ജന്മാഷ്ടമി നാളില്‍ നാടു തേങ്ങുന്നു, ഇനി നിശ്ചലദൃശ്യം ആരു നിര്‍മ്മിക്കും

Tuesday 13 August 2019 2:05 pm IST

 

കോഴിക്കോട്: പ്രളയമഴയില്‍ ദുരിതമനുഭവിക്കുന്ന നാടിനെ കണ്ണീര്‍ മഴയിലാക്കിയിരിക്കുകയാണ് ലിനുവിന്റെ വേര്‍പാട്.  മഴക്കെടുതിയില്‍ പെട്ടവരെ രക്ഷപെടുത്തുന്നതിനിടയിലാണ്  സേവാഭാരതി പ്രവര്‍ത്തകനായ  ചെറുവണ്ണൂര്‍ എരഞ്ഞിരക്കാട് പൊന്നത്ത് ലിനു അപകടത്തില്‍ പെട്ടത്. നിരവധി പേരെ രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പില്‍ എത്തിച്ചശേഷം വീണ്ടും പോയപ്പോഴായിരുന്നു അപകടം. ഏതു പൊതുകാര്യത്തിനും ധൈര്യത്തോടെ മുന്നിട്ടറങ്ങുന്ന സ്വന്തം ലിനുവിന്റെ വേര്‍പടിന്റെ ആഘാതത്തില്‍ നിന്ന് മോചിതരാകന്‍ സഹപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല.

ഏറെ ദുഖിക്കന്നവര്‍ ചെറുവണ്ണൂര്‍ പ്രദേശത്തെ ബാലഗോകുലം പ്രവര്‍ത്തകരാണ്. ശ്രീകൃഷ്ണ ആഘോഷത്തിന്  താങ്ങായി ഒപ്പം നില്‍ക്കുന്ന ലിനുവേട്ടന്‍ ജന്മാഷ്ട്മി പടിവാതിക്കല്‍ എത്തിയപ്പോള്‍ വേര്‍പെട്ടത് അവര്‍ക്ക് താങ്ങാനാവുന്നില്ല. വര്‍ഷങ്ങളായി ഈ പ്രദേശത്തെ ശോഭായാത്രകള്‍ക്കുള്ള നിശ്ചലദൃശ്യം തയ്യാറാക്കിയിരുന്നത് ലിനുവായിരുന്നു. ഒരോ തവണയും വ്യത്യസ്തമായ നിശ്ചല ദൃശ്യങ്ങള്‍ തെരഞ്ഞെടുക്കുന്നത് മുതല്‍ തയ്യാറാക്കുന്നതുവരെ സ്വന്തം കാര്യമായി ഏറ്റെടുത്തു നടത്തിയിരുന്നു. കലാപരമായും വേഗത്തിലും നിശ്ചലചിത്രങ്ങള്‍ ഒരുക്കുന്നതില്‍ പ്രത്യേക കരവിരുതുതന്നെ ലിനുവിനുണ്ടായിരുന്നു.

വിവാഹത്തിനുള്ള തയ്യാറെടിപ്പിലായിരുന്നു ലിനു. പെണ്‍കുട്ടിയെ കണ്ട് പറഞ്ഞുറപ്പിച്ചിരുന്നു. ശ്രീകൃഷ്ണ ജയന്തിക്കുശേഷം നിശ്ചയം നടത്താനുള്ള ഒരുക്കത്തിലായിരുന്നു.

ചാലിയാര്‍ കര കവിഞ്ഞതോടെയാണ് ലിനുവും മാതാപിതാക്കളും കുടുംബാംഗങ്ങളും ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. എന്നാല്‍, ക്യാംപില്‍ തന്നെ കഴിഞ്ഞുകൂടാന്‍ സേവാഭാരതി പ്രവര്‍ത്തകനായ ലിനു തയ്യാറായില്ല. ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടു പോയ ഭാഗത്തേക്ക് യുവാക്കള്‍ രണ്ടു സംഘമായി രണ്ടു തോണികളിലായിട്ടാണ് പോയത്.രണ്ടു തോണികളിലും ഉള്ളവര്‍ കരുതിയത് ലിനു അടുത്ത തോണിയില്‍ ഉണ്ടാവും എന്നായിരുന്നു. എന്നാല്‍, തിരികെ എത്തിയപ്പോഴാണ് ലിനു തങ്ങള്‍ക്കൊപ്പമില്ലെന്ന സത്യം അവര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ലിനുവിന്റെ വീട് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ നേതൃത്വത്തില്‍ ബിജെപി സംഘം സന്ദര്‍ശിച്ചു. സേവാഭാരതി പ്രവര്‍ത്തകനായി എന്നതിനാല്‍ ലിനുവിന്റെ സേവനത്തെ കണ്ടില്ലന്ന് നടിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലന്ന് രമേശ് പറഞ്ഞു. ലിനുവിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.