ശബരിമലയില്‍ അഴിഞ്ഞാടിയ സര്‍ക്കാര്‍ മരടില്‍ സംരക്ഷിക്കുന്നത് സിപിഎം ബിനാമികളെ; ഹോളി ഫെയിത്തില്‍ പിണറായിയുടെ മാധ്യമ ഉപദേശകന്‍ ജോണ്‍ ബ്രിട്ടാസിനും ഫ്ളാറ്റ്‌; പിന്നില്‍ കള്ളപ്പണ ഇടപാടും നികുതിവെട്ടിപ്പും

Friday 20 September 2019 8:33 pm IST

കൊച്ചി: മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന് സുപ്രീം കോടതിയുടെ കര്‍ശനനിര്‍ദേശത്തില്‍ പിണറായി സര്‍ക്കാര്‍ അടയിരിക്കുന്നത് പാര്‍ട്ടിയിലെ ഉന്നതന്‍മാരെസംരക്ഷിക്കാന്‍. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകന്‍ ജോണ്‍ ബ്രിട്ടാസ് അടക്കമുള്ളവര്‍ക്ക് പൊളിക്കേണ്ട കെട്ടിടങ്ങളില്‍ ഫ്ളാറ്റുകളുണ്ട്‌. ഈ ഫ്‌ളാറ്റുകള്‍ സംരക്ഷിക്കാനാണ് പിണറായി സര്‍ക്കാര്‍ വിധിയില്‍ ഉരുണ്ട് കളിക്കുന്നത്. ഹോളി ഫെയിത്ത് ബില്‍ഡിങ്ങിലാണ് പാര്‍ട്ടി ചാനല്‍ മേധാവിക്ക് ഫ്ളാറ്റുള്ളത്. ഇതിന് പുറമെ ഫ്‌ളാറ്റുകള്‍ വിറ്റുപോകുന്നതിനും ഉപകാരസ്മരണക്കുമായി പാര്‍ട്ടിയിലെ പലര്‍ക്കും കുറഞ്ഞ തുകയ്ക്ക് ബില്‍ഡര്‍മാര്‍ ഫ്‌ളാറ്റുകള്‍ അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ ഫ്‌ളാറ്റുകള്‍ അനുവദിച്ചത് കൈയ്യേറ്റം വെളുപ്പിച്ച് എടുക്കാന്‍ വേണ്ടിയായിരുന്നു. സിപിഎമ്മിലെ പല ഉന്നതരും ബിനാമി പേരുകളില്‍ മരടില്‍ ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഫ്‌ളാറ്റുകള്‍ പലതും ഗണ്യമായി വിലകുറച്ച് കാണിച്ചാണ് വാങ്ങിയിരിക്കുന്നത്. ഇതിന് പിന്നില്‍ കള്ളപ്പണ ഇടപാടും പ്രത്യക്ഷമായ നികുതിവെട്ടിപ്പും നടന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 

ഇതുകൊണ്ടാണ് ശബരിമലയില്‍ കാണിച്ച പിടിവാശി മരട് വിഷയത്തില്‍ പിണറായി കാണിക്കാത്തത്. ലക്ഷക്കണക്കിന് ഭക്തര്‍ സുപ്രീംകോടതി വിധിക്കെതിരെ രംഗത്തുവന്നിട്ടും ഒരു ചര്‍ച്ചയ്ക്ക് പോലും സര്‍ക്കാര്‍ തയാറായിരുന്നില്ല. എന്നാല്‍, മരടില്‍ സിപിഎമ്മിന്റെ സില്‍ബന്തികളെ സംരക്ഷിക്കാന്‍ പിണറായി സര്‍വ്വകക്ഷിയോഗം അടക്കം നടത്തി സുപ്രീംേകാടതിയുടെ തന്നെ വിധിയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

അതേസമയം, മരട് ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്നും, സുപ്രീം കോടതി വിധി നടപ്പാക്കണമെന്നുമാവശ്യപ്പെട്ട് സിപിഐ പ്രത്യക്ഷ സമരത്തിനി ഇറങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കൂടുതല്‍ വെട്ടിലാക്കി.   സുപ്രീം കോടതി കേസ് പരിഗണിക്കുന്ന 23 നാണ് സമരം. സി.പി.ഐ ജില്ലാ നേതൃത്വം സംഘടിപ്പിക്കുന്ന സായാഹ്ന ധര്‍ണ ജില്ലാ സെക്രട്ടറി പി രാജു ഉദ്ഘാടനം ചെയ്യും. 

മരട് കേസില്‍ വിധി നടപ്പാക്കുന്നതില്‍ വീഴ്ച്ച പറ്റിയിട്ടുണെങ്കില്‍ മാപ്പ് നല്‍കണമെന്ന അപേക്ഷയുമായി ചീഫ് സെക്രട്ടറി ടോം ജോസ് ഇന്നു സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി നല്‍കിയ സമയപരിധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്ന് ചീഫ് സെക്രട്ടറി സുപ്രീം കോടതിയോട് മാപ്പ് അപേക്ഷിച്ചത് . വിധി നടപ്പാക്കാന്‍ നടപടികള്‍ ആരംഭിച്ചതായി വ്യക്തമാക്കിയ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും അപേക്ഷിച്ചു. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് നേരത്തെ കോടതി അന്ത്യശാസനം നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.