'ജയരാജനെ കൊല്ലാന്‍ ക്വട്ടേഷന്‍': പാര്‍ട്ടിയില്‍ ആശങ്ക, ആശയക്കുഴപ്പം

Sunday 18 March 2018 12:58 pm IST
"undefined"

 

കൊച്ചി: സിപിഎം നേതാവ് പി. ജയരാജനെ വധിക്കാന്‍ പദ്ധതിയെന്ന പോലീസ് റിപ്പോര്‍ട്ടും സംരക്ഷണവും സര്‍ക്കാരിനെയും പോലീസിനെയും പാര്‍ട്ടിയേയും പ്രതിക്കൂട്ടിലാക്കുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ വധിക്കാന്‍ വാടകക്കൊലയാളിയെ നിയോഗിച്ചിട്ടുണ്ടെന്ന പോലീസ് കണ്ടെത്തലും സംരക്ഷണം കൊടുക്കണമെന്ന് കണ്ണൂര്‍ ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും അറിയിപ്പും പോയിരിക്കുന്നതിനും പിന്നില്‍ ചില ആസൂത്രണങ്ങള്‍ ഉണ്ടെന്ന സംശയം ദൃഢമായിരിക്കുന്നു.

ജയരാജനെ വധിക്കാന്‍ 'ക്വട്ടേഷന്‍' കൊടുത്തിരിക്കുന്നുവെന്നും ദൗത്യം വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസിലെ പ്രതി പ്രനൂപാണ് ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും വരെ പോലീസ് പറയുന്നു. എങ്കില്‍പ്പിന്നെ എന്തുകൊണ്ട് പ്രനൂപിനെ പിടികൂടി, പോലീസ് പറയുന്നപോലെ കൊല്ലാന്‍ കരാര്‍ കൊടുത്ത ബിജെപി-ആര്‍എസ്എസ് നേതാക്കളെ അറസ്റ്റ് ചെയ്ത് കേസെടുക്കാന്‍ തയാറാകുന്നില്ല എന്ന ചോദ്യത്തിന് ആര്‍ക്കും മറുപടിയില്ല. 

ക്വട്ടേഷനെക്കുറിച്ച് പ്രതികരിക്കാന്‍ പി. ജയരാജന്‍ തയാറായില്ല. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും പ്രതികരിച്ചിട്ടില്ല. ഈ പോലീസ് വെളിപ്പെടുത്തലിനെക്കുറിച്ച് ആഭ്യന്തരവകുപ്പോ, മുഖ്യമന്ത്രിയോ പ്രതികരിച്ചിട്ടില്ല. പാര്‍ട്ടിയില്‍ തന്നെ ഒതുക്കിയിരുത്താന്‍ ചിലര്‍ നടത്തിയ പരിശ്രമങ്ങളുടെ പുതിയ പതിപ്പാണിതെന്നു ജയരാജന്‍ സംശയിക്കുന്നതായും ചില പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നു. 

അതേസമയം, സിപിഎമ്മും പോലീസും ചേര്‍ന്നു നടത്തുന്ന നാടകമാണിതെന്ന് ബിജെപി മുന്‍ അദ്ധ്യക്ഷന്‍, രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ട വി. മുരളീധരന്‍ പറഞ്ഞു. ജയരാജനെ മഹത്വവല്‍ക്കരിക്കാനും ഷുഹൈബ്‌വധക്കേസില്‍ തകര്‍ന്ന പാര്‍ട്ടി പ്രതിച്ഛായ തിരിച്ചു പിടിക്കാനും ഈ പേരില്‍ നാട്ടില്‍ കലാപമുണ്ടാക്കാനും ലക്ഷ്യമിട്ടാണ് ഈ കളികള്‍, മുരളീധരന്‍ പറഞ്ഞു.

സിപിഎമ്മിനുള്ളിലും ഈ പോലീസ് പ്രഖ്യാപനത്തെ ചൊല്ലി ആശയക്കുഴപ്പങ്ങളും ആശങ്കകളും ഉയര്‍ന്നിരിക്കുകയാണ്. 

(ഇലസ്‌ട്രേഷന്‍: രാജേന്ദ്രന്‍, ഫേസ്ബുക്)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.