‍ ഒന്നും എഡിഷന്‍. സഹനത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഉറച്ച കാലടിയാണ് തിരുവല്ലയില്‍ പതിയുന്നത്. ദേശീയതയില്‍ നിന്നു വ്യതിചലിക്കാതെ, പിന്നിട്ടുപോന്ന പാതകളിലെ അനുഭവങ്ങളില്‍ അടിയുറച്ച്, ദീര്‍ഘ വീക്ഷണത്തോടെയുള്ള  യാത്രയാണ് ജന്മഭൂമിക്ക് ഇത്. സാങ്കേതികവും സാമൂഹ്യവുമായ കാലിക മാറ്റങ്ങളോട് ക്രിയാത്മകമായി പ്രതികരിച്ചുകൊണ്ടുള്ള ഈ യാത്രയില്‍ ഒരിക്കല്‍പ്പോലും അടിപതറിയിട്ടില്ല. ആ ആത്മവിശ്വാസം ഞങ്ങള്‍ക്കു കരുത്തു പകരുന്നു. 

തീയില്‍ കുരുത്തു പ്രതിബന്ധങ്ങളിലൂടെ വളര്‍ന്ന്, പ്രഭാത ദിനപ്പത്രമെന്ന നിലയില്‍ 45 വര്‍ഷം പിന്നിടുന്ന 'ജന്മഭൂമി'യുടെ ചരിത്രത്തില്‍ പുതിയ അധ്യായമാണിത്. പ്രതിബന്ധങ്ങളോടും അടിച്ചമര്‍ത്തലുകളോടും ദൃഢനിശ്ചയത്തോടെ പൊരുതിക്കയറിയ വലിയൊരു ചരിത്രം അതിനുണ്ട്. വിയോജിപ്പിന്റെ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട അടിയന്തരാവസ്ഥക്കാലത്ത് അടച്ചുപൂട്ടപ്പെട്ട ഏക മലയാള ദിനപ്പത്രമാണു ജന്മഭൂമി. മുഖ്യപത്രാധിപരും പ്രസാധകനും ജയിലിലടയ്ക്കപ്പെട്ട ഒരേയൊരു മലയാള പത്രം. കിരാതവാഴ്ചയ്ക്കെതിരെ ജീവനക്കാര്‍ ഒറ്റക്കെട്ടായിത്തന്നെ പോരാടിയ ചരിത്രവുമുണ്ട് ഈ പത്രത്തിന്. കൂരിരുളിനെ അതിജീവിച്ച് 1977ല്‍ എറണാകുളത്തുനിന്ന് പുനഃപ്രസിദ്ധീകരണം തുടങ്ങി. '85ല്‍, ഇന്ന് കാണുന്ന ആസ്ഥാനത്തേക്ക് മാറിയപ്പോള്‍,  ഫോട്ടോ കമ്പോസിങ് എന്ന ആധുനിക സംവിധാനം നടപ്പാക്കിയ ആദ്യ മലയാള പത്രമായിരുന്നു ജന്മഭൂമി. 

1996ല്‍ കോഴിക്കോട് എഡിഷനിലൂടെ മലബാറില്‍ കാലുകുത്തി. കോട്ടയം (2005), തിരുവനന്തപുരം (2005), കണ്ണൂര്‍ (2008), തൃശൂര്‍ (2014), ബെംഗളൂരു (2017), കൊല്ലം (2018) എഡിഷനുകള്‍ പിന്നാലെ വന്നു. ഇന്നിപ്പോള്‍ തിരുവല്ലയും.

പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ടല്ലാതെ നിലനില്‍പ്പില്ലെന്നതു ലോക നിയമമാണ്. അതിനു കെല്‍പ്പില്ലാത്തതിനാല്‍ പ്രവര്‍ത്തനം നിലച്ച മാധ്യമങ്ങള്‍  കേരളത്തില്‍ത്തന്നെ പലതുണ്ട്. അതിനിടയിലും ജന്മഭൂമിയുടെ കാര്യം വ്യത്യസ്തമായി നില്‍ക്കുന്നു. ഭരണകൂട സംരക്ഷണമോ കോര്‍പ്പറേറ്റ് കരുത്തിന്റെ  പിന്‍ബലമോ ഇല്ലാതെ പ്രതിസന്ധികളുടെ നടുക്കടലില്‍നിന്ന് നീന്തിക്കയറിയ പാരമ്പര്യം മറ്റൊരു മലയാള പത്രത്തിനുമില്ല. ആത്മവിശ്വാസവും  ലക്ഷ്യബോധവും ആത്മാര്‍ഥതയും അര്‍പ്പണബോധവുമാണ് അതിന്റെ പ്രധാന മുതല്‍മുടക്ക്. പലരും വീണുപോയപ്പോള്‍ ജന്മഭൂമി പിടിച്ചു നിന്നു മുന്നേറുന്നത് മനക്കരുത്തുകൊണ്ടും നേരിന്റെ ശക്തികൊണ്ടുമാണ്. കാലഘട്ടത്തിന്റെ ആവശ്യമാണ് അതിന്റെ നിലനില്‍പ്പ്.

ഒന്‍പതാം ചുവട് തിരുവല്ലയില്‍ ഉറപ്പിക്കുമ്പോള്‍ പ്രത്യേകതകള്‍ പലതുണ്ട്. സമാനതകള്‍ക്കിടയിലും വൈവിധ്യങ്ങള്‍ നിറഞ്ഞ പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ കൈകോര്‍ത്തു പിടിച്ചു മുന്നോട്ടുനയിക്കേണ്ട ചുമതലയാണ് ജന്മഭൂമിക്ക്. ദേവചൈതന്യത്തിന്റെയും ആധ്യാത്മിക പാരമ്പര്യത്തിന്റെയും ചരിത്രത്തില്‍ സമാനതകളുണ്ട് രണ്ടു ജില്ലകള്‍ക്കും. ശബരിമല അയ്യപ്പനും പമ്പാഗണപതിയും ആറന്മുളയപ്പനും തിരുവല്ല ശ്രീവല്ലഭനും 

ചക്കുളത്തമ്മയും മലയാലപ്പുഴ ദേവിയും വെട്ടിക്കോട്ട് നാഗദൈവങ്ങളും അനുഗ്രഹം ചൊരിയുന്ന ജില്ലയാണു പത്തനംതിട്ട. അമ്പലപ്പുഴ ശ്രീകൃഷ്ണനും ചെട്ടികുളങ്ങര ഭഗവതിയും മണ്ണാറശാലയിലെ നാഗദൈവങ്ങളും ചേര്‍ത്തല കാര്‍ത്യായനി ഭഗവതിയും തുറവൂര്‍ നരസിംഹമൂര്‍ത്തിയും ആലപ്പുഴ ജില്ലയില്‍ വാണരുളുന്നു. ഹരിപ്പാട് ശ്രീരാമകൃഷ്ണാശ്രമവും അര്‍ത്തുങ്കല്‍,  എടത്വ ക്രിസ്തീയ ദേവാലയങ്ങളും ജില്ലയ്ക്ക് ആധ്യാത്മിക പരിവേഷം നല്‍കുന്നു. പരുമല, മഞ്ഞനിക്കര തീര്‍ഥാടന കേന്ദ്രങ്ങള്‍ ഇരു ജില്ലകള്‍ക്കും അനുഗ്രഹമായി  നിലകൊള്ളുന്നു. 

അതേസമയം, വൈവിധ്യങ്ങള്‍ ഏറെയാണ്. പടയണിപ്പാട്ടുകളുടെയും നാടന്‍പാട്ടുകളുടെയും പുഴകളുടെ ഒഴുക്കിന്റെയും താളമാണ് പത്തനംതിട്ടയുടെ ഹൃദയതാളം. ആലപ്പുഴയില്‍ ആ സ്ഥാനത്ത് വഞ്ചിപ്പാട്ടിന്റെയും തുഴകളുടെയും തിരമാലകളുടെയും താളമാണ്. മലമടക്കുകളും താഴ്വാരങ്ങളും സമതലങ്ങളും കാര്‍ഷിക ഗ്രാമങ്ങളുമാണു പ്രകൃതി പത്തനംതിട്ടയ്ക്കു നല്‍കിയത്. ആലപ്പുഴയ്ക്കു കിട്ടിയത് തീരദേശങ്ങളും തടാകങ്ങളും കനാലുകളും നെല്‍പ്പാടങ്ങളും. നാണ്യവിളകളുടെ ഭണ്ഡാരമായ പത്തനംതിട്ട ഭക്ഷ്യവിഭവങ്ങളുടെയും വിളനിലമാണ്. കുട്ടനാടന്‍ നെല്ലറയാണ് ആലപ്പുഴ. 'കിഴക്കിന്റെ വെനീസ്' എന്ന് പേരുകേട്ട മുന്‍കാല വാണിജ്യ കേന്ദ്രമായ ആലപ്പുഴയെ ഇന്നു കടല്‍പ്പൊന്നും കയറുത്പന്നങ്ങളും സമ്പന്നമാക്കുന്നു.  

കുഞ്ചന്റെ കളിത്തട്ടും ഇരയിമ്മന്‍ തമ്പിയുടെ കാവ്യലോകവും തകഴിയുടെ കഥാലോകവും വയലാര്‍ കവിതകളുടെ ഈണവും നാടിന്റെ ശില്‍പ്പിയായ രാജാ കേശവദാസിന്റെ സ്മരണകളും ആലപ്പുഴയുടെ ഗതകാല സൗരഭ്യമാണ്.  കേരളവര്‍മ വലിയകോയി തമ്പുരാന്റെ  മയൂരസന്ദേശത്തിന്റെ പശ്ചാത്തലം ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രമാണല്ലോ. മലയാള സിനിമയുടെ അഭിമാനമായിരുന്ന ഉദയ സ്റ്റുഡിയോ ആലപ്പുഴയുടെ മണ്ണിലാണു പി

റന്നു വളര്‍ന്നത്. രാഷ്ട്രീയത്തിലെ വിവിധ ചിന്താധാരകളിലേക്കായി പി. പരമേശ്വരന്‍ എന്ന പരമേശ്വര്‍ജി, എ.കെ. ആന്റണി, വി.എസ്. അച്യുതാനന്ദന്‍, കെ.ആര്‍. ഗൗരിയമ്മ തുടങ്ങിയവരെ ആലപ്പുഴ സംഭാവന ചെയ്തു.

ഐതിഹാസികമായ നിലയ്ക്കല്‍, ആറന്മുള സമരങ്ങളുടെ ഓര്‍മ പത്തനംതിട്ട ജില്ലയുടെ മനസില്‍ മാറാതെ കിടക്കുന്നുണ്ട്. അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തും അതിന്റെ ചുവടുപിടിച്ചു പമ്പാതീരങ്ങളിലും മറ്റും വളര്‍ന്നു വന്ന വിവിധ മത സമ്മേളനങ്ങളും മാരാമണ്‍ കണ്‍വന്‍ഷനും ജില്ലയ്ക്ക് ആധ്യാത്മിക ചൈത

ന്യം നല്‍കുന്നു. ശ്രീരാമകൃഷ്ണാശ്രമം അടക്കം ഹൈന്ദവ ആശ്രമങ്ങള്‍ പലതും  സ്ഥിതിചെയ്യുന്ന ഈ ജില്ലയില്‍ത്തന്നെയാണ് മാര്‍ത്തോമ്മാ സഭയുടെ ആസ്ഥാനവും. ആശ്ചര്യചൂഡാമണിയുടെ രചയിതാവായ ശക്തിഭദ്രന്‍ പിറന്ന മണ്ണാണ് പത്തനംതിട്ട ജില്ല. കണ്ണശ്ശ കവികളും മുലൂര്‍ എസ്. പത്മനാഭ പണിക്കര്‍, കടമ്മനിട്ട രാമകൃഷ്ണന്‍ തുടങ്ങിയവരും  ആ പാരമ്പര്യത്തിന്റെ തുടര്‍ച്ചക്കാരായി. കഥകളിയുടെയും മേളങ്ങളുടെയും സംഗീതത്തിന്റെയും പാരമ്പര്യം രണ്ടു ജില്ലയ്ക്കുമുണ്ട്.

അഭിമാനകരമായ ഈ പാരമ്പര്യത്തില്‍ ജന്മഭൂമിയും കണ്ണിചേരുകയാണ്. മഹാരഥന്മാരും കര്‍മ്മധീരരുമായ പത്രാധിപന്മാരുടെ ധര്‍മ്മബോധവും സത്യനിഷ്ഠയും മുറുകെപ്പിടിച്ച് നാടിന്റെ ശബ്ദമാകാന്‍ പുതിയ വിതാനങ്ങളിലേക്ക് പ്രവേശിക്കുകയാണ് ഞങ്ങള്‍. മുന്നോട്ടുള്ള യാത്രയില്‍ സമൂഹത്തിന്റെ ഒന്നാകെയുള്ള സഹകരണവും അനുഗ്രഹാശിസ്സുകളും പ്രതീക്ഷിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.