പ്രചോദനത്തിന്റെ ചന്ദ്രശോഭ

Saturday 8 February 2020 7:56 am IST

രാഷ്ട്രീയ സ്വയം സേവക സംഘത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച വെളിയത്തുനാട് ചന്ദ്രശേഖരന്റെ ഓര്‍മകള്‍ക്ക് ഫെബ്രുവരി 10 ന് അമ്പത് വയസ്സ്. കേരളത്തില്‍ സംഘപ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടം ഇല്ലാതിരുന്ന 1960 കാലഘട്ടില്‍ ആര്‍എസ്എസിന്റെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനാകുകയും സംഘത്തിന്റെ ഉന്നമനത്തിനായി പ്രയത്‌നിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. ആര്‍എസ്എസിനുണ്ടാകുന്ന വളര്‍ച്ചയില്‍ വിളറിപൂണ്ട കമ്യൂണിസ്റ്റുകാരുടെ പകപോക്കലിന് ഇരയായി. 1972 ഫെബ്രുവരി 10 നായിരുന്നു അത്.

സംഘാദര്‍ശത്തില്‍ നിന്നും വ്യതിചലിക്കാതെ ജീവിച്ച വെളിയത്തുനാട് ചന്ദ്രശേഖരന്റെ ആദര്‍ശത്തെ മനസ്സിലേറ്റി ആയിരക്കണക്കിന് സ്വയം സേവകര്‍ ഇന്നും സമാജപ്രവര്‍ത്തനം ജീവിതവ്രതമാക്കിയിരിക്കുന്നു. അതിനുദാഹരണമാണ് അദ്ദേഹത്തിന്റെ പേരിലുള്ള വെളിയത്തുനാട് ചന്ദ്രശേഖര ഫൗണ്ടേഷന്‍ എന്ന പേരില്‍ ട്രസ്റ്റ്.  ഫൗണ്ടേഷന്റെ പേരില്‍  പ്രവാസിസംഘസഹോദരന്മാരുടെ സഹായത്താല്‍  വിശ്വസേവാഭാരതിയുടെ  നേതൃത്വത്തില്‍ വെളിയത്തുനാട് ചെറിയത്ത് പണിതുയര്‍ത്തിയ വിദ്യാമന്ദിരം നാളെ  വൈകിട്ട് നാലിന് ആര്‍എസ്.എസ്. പ്രാന്ത സംഘചാലക്  പി.ഇ.ബി മേനോനും ആര്‍എസ്.എസ്. പ്രാന്ത കാര്യകാരി സദസ്യന്‍ എ.ആര്‍ മോഹനനും ചേര്‍ന്നു സമര്‍പ്പിക്കും. ആര്‍.എസ്.എസ് പ്രാന്തസഹകാര്യവാഹക് എം. രാധാകൃഷ്ണന്‍ അനുസ്മരണ സന്ദേശം നല്‍കും. പദ്മശ്രീ  ജേതാവ് എം. കെ. കുഞ്ഞോല്‍ മാഷിനെ ചടങ്ങില്‍ ആദരിക്കും. 

ആലുവ കിഴക്കേ വെളിയത്തുനാട് തടിക്കക്കടവ് വലിയ വീട്ടില്‍ ശങ്കുണ്ണി നായരുടെയും, അമ്മാളു അമ്മയുടേയും എട്ടു മക്കളില്‍ നാലാമനായിരുന്നു ചന്ദ്രശേഖരന്‍. 1960 കാലഘട്ടം വരെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകന്‍. 1960ല്‍  വെളിയത്തുനാട് തടിക്കടവില്‍ ലിഫ്റ്റ് ഇറിഗേഷനില്‍ ജോലിക്കായി എത്തി. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന രാജപ്പനിലൂടെ സംഘാദര്‍ശങ്ങള്‍ ചന്ദ്രശേഖരനും നെഞ്ചിലേറ്റി.  അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വെളിയത്തുനാട്ടില്‍ ഏതാനും യുവാക്കളെ സംഘടിപ്പിച്ച് ഹിന്ദുസമൂഹത്തിന്റെ ദയനീയാവസ്ഥ ഏവരേയും ബോധ്യപ്പെടുത്തി. പ്രസിദ്ധമായ വൈപ്പന്‍മനയില്‍ 1960-ല്‍ ആദ്യശാഖ ആരംഭിച്ചു. പിന്നീട് വൈപ്പന്‍ മനയുടെ അധീനതയിലായിരുന്ന ചെറിയത്ത് ക്ഷേത്രത്തിലേക്ക് സൗകര്യാര്‍ത്ഥം ശാഖ മാറ്റി. ജാതീയമായ വേര്‍തിരിവുകളും, ഉച്ചനീചത്വങ്ങളും മാറ്റി നിര്‍ത്തലുകളും, ശക്തമായ ഹിന്ദു സമൂഹത്തിന്റെ ഇടയിലേക്ക് വൈപ്പന്‍ ഇരവിരവി നമ്പൂതിരി, രാജപ്പന്‍, ചന്ദ്രശേഖരന്‍ എന്നിവര്‍ ഇറങ്ങി പ്രവര്‍ത്തിച്ചതിന്റെ ഫലമായി ചെറിയത്ത് -ആറ്റിപ്പുഴ, അടുവാത്തുരുത്ത് -ആലുങ്ങല്‍, കാരുകുന്ന്, രാമപുരം എന്നീ സ്ഥലങ്ങളില്‍ സംഘശാഖകള്‍ ആരംഭിച്ചു. 

ഹൈന്ദവ സമൂഹം ഒന്നിച്ചപ്പോള്‍ ചിലശക്തികള്‍ സംഘ പ്രവര്‍ത്തനത്തെ സംഘടിതമായി എതിര്‍ത്തു. സംഘര്‍ഷങ്ങള്‍ ഉണ്ടായി.  എന്നാല്‍ വെളിയത്തുനാട് ചന്ദ്രശേഖന്‍ എന്ന ചന്ദ്രന്‍ചേട്ടന്റെ മനഃശക്തിയും കായിക ശക്തിയും അക്രമകാരികളെ നിഷ്പ്രഭരാക്കി. 1964-ല്‍ വൈപ്പന്‍ മന ഇല്ലത്തുവച്ച് രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ ഒരാഴ്ച ത്തെ പ്രാഥമിക ശിക്ഷണശിബിരം നടത്തി.  ചന്ദ്രശേഖരന്‍ സംഘത്തിന്റെ തൃത്വീയ സംഘശിക്ഷാവര്‍ഗ് 1964ല്‍  പൂര്‍ത്തിയാക്കി. എറണാകുളം ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എന്ന ചുമതലയില്‍ പ്രവര്‍ത്തിച്ച്  എല്ലാ പ്രശ്‌നമേഖലയിലും സഞ്ചരിച്ച് സംഘടനയ്ക്ക് അടിത്തറ പാകി, ശാഖകള്‍ ആരംഭിച്ചു. അദ്ദേഹത്തിന്റെ ആത്മശുദ്ധിയും സംഘടന പാടവവും ശാരീരിക ക്ഷമതയും വ്യക്തിപ്രഭാവവും ഓരോ സ്വയംസേവകനും ഊര്‍ജ്ജസ്രോതസ്സായി മാറി.

കര്‍ഷകുടുംബത്തില്‍ ജനിച്ച വെളിയത്തുനാട് ചന്ദ്രശേഖരന്‍  കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും മാതൃകയും പ്രചോദനവുമായിരുന്നു. 1972 ഫെബ്രുവരി 10ന് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ പറവൂര്‍ കൈതാരം ശാഖ കമ്മ്യൂണിസ്റ്റുകാര്‍ ആക്രമിക്കും എന്ന സന്ദേശം ചന്ദ്രശേഖരന് ലഭിച്ചു. അദ്ദേഹം കൈതാരം ശാഖയില്‍ എത്തി. ശാഖയില്‍ പങ്കെടുക്കുന്ന സമയം നൂറിലേറെ ആയുധധാരികള്‍ സംഘസ്ഥാന്‍(ശാഖ നടത്തുന്ന സ്ഥലം) വളഞ്ഞ് അക്രമിച്ചു.  ചന്ദ്രശേഖരന്റെ  നേതൃത്വത്തില്‍ സംഘപ്രവര്‍ത്തകര്‍ അക്രമികളെ നേരിട്ടു. ഇതിനിടെ അക്രമികള്‍ ചന്ദ്രശേഖരനെ പിന്നില്‍ നിന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അമ്പതു വര്‍ഷം പിന്നിട്ടുമ്പോഴും ഇന്നും ഈ ഗ്രാമം മുടക്കം വരുത്താതെ ചന്ദ്രശേഖരനെ സ്മരിക്കുന്നു എന്നതുതന്നെയാണ് അദ്ദേഹത്തിനുള്ള ശ്രദ്ധാഞ്ജലി.  

(വിശ്വസേവാഭാരതി ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.