സിനിമാലോകത്ത് നിന്ന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ല; ജെ.സി. ഡാനിയേലിന് ഇടംതേടി മകന്‍ ഹാരിസ്

Saturday 9 November 2019 3:00 pm IST

കോട്ടയം: 'വിഗതകുമാരന്' ജന്മം നല്‍കിയ ജെ.സി. ഡാനിയേലിനോട് സര്‍ക്കാരോ സാംസ്‌കാരിക ലോകമോ കനിവ് കാണിക്കുമോ?. ആറാം വയസിലെ അറിവില്ലായ്മയിലൂടെ ഡാനിയേലിന്റെ സ്വപ്‌ന സാക്ഷാത്കാരമായ സിനിമയെ അഗ്നിയില്‍ അലിയിപ്പിച്ച ഇളയ മകന്‍ ഹാരിസ് ഡാനിയേലാണ് അച്ഛന്റെ ഒരു പ്രതിമ സ്ഥാപിക്കാനുള്ള അനുമതിക്കായി സര്‍ക്കാരില്‍ പ്രതീക്ഷവച്ച് കഴിയുന്നത്.

ജെ.സി. ഡാനിയേല്‍ ഫൗണ്ടേഷന്‍ മീഡിയ സെന്ററിന്റെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ശില്‍പം കഴിഞ്ഞദിവസം കോട്ടയത്ത് നടന്ന ചടങ്ങില്‍ അനാവരണം ചെയ്തു. പക്ഷേ, സ്ഥാപിക്കാനായില്ല. കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിട്യൂട്ട് ഉള്‍പ്പെടെ, പല സ്ഥലങ്ങളും ജെ.സി. ഡാനിയേല്‍ ഫൗണ്ടേഷൻ അധികൃതര്‍ക്ക് മുന്നില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിരവധി നിവേദനങ്ങളും നല്‍കി. എന്നാല്‍, നടപടികള്‍ മാത്രം ഉണ്ടായില്ല. 

വിഗതകുമാരൻ സിനിമയുടെ ഫിലിം റോൾ സൂര്യപ്രകാശത്തിൽ നോക്കുന്ന നാൽപ്പതുകാരനായ ഡാനിയേലിനെയാണ് ഷാജി വാസനെന്ന ശിൽപ്പി രൂപപ്പെടുത്തിയിരിക്കുന്നത്. ഐസിയില്‍ നിന്ന് ഓഫീസര്‍ തസ്തികയില്‍ വിരമിച്ച 84കാരനായ ഹാരീസ് ഡാനിയേലിനെ സംബന്ധിച്ച് പശ്ചാത്താപവും, പ്രായശ്ചിത്തവും കൂടിയാണ് അച്ഛന്റെ ശില്‍പം 

സ്ഥാപിക്കലിലുടെ പ്രതീക്ഷിക്കുന്നത്. മലയാള സിനിമയുടെ പിതാവായി അറിയപ്പെടുന്ന ജെ.സി. ഡാനിയേലിന്റെ ഒരു ശില്‍പം കലാകേരളത്തിന്റെ മണ്ണില്‍ ഉയര്‍ന്നുനില്‍ക്കുന്നതിന് അവസരമുണ്ടാക്കാന്‍ ആരും മുതിര്‍ന്നില്ല. ഒടുവില്‍ മകന്‍ തന്നെ വേണ്ടിവന്നു. 

1928 നവംബര്‍ ഏഴിനാണ് 'വിഗതകുമാരന്‍' എന്ന  ആദ്യമലയാള ചിത്രത്തിന്റെ ആദ്യ  പ്രദര്‍ശനം തിരുവനന്തപുരത്തെ ക്യാപ്പിറ്റോള്‍ തീയറ്ററില്‍ നടന്നത്. ചലച്ചിത്രമേഖലയ്ക്ക് സമഗ്രസംഭാവനകള്‍ നല്‍കുന്നവര്‍ക്കായി 1992മുതല്‍ ജെ.സി. ഡാനിയേലിന്റെ പേരില്‍ സര്‍ക്കാര്‍ ഒരു പുരസ്‌കാരവും ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ കനിഞ്ഞാല്‍ ജെ.സി. ഡാനിയേലും മലയാളിയുടെ മുന്നിലേക്ക് തലയുയര്‍ത്തി എത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.