ജാവയ്ക്ക് പട്ടാള നിറം, മോട്ടോര്‍ സൈക്കിളിന്റെ രജിസ്ട്രേഷൻ നിരോധിച്ചു, ആരാധകർ കടുത്ത നിരാശയിൽ
കൊച്ചി: പ്രമുഖ ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവ മോട്ടോര്‍ സൈക്കിളിന്റെ ഒരു വേരിയന്റിന് എറണാകുളത്ത് രജിസ്ട്രേഷന് നിഷേധിച്ചു. ആറ് നിറങ്ങളിലെത്തുന്ന ജാവ 42ന്റെ ഗലാക്ടിക് ഗ്രീന്‍ നിറമുള്ള മോഡലിനാണ് സൈനിക വാഹനങ്ങളുടെ നിറവുമായി സാമ്യമുണ്ട് ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പ് രജിസ്ട്രേഷന് നിഷേധിച്ചത്.
നീണ്ട 22 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായി കമ്പനി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. വില്‍പ്പനയിലും മുമ്പിലാണ് ജാവ. എന്നാല്‍ നിരാശാജനകമായ വാര്‍ത്തയാണ് ജാവ പ്രേമികളെ കാത്തിരിക്കുന്നത്. പച്ച നിറത്തിലുള്ള പുതിയ ജാവ 42 രജിസ്റ്റര്‍ ചെയ്യാനെത്തിയ ഉടമയോട് ഈ ബൈക്കിന് സൈനികരുടെ വാഹനങ്ങളുടെ നിറമാണെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. അതുകൊണ്ട് രജിസ്റ്റര്‍ ചെയ്യാന്‍ സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കി രജിസ്ട്രേഷന് നിഷേധിക്കുകയുമായിരുന്നുവെന്ന് ഓണ്‍ലൈന്‍ മാധ്യമമായ റഷ് ലൈൻ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയിലെ മോട്ടോര്‍ വാഹന നിയമ പ്രകാരം സാധാരണ ജനങ്ങളുടെ വാഹനങ്ങള്‍ക്ക് ഒലീവ് ഗ്രീന്‍ (ആര്‍മി ഗ്രീന്‍) നിറം നല്കാന് പാടില്ല. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ബൈക്കിന്റെ നിറം ഒലീവ് ഗ്രീന്‍ ആണെന്ന് കണ്ടെത്തിയെന്നും അതുകൊണ്ട് ഈ ബൈക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ജാവയുടെ എറണാകുളത്തെ ഡീലര്‍ഷിപ്പായ ക്ലാസിക് മോട്ടോഴ്സിന് കത്തും നല്കി. ഈ കത്തിന്റെ പകര്‍പ്പ് റഷ് ലൈന്‍ പുറത്തുവിട്ടു.
2018ന്റെ അവസാനമാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്ത് വീണ്ടും വിപണിയിലെത്തിച്ചത്. 1960കളിലെ പഴയ ജാവയെ ഓര്‍മിപ്പിക്കുന്ന രൂപഭാവങ്ങളോടെയായിരുന്നു് ജാവയുടെ രണ്ടാം വരവ്. പഴയ ക്ലാസിക് ടൂ സ്ട്രോക്ക് എന്ജിന് സമാനമായി ട്വിന്‍ എക്സ്ഹോസ്റ്റ് ആണ് പുതിയ ജാവകളുടെ പ്രധാന ആകര്‍ഷണം.
ജാവ പരേക്കില്‍ 334 സിസി എന്‍ജിനാണ്. മറ്റുരണ്ട് ബൈക്കുകളുടേത് 293 സിസി എന്‍ജിനും. ഈ 293 സിസി എന്ജിന് 27 എച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും.