മോദി ചെയ്യുന്നത് മുന്‍കാലങ്ങളില്‍ ആരും ചെയ്യാത്ത കാര്യങ്ങള്‍; പ്രധാനമന്ത്രിയുടെ പദ്ധതികള്‍ക്ക് ലഭിക്കുന്നത് വലിയ അംഗീകാരം; കോടിക്കണക്കിന് ജനങ്ങളെ ആകര്‍ഷിക്കുന്ന നേതാവ്; കോണ്‍ഗ്രസിനെ പോലും ഞെട്ടിച്ച് നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് ജയറാം രമേശ്

Friday 23 August 2019 11:49 am IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. മോദിയെ എപ്പോഴും പഴിക്കുന്നത് നല്ല കാര്യമല്ല. 2014നും 2019നും ഇടയില്‍ മോദി നടത്തിയ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കേണ്ട സമയമായി. ആ പ്രവര്‍ത്തനം കൊണ്ടാണ് 30 ലേറെ ശതമാനം വോട്ടര്‍മാരുടെ പിന്തുണയുമായി അദ്ദേഹം അധികാരത്തിലെത്തിയതെന്നും ജയറാം രമേശ് പറഞ്ഞു.'മോദിയുടെ ഭാഷ ജനങ്ങളുമായി സംവേദിക്കാന്‍ ശേഷിയുള്ളതാണ്. മുന്‍ കാലങ്ങളില്‍ ചെയ്യാത്ത കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. ഈ വസ്തുത അംഗീകരിച്ചില്ലെങ്കില്‍ അദ്ദേഹത്തെ നേരിടാന്‍ കഴിയില്ലെന്നും ജയറാം രമേശ്. കോണ്‍ഗ്രസ് കേന്ദ്രങ്ങളെ പോലും അമ്പരിപ്പിച്ചാണ്  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനശൈലിക്ക് അംഗീകാരവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രി ജയറാം രമേശ് രംഗത്തെത്തിയത്. ദല്‍ഹിയില്‍ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തിയുള്ള ജയറാം രമേഷിന്റെ പ്രസ്താവന

 ഭരണത്തില്‍ അദ്ദേഹം കാണിക്കുന്ന ചില സവിശേഷതകളെ രാഷ്ട്രീയ നേതൃത്വം അംഗീകരിക്കേണ്ടതുണ്ട്. ഭരണത്തിന്റെ രാഷ്ട്രീയം തീര്‍ത്തും വ്യത്യസ്തമാണ്. 2014 മുതല്‍ 2019 വരെയുള്ള മോദിയുടെ ഭരണത്തെ വിശദമായി വിലയിരുത്തേണ്ട സമയമാണിത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 37.4 ശതമാനം വോട്ടാണ് ബിജെപിയ്ക്ക് ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 45 ശതമാനം വോട്ടുകളാണ് എന്‍ഡിഎ മൊത്തത്തില്‍ നേടിയെടുത്തത്. ഇതിന് കാരണം മോദിയാണ്.

മോദിയുടെ ഭരണ രീതിയില്‍ നിന്നുണ്ടായ സാമൂഹ്യ ബന്ധങ്ങളും തീര്‍ത്തും ഭിന്നമാണെന്നും അദ്ദേഹം പറഞ്ഞു. ഇ 2019ല്‍ നമ്മള്‍ എല്ലാവരും അദ്ദേഹത്തിന്റെ പദ്ധതികളെ കളിയാക്കുകയായിരുന്നു. എന്നാല്‍ പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന എന്ന പദ്ധതിയ്ക്ക് വലിയ അംഗീകാരമാണ് ജനങ്ങളില്‍ നിന്ന് കിട്ടിയത്. കോടികണക്കിന് ജനങ്ങളെ ആകര്‍ഷിക്കാന്‍ ആ പദ്ധതിയ്ക്ക് കഴിഞ്ഞു. ഇതിനെയൊക്കെ തള്ളികൊണ്ട് നമുക്ക് അദ്ദേഹത്തെ നേരിടാന്‍ കഴിയില്ല. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയെകുറിച്ചാണ് തെരഞ്ഞെടുപ്പ് വേളയില്‍ നമ്മള്‍ പറഞ്ഞത്. എന്നാല്‍ ഇതിന് ഉത്തരവാദിയായി ജനങ്ങള്‍ മോദിയെ കാണുന്നില്ല. അതാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.