പാര്‍ട്ടി അറിയാതെ എംഎല്‍എ ആശുപത്രി വാങ്ങിയത് ക്രമക്കേട് തന്നെ; ജി.എസ്. ജയലാലിനെതിരേ സിപിഐ നടപടി; തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നു നീക്കും

Monday 22 July 2019 4:18 pm IST

തിരുവനന്തപുരം: പാര്‍ട്ടി അറിയാതെ സഹകരണ സംഘം രൂപീകരിച്ചു സ്വകാര്യ ആശുപത്രി വാങ്ങിയ കൊല്ലത്തെ സി.പി.ഐ. എം.എല്‍.എ ജി.എസ്. ജയലാല്‍ നടത്തിയതു ക്രമക്കേടെന്ന് കണ്ടെത്തി പാര്‍ട്ടി. ഇതേത്തുടര്‍ന്ന് ജയലാലിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ഇന്നു ചേര്‍ന്ന സിപിഐ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതോടെ സംസ്ഥാന കൗണ്‍സില്‍ സ്ഥാനം അടക്കം പാര്‍ട്ടി പദവികളില്‍ നിന്നു ജയലാലിനെ ഒഴിവാക്കും. 

ജി.എസ്.ജയലാല്‍ എംഎല്‍എ അധ്യക്ഷനായ സാന്ത്വനം ഹോസ്പിറ്റല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി മേവറത്തു പ്രവര്‍ത്തിക്കുന്ന അഷ്ടമുടി എന്ന സ്വകാര്യ ആശുപത്രി വാങ്ങാന്‍ തീരുമാനിച്ചതാണ് വിവാദമായത്. വിലയായ അഞ്ചുകോടി രൂപയില്‍ ഒരു കോടി രൂപ മുന്‍കൂറായി നല്‍കി. ബാക്കി തുക കണ്ടെത്തെനായി സംഘത്തിന് ഓഹരി സമാഹരിക്കാന്‍ അനുവാദം തേടി സംസ്ഥാന നേതൃത്വത്തിനു ജയലാല്‍ കത്ത് നല്‍കി. അപ്പോഴാണു ആശുപത്രി വാങ്ങുന്ന കാര്യം ജില്ലയിലെ നേതാക്കള്‍ പോലും അറിയുന്നത്. സിപിഐയുടെ ഉടമസ്ഥതയിലുള്ള പൂട്ടിക്കിടക്കുന്ന അച്യുതമേനോന്‍ സ്മാരക സഹകരണ ആശുപത്രി വീണ്ടും തുറക്കുന്നതിന് ഓഹരി സമാഹരിക്കാന്‍ കൊല്ലം ജില്ലാ നേതൃത്വം ഔദ്യോഗികമായി തീരുമാനിച്ചിട്ടുണ്ട്. ഇതിനിടയിലുള്ള ജയലാലിന്റെ നീക്കതിനെതിരെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്. 

ആശുപത്രി വാങ്ങല്‍ വിവാദവുമായി ബന്ധപ്പെട്ട് ജി.എസ് ജയലാല്‍ എംഎല്‍എക്ക് പാര്‍ട്ടിയുടെ കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. എംഎല്‍എയോട് വിശദീകരണം തേടാന്‍ സിപിഐ നിര്‍വാഹക സമിതി തീരുമാനിച്ചിരുന്നു. ജയലാലിന്റെ വിശദീകരണം തൃപ്തികരമല്ലെന്നു കണ്ടെത്തിയാണു പാര്‍ട്ടി നടപടി. അതേസമയം, ജയലാലിന്റെ സാമ്പത്തിക സ്രോതസിനെപ്പറ്റി വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.