രക്തസാക്ഷിയായ ജിഷ്ണു പ്രണോയിയെ തള്ളി സിപിഎം; ദേശാഭിമാനി ബ്യൂറോ ഉദ്ഘാടനത്തിന് മരണത്തില്‍ പ്രതിസ്ഥാനത്തുള്ള നെഹ്രു ഗ്രൂപ്പിന്റെ മേധാവി

Friday 12 July 2019 8:29 pm IST

കോയമ്പത്തൂര്‍: ദേശാഭിമാനിയുടെ കോയമ്പത്തൂര്‍ ബ്യൂറോ ഉദ്ഘാടനത്തിന് ആശംസയറിയിക്കുന്നത് എസ്എഫ്‌ഐ പ്രവര്‍ത്തകനായ ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതിസ്ഥാനത്തുള്ള നെഹ്റു കോളേജ് മാനേജ്മെന്റ് സി.ഇ.ഒ. ജൂലൈ 14ന് കോയമ്പത്തൂര്‍ ഗാന്ധിപുരത്ത് നടക്കുന്ന പരിപാടിയില്‍ ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി രാജീവാണ് മുഖ്യപ്രഭാഷണം നടത്തുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ നെഹ്റു ഗ്രൂപ്പ് സിഇഒ പി കൃഷ്ണകുമാര്‍ ആശംസയറിയിക്കുമെന്നുള്ള നോട്ടീസ് പുറത്തായതോടെയാണ് വിവാദംപ ഉണ്ടായത്. ജിഷ്ണു കേസില്‍ മാനേജ്മെന്റിന് എതിരായി സാക്ഷി പറഞ്ഞ വിദ്യാര്‍ത്ഥികളെ തോല്‍പ്പിച്ച് പക വീട്ടുകയാണെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ നെഹ്റു കോളേജില്‍ സമരം ആരംഭിച്ച ഉടനാണ് പാര്‍ട്ടിയുടെ മുഖപത്രം നെഹ്രു ഗ്രൂപ്പ് സിഇഒയ്ക്ക് വേദി നല്‍കിയത്. നെഹ്രു ഗ്രൂപ്പ് അധികൃതരെ പിന്തുണച്ച് നേരത്തെ സിപിഎം നേതാവും ഷൊര്‍ണൂര്‍ എംഎല്‍എയുമായ പികെ ശശി പ്രസംഗിച്ചത് വിവാദമായിരുന്നു. പികെ ശശിക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പാമ്പാടി നെഹ്രു എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജിഷ്ണുവിന് കോളേജ് അധികൃതരില്‍ നിന്ന് പീഡനവും ഭീഷണിയും നേരിടേണ്ടി വന്നതായി വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തിയിരുന്നു. കോളേജില്‍ ഇടിമുറിയും രക്തക്കറയും കണ്ടെത്തുകയും ചെയ്തു. ദേശാഭിമാനിയുടെ നിലപാടിനെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പര്യമായി രംഗത്ത് എത്തിയിട്ടുണ്ട്. നെഹ്റു ഗ്രൂപ്പ് സിഇഒ പി കൃഷ്ണകുമാറിനെ പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.