പൂരനഗരിയില്‍ താരസംഗമം; ജന്മഭൂമി പുരസ്‌കാരരാവില്‍ അക്കിത്തത്തിനും സേതുമാധവനും ആദരം

Saturday 20 July 2019 9:11 pm IST

തൃശൂര്‍: പൂരനഗരിയിലെ ജന്മഭൂമി പുരസ്‌കാരവേദിയില്‍ രണ്ട് മഹാപ്രതിഭകള്‍ക്ക് ആദരം. മലയാള ഭാഷയുടെ മഹാകവി അക്കിത്തത്തിനെയും സിനിമയിലെ മഹാപ്രതിഭ കെ.എസ്.സേതുമാധവനെയും ആദരിക്കാന്‍ രണ്ട് മഹാനടന്മാര്‍ ഒന്നിച്ചു. ജന്മഭൂമി ലജന്റ്‌സ് ഓഫ് കേരള പുരസ്‌കാരവേദിയില്‍ സിനിമയിലെ താരങ്ങള്‍ ഒത്തുകൂടിയപ്പോള്‍ പുരനഗരിക്കത് ആഹ്ലാദപ്പെരുമഴയായി. 

മഹാകവി അക്കിത്തത്തിന് ലജന്റ്‌സ് ഓഫ് കേരള പുരസ്‌കാരം മമ്മൂട്ടിയും സേതുമാധവന് സമഗ്രസംഭാവനക്കുള്ള  പുരസ്‌കാരം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് സമ്മാനിച്ചപ്പോള്‍ അത് അപൂര്‍വ്വതയുടെ വേദിയായി. കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍, സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.രാധാകൃഷ്ണന്‍, കല്യാണ്‍ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ എന്നിവരും സന്നിഹിതരായി. 

കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ നിലവിളക്ക് തെളിച്ചതോടെ പുരസ്‌കാരരാവ് മിഴിതുറന്നു. വിസ്മയക്കാഴ്ചയൊരുക്കിയ സിനിമാ പുരസ്‌കാരരാവില്‍ മികച്ച നടനുള്ള പുരസ്‌കാരം മോഹന്‍ലാലിന് സത്യന്‍ അന്തിക്കാട് സമ്മാനിച്ചപ്പോള്‍ തിങ്ങിനിറഞ്ഞ ആരാധകരുടെ ആവേശം വാനോളമുയര്‍ന്നു.  മമ്മൂട്ടിക്ക് ജന്മഭൂമിയുടെ ഉപഹാരം മോഹന്‍ലാല്‍ സമ്മാനിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം 'ഞാന്‍പ്രകാശ'ന്റെ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് നല്‍കി. 

മികച്ച നടിയായ നിമിഷ സജയന്‍, രണ്ടാമത്തെ മികച്ച നടന്‍ ജോജു ജോര്‍ജ്ജ്, രണ്ടാമത്തെ മികച്ച നടിയായ ലെന, മികച്ച ബാലതാരമായ മീനാക്ഷി എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി (സംവിധായകന്‍). ഷാഹി കബീര്‍ (തിരക്കഥാകൃത്ത്), ബി.ആര്‍. പ്രസാദ് (ഗാനരചയിതാവ്), കൈലാസ് മോനോന്‍ (സംഗീത സംവിധായകന്‍), കെ.എസ്. ഹരിശങ്കര്‍ (ഗായകന്‍), സിത്താര കൃഷ്ണകുമാര്‍ (ഗായിക), എസ്. കുമാര്‍ (ക്യാമറാമാന്‍), സുനില്‍ ബാബു (കലാസംവിധാനം), പ്രവീണ്‍ പ്രഭാകര്‍ (എഡിറ്റിങ്), പ്രമോദ് തോമസ് (ശബ്ദലേഖനം) എന്നിവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. മികച്ച ചിത്രത്തിനുള്ള ജന്മഭൂമി പുരസ്‌കാരം 'സുഡാനി ഫ്രം നൈജീരിയ'യുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് സമ്മാനിച്ചു. കൊമേര്‍ഷ്യല്‍ താത്പര്യത്തിനുപരി സിനിമയെ നല്ല സന്ദേശം നല്‍കാനുള്ള ഉപകരണമാക്കിയ യുവസംവിധായകര്‍ ശ്രീവല്ലഭനും യദുകൃഷ്ണനും അനുമോദനം ഏറ്റുവാങ്ങി.

എസ്. രമേശന്‍ നായര്‍ രചിച്ച് രമേശ്നാരായണന്‍ സംഗീതം നല്‍കിയ അവതരണഗാനത്തിന് ബിജു സേവ്യറുടെ കൊറിയോഗ്രാഫിയില്‍ രചന നാരായണന്‍കുട്ടിയുടെ ചുവടുകളോടെയാണ് പുരസ്‌കാരരാവിന് തുടക്കമായത്. താരങ്ങള്‍ അണിനിരന്ന സംഗീത- നൃത്തവിസ്മയവും ഹാസ്യതാരങ്ങള്‍ തീര്‍ത്ത ചിരിപ്പൂരവും പുരസ്‌കാരരാവിന്റെ മനം കവര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.