ജുഡീഷ്യറിയെ രാഷ്ട്രീയവല്‍ക്കരിക്കുന്നവരോട്

Sunday 13 May 2018 2:30 am IST

സുപ്രീംകോടതി ജഡ്ജിമാര്‍ ദന്തഗോപുര വാസികളാണെന്നും ജനാധിപത്യത്തില്‍ ജനങ്ങളുടെ ശബ്ദത്തിനാണ് പ്രാമാണ്യം എന്നും ആവര്‍ത്തിച്ച് പറഞ്ഞിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു പക്ഷേ ഒരിക്കലും സുപ്രീംകോടതിയുടെ മാന്യതയെയോ വിശ്വാസ്യതയെയോ ഇകഴ്ത്തിക്കാട്ടുവാന്‍ ശ്രമിച്ചിട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ മകള്‍ പ്രധാനമന്ത്രി ആയപ്പോള്‍ അസൗകര്യം നേരിട്ടപ്പോളൊക്കെത്തന്നെ ജുഡീഷ്യറിയെ കടന്നാക്രമിച്ച് ഭയപ്പെടുത്താനും നിലയ്ക്കുനിര്‍ത്തുവാനും ശ്രമിച്ചു എന്നുള്ളത് ചരിത്രത്തിന്റെ ഭാഗമാണ്. കേശവാനന്ദഭാരതി കേസില്‍ സര്‍ക്കാരിനെതിരായി വിധി പ്രസ്താവിച്ച മൂന്ന് ജഡ്ജിമാരെ മറികടന്ന് തനിക്ക് പ്രിയപ്പെട്ട  ജഡ്ജിയെ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ആക്കിയത് ആര്‍ക്കും മറക്കാനാകില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുതന്നെ അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവച്ചപ്പോഴാണ്. പിന്നീട് ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെട്ട ജസ്റ്റിസ് ഖന്നയെ ചീഫ് ജസ്റ്റിസ് പദവി നല്‍കാതെ അപമാനിച്ചു. ആത്മാഭിമാനമുള്ള അദ്ദേഹം രാജിവച്ച് പുറത്തുപോയ സംഭവം ജുഡീഷ്യറിയെ വീക്ഷിക്കുന്നവര്‍ മറന്നുകാണാന്‍ വഴിയില്ല. അടിയന്തരാവസ്ഥക്കാലത്ത് നിര്‍ഭയം വിധിന്യായങ്ങളെഴുതിയ പതിനഞ്ചിലധികം ജഡ്ജിമാരെ വിവിധ ഹൈക്കോടതികളിലേക്ക് സ്ഥലം മാറ്റിയതും ഈ രാജ്യത്തെ ജനങ്ങള്‍ മറന്നുകാണാന്‍ ഇടയില്ല.

അന്നൊക്കെ ഈ നടപടികളെ ശക്തിയുക്തം ന്യായീകരിച്ച്, ജനങ്ങളാണ് പരമാധികാരികളെന്ന് വിളിച്ചുകൂവുകയും, അടിയന്തരാവസ്ഥ ജനനന്മയ്‌ക്കെന്ന് ചുമരായ ചുമരുകളിലെല്ലാം എഴുതിവയ്ക്കുകയും ചെയ്തവരെ ഇന്നും ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വിധി പ്രസ്താവിച്ച ജഡ്ജിമാരെ പ്രതീകാത്മകമായി നാടുകടത്തിയവരും ഇന്നും രാഷ്ട്രീയ രംഗത്തുണ്ട്. ശുംഭന്‍ വിളിയെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ.

ഈ വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ പെട്ടെന്ന് എന്തുപറ്റി? പണ്ടില്ലാത്തൊരു പ്രതിപത്തി ജുഡീഷ്യറിയോട് ഇക്കൂട്ടര്‍ പ്രകടിപ്പിക്കുന്നത് എന്തിനുവേണ്ടിയാണ്? ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ മുഴുവന്‍ അപകടത്തിലായി എന്ന അടിസ്ഥാനരഹിതമായ കുപ്രചാരണം ഈ വിഭാഗക്കാര്‍ നടത്തുന്നതിന്റെ പിന്നിലുള്ള ചേതോവികാരം എന്താണ്? ഉത്തരം വ്യക്തമാണ്. രാഷ്ട്രീയരംഗത്തെ അവരുടെ ഗതികേട് മറച്ചുപിടിക്കാന്‍ ജുഡീഷ്യറിയെന്ന വൈക്കോല്‍ തുരുമ്പുകൊണ്ട് രക്ഷപ്പെടാമെന്ന മായാവ്യാമോഹത്തില്‍ അകപ്പെട്ടപോലെയുണ്ട് അവര്‍. അല്ലെങ്കില്‍ ജുഡീഷ്യല്‍ സംവിധാനം അടിച്ചമര്‍ത്തലിന്റെ ഉപകരണമാണെന്ന് പ്രചരിപ്പിച്ചവര്‍ക്ക് ഇത്ര പെട്ടെന്ന് മനംമാറ്റം ഉണ്ടാകാന്‍ സാധ്യതയില്ലല്ലോ. ചുരുക്കത്തില്‍ ജുഡീഷ്യറി അപകടത്തില്‍ എന്ന മുദ്രാവാക്യം മതം അപകടത്തില്‍ എന്ന് ഒരുകാലത്ത് കേട്ടിരുന്നപോലെയാണെന്ന് ജനങ്ങള്‍ ധരിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല.

എന്താണീ കൂട്ടര്‍ക്ക് ചൂണ്ടിക്കാണിക്കാനുള്ളത്? സുപ്രീംകോടതിയിലേക്കുള്ള നിയമനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കീഴ്‌വഴക്കങ്ങളുടെ പിന്‍ബലത്തോടെ ചില വാദമുഖങ്ങള്‍ നിരത്തി. ഇത് വ്യക്തിപരമായ പ്രേരണ മുഖേനയെന്ന് പ്രചരിപ്പിച്ച് മതപക്ഷപാതത്തിന്റെ പാപഭാരംകൂടി കേന്ദ്രസര്‍ക്കാരിന്റെമേല്‍ കെട്ടിവയ്ക്കാനാണ്, വസ്തുതകള്‍ ശരിയായി അപഗ്രഥനം ചെയ്യാന്‍ പോലും തയ്യാറാകാത്ത ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വൃഥാ വ്യായാമം നടത്തുന്നത്.

ജനാധിപത്യസംവിധാനത്തില്‍ ജനങ്ങളുടെ തീരുമാനങ്ങള്‍ക്കാണ് പ്രാമാണ്യവും മേല്‍ക്കൈയും. രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും തെരഞ്ഞെടുക്കുന്നത് ജനപങ്കാളിത്തത്തോടുകൂടിയും ജനപ്രാതിനിധ്യ സ്വഭാവം ഉറപ്പാക്കിക്കൊണ്ടുമാണ്. എന്നാല്‍  രാജ്യത്തിന്റെ വിവിധമേഖലകളിലെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ഉന്നതസ്ഥാനീയരായ ഉയര്‍ന്ന കോടതിയിലെ ജഡ്ജിമാരുടെ നിയമനകാര്യത്തില്‍ ജനങ്ങളുടെ പങ്കാളിത്തം പരിപൂര്‍ണമായും നിഷേധിച്ചുകൊണ്ടാണ് ഭരണഘടനയില്‍ ഒരുഭാഗത്തും വിവക്ഷിക്കാത്ത കൊളീജിയം സമ്പ്രദായം സുപ്രീംകോടതി ആവിഷ്‌കരിച്ചത്. അതിന്റെ സൃഷ്ടിക്കുശേഷം ആയിരത്തി അഞ്ഞൂറിലധികം വരുന്ന ഉയര്‍ന്ന കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തില്‍ നാനൂറ്റമ്പതിലധികം പേര്‍ നിലവിലുള്ളവരുടെ ബന്ധുക്കള്‍ ആണെന്ന് അനിഷേധ്യമായ സ്ഥിതിവിവര കണക്കുകള്‍ കാണിക്കുന്നു. കൊളീജിയം സമ്പ്രദായത്തെ നഖശിഖാന്തം എതിര്‍ത്തവരില്‍ നീതിന്യായരംഗത്തെ പ്രമുഖരായ ജസ്റ്റിസ്. വി.ആര്‍. കൃഷ്ണയ്യര്‍, ജസ്റ്റിസ്. ജെ. എസ്. വര്‍മ്മ, ജസ്റ്റിസ്, വെങ്കിടരാമയ്യ, ജസ്റ്റിസ് റുമ പാല്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. 

ഈ ജനാധിപത്യ വിരുദ്ധമായ സമ്പ്രദായം ഒഴിവാക്കാനാണ് ഭൂരിഭാഗം രാഷ്ട്രീയ കക്ഷികളുടേയും സമവായത്തോടുകൂടി, ജനങ്ങളെ പ്രതിനിധീകരിക്കന്ന പാര്‍ലമെന്റിന്റെ രണ്ടുസഭകളും ഇരുപതിലധികം സംസ്ഥാന നിയമസഭകളും ഏകകണ്ഠമായി ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ എന്ന സംവിധാനത്തിന് രൂപംനല്‍കിയത്. ഇംഗ്ലണ്ടടക്കം മറ്റ് പല രാജ്യങ്ങളിലും ഇക്കാര്യത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടായിരുന്നു ഈ നിയമനിര്‍മാണം. രാഷ്ട്രപതിപോലും അംഗീകരിച്ച ആ നിയമം നൂറുകോടിയിലധികം വരുന്ന രാജ്യത്തെ ജനസംഖ്യയിലെ നാലുപേര്‍ ഇരുന്നുകൊണ്ട് തകിടംമറിച്ചു. അതിന് നേതൃത്വം നല്‍കിയത് ജസ്റ്റിസ് കെഹാറായിരുന്നു. ഇന്ന് സുപ്രീംകോടതി അടക്കമുള്ള ഉയര്‍ന്ന കോടതികളിലെ ജഡ്ജി നിയമന കാര്യത്തില്‍ ഉണ്ടായിട്ടുള്ള അനിശ്ചിതത്വത്തിന് കാരണം ഈ വിധിയാണ്. ജഡ്ജി  നിയമനത്തില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ എന്താണ് എന്നതിന് വ്യക്തതയില്ലാതെ ബന്ധപ്പെട്ടവര്‍ ഇന്നും ഇരുട്ടില്‍ തപ്പുകയാണ്. എന്നിട്ടും ഇപ്പോഴത്തെ സര്‍ക്കാര്‍ ഭരണമേറ്റശേഷം നാനൂറിലധികം ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തിയിട്ടുണ്ട്. ശേഷിക്കുന്ന ഒഴിവുകള്‍ നികത്താനാകാത്തത് സുപ്രീംകോടതി കൊളീജിയത്തില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മൂലമാണ്. സമീപകാലത്ത് കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ട അഞ്ച് അഭിഭാഷകരുടെ പേരുകള്‍ നേരിട്ടുള്ള ഇന്റര്‍വ്യൂവിനുശേഷം സുപ്രീംകോടതി നിരാകരിക്കുകയുണ്ടായി. തമിഴ്‌നാടടക്കം നിരവധി ഹൈക്കോടതികളിലും ഇതുതന്നെ സംഭവിച്ചു. അപ്പോള്‍ ഹൈക്കോടതി കൊളീജിയം നിര്‍ദ്ദേശിക്കുന്ന പേരുകള്‍ മുഴുവന്‍ അര്‍ഹതപ്പെട്ടവരുടെ അല്ലായെന്ന് സുപ്രീംകോടതിക്കു തന്നെ ബോധ്യപ്പെട്ടതുകൊണ്ടാണല്ലോ ഈ പേരുകള്‍ നിരാകരിച്ചത്? സുപ്രീംകോടതി കൊളീജിയം മാത്രം കുറ്റമറ്റതും ഒരിക്കലും തെറ്റ് പറ്റാത്തവരുമാണെന്ന അവകാശവാദം അപ്പോള്‍ എങ്ങനെ അംഗീകരിക്കും? ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നിയമനം സുപ്രീംകോടതി കൊളീജിയം അംഗീകരിച്ചിട്ടുപോലും പ്രതികൂലമായ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിന് നിരാകരിക്കേണ്ടി വന്നു.

അന്നെന്തേ ആരും ജുഡീഷ്യറി അപകടത്തില്‍ എന്ന് ശബ്ദമുയര്‍ത്താന്‍ മുന്നോട്ടുവരാഞ്ഞത്? ഗോപാല്‍ സുബ്രഹ്മണ്യം തമിഴ് ബ്രാഹ്മണ സമുദായത്തില്‍പ്പെട്ട ഹിന്ദു ആയതുകൊണ്ടാണോ? പിന്നീട് ചീഫ് ജസ്റ്റിസുമാരില്‍ സീനിയോറിട്ടി ഉണ്ടായിട്ടും അവരെ മറികടന്ന് ന്യൂനപക്ഷ സമുദായ അംഗമായ ജസ്റ്റിസ് അബ്ദുള്‍ നസീറിനെ കര്‍ണാടക ഹൈക്കോടതിയില്‍നിന്ന് സുപ്രീംകോടതിയിലേക്ക് തിരഞ്ഞെടുത്തപ്പോള്‍ അത് ശ്രദ്ധിക്കാന്‍ പോലും ഇന്നത്തെ ജുഡീഷ്യറി ഭക്തര്‍ ശ്രമിച്ചില്ലല്ലോ. തങ്ങളുടെ സീനിയോറിട്ടി മറികടന്നതില്‍ പ്രതിഷേധിച്ച് കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് രമേശ്, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനം നിരാകരിക്കയുണ്ടായി. ജസ്റ്റിസ് രമേശിനു പുറമെ രാജ്യത്തെ ജഡ്ജിമാരില്‍ ഏറ്റവുമധികം സീനിയോറിട്ടി ഉണ്ടായിരുന്ന വനിതാ ജഡ്ജി ജസ്റ്റിസ് മഞ്ജുള ചെല്ലൂരിനെയും തമസ്‌കരിക്കുകയുണ്ടായി. അന്നെന്തേ ആരും പ്രതിഷേധിക്കാഞ്ഞത്? 

ഇത്തരം സംഭവങ്ങള്‍ മുന്‍പ് പലപ്പോഴും നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ ഉണ്ടായിട്ടുണ്ട്. രാജ്യത്തെ ഹൈക്കോടതികളില്‍ ഏറ്റവുമധികം സീനിയോറിട്ടി ഉണ്ടായിരുന്ന ജസ്റ്റിസ് ലിബര്‍ ഹാന്‍ സിക്കുകാര്‍ക്ക് പ്രാതിനിധ്യം ഇല്ലാതിരുന്നപ്പോള്‍ പോലും സുപ്രീംകോടതിയില്‍ നിയമിക്കപ്പെട്ടില്ല. മുന്‍പ് കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന രാജീവ് ഗുപ്ത ദീര്‍ഘകാലം ചീഫ് ജസ്റ്റിസ് സ്ഥാനം വഹിച്ചിട്ടുപോലും സുപ്രീംകോടതിയില്‍ എത്തുകയുണ്ടായില്ല. സര്‍വ്വാദരണീയനായിരുന്ന മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഇസ്‌മെയില്‍ (വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണെങ്കില്‍ പോലും) സുപ്രീംകോടതിയില്‍ എത്തിയില്ല. ജുഡീഷ്യല്‍ നിയമനത്തിനുള്ള വ്യക്തതയില്ലായ്മയും മാനദണ്ഡമില്ലായ്മയും രാജ്യത്ത് പുത്തനല്ല. ഇത് അവസാനിപ്പിക്കാനാണ് ജനങ്ങള്‍ ജുഡീഷ്യല്‍ നിയമന കമ്മീഷന് രൂപംകൊടുത്തത്.

ആ ജനഹിതം അട്ടിമറിച്ച ജസ്റ്റിസ്. കെഹാറിനെ യാതൊരു സംശയത്തിനും ഇടനല്‍കാതെ മോദിസര്‍ക്കാര്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആക്കിയില്ലേ? ഇന്ദിരാഗാന്ധി ചെയ്തതുപോലെ ജുഡീഷ്യറിയെ തരംതാഴ്ത്താന്‍ മോദിസര്‍ക്കാരിന് താല്‍പ്പര്യമില്ല എന്നതിന് ഇതില്‍ കൂടുതല്‍ എന്തു തെളിവ് വേണം? ഉത്തരാഖണ്ഡ് സര്‍ക്കാരിനെ പുനഃസ്ഥാപിക്കണമെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് തലവനായ ബെഞ്ചിന്റെ വിധിന്യായം ശരിവച്ച സുപ്രീംകോടതി ബെഞ്ചില്‍ ജസ്റ്റിസ് കെഹാറുമുണ്ടായിരുന്നു.

അപ്പോള്‍ ജസ്റ്റിസ് ജോസഫിന്റെ പേരില്‍ ഇന്ന് ചിലര്‍ ഒഴുക്കുന്ന മുതലക്കണ്ണീരും പണ്ടൊന്നും കാണിക്കാത്ത ജുഡീഷ്യറി പ്രേമവും എന്തുകൊണ്ടാണെന്ന് വ്യക്തമാണല്ലോ. രാഷ്ട്രീയ രംഗത്ത് ഗതികിട്ടാ പ്രേതങ്ങളെപ്പോലെ അലഞ്ഞുനടക്കുന്ന ചിലര്‍ ജുഡീഷ്യറിയുടെ മറവില്‍ ജനങ്ങളുടെ മുന്‍പില്‍ പുകമറ സൃഷ്ടിക്കുകയാണ്. രാജ്യത്തെ ചാര്‍ട്ടേഡ് ഹൈക്കോടതിയില്‍ ഒന്നായ കൊല്‍ക്കത്ത ഹൈക്കോടതിയിലും, സംവത്സരങ്ങളായി പിന്നാക്കം നില്‍ക്കുന്നവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ദളിത് സമുദായത്തിന് പ്രാതിനിധ്യമില്ലെന്നുള്ളത് പരിഗണിക്കേണ്ടത് ജനാധിപത്യസര്‍ക്കാരിന്റെ ചുമതലയാണ്, പ്രതിബദ്ധതയാണ്. ജസ്റ്റിസ് നസീര്‍ നിയമനകാര്യത്തില്‍ ഉണ്ടായപോലെ തത്വാധിഷ്ഠിതമായ ഭേദഗതികള്‍, കീഴ്‌വഴക്കങ്ങള്‍ പാലിക്കുമ്പോള്‍ കൈക്കൊള്ളേണ്ടിവരും. ഇതില്‍ ദുരുദ്ദേശ്യം മാത്രം കാണുന്നവര്‍ യഥാര്‍ത്ഥ വസ്തുതകള്‍ മനസ്സിലാക്കണം. 

''ആരോഗ്യകരമായ കീഴ്‌വഴക്കങ്ങള്‍      പാലിക്കണം'' (നിയമമല്ല) എന്ന സുപ്രീംകോടതി നിര്‍ദ്ദേശം ജനങ്ങളുടെ ഉത്തമതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി അല്‍പം ചില മാറ്റങ്ങള്‍ക്ക് വിധേയമാക്കേണ്ടിവരും എന്നത് വിസ്മരിക്കാന്‍ നിര്‍വാഹമില്ല.

ജുഡീഷ്യറി അപകടത്തില്‍ എന്ന് മുറവിളി കൂട്ടുന്നവരില്‍നിന്നും, അതിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവരില്‍നിന്നുമാണ് യഥാര്‍ത്ഥത്തില്‍ ഇന്ന് രാജ്യത്തെ നീതിന്യായ സംവിധാനം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണി. അത് അകത്തുനിന്നുമുണ്ട്, പുറത്തുനിന്നുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.