കിരീടം നിലനിര്‍ത്താന്‍ ജൂനിയര്‍ ഇന്ത്യ

Saturday 18 January 2020 5:18 am IST
"ഇന്ത്യന്‍ അണ്ടര്‍-19 ക്രിക്കറ്റ് ടീം"

ജോഹന്നസ്ബര്‍ഗ്: അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റില്‍ കിരീടം നിലനിര്‍ത്താന്‍ ഇന്ത്യ ഇറങ്ങുന്നു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ആദ്യ മത്സരത്തില്‍ നാളെ ശ്രീലങ്കയെ നേരിടും. സീനിയര്‍ തലത്തില്‍ കളിച്ചുവരുന്ന ഒട്ടേറെ താരങ്ങള്‍ അണിനിരക്കുന്ന ഇന്ത്യന്‍ ടീം ശക്തമാണ്. ടീമിലെ ഏല്ലാവരും തന്നെ സംസ്ഥാന ടീമില്‍ കളിക്കുന്നവരാണ്.

പരിചയസമ്പത്ത് ഏറെയുള്ള ഇന്ത്യ ഇത്തവണ കിരീടം നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷ. ഐപിഎല്‍ ടീമുകളില്‍ ഇടം നേടിയ യശസ്വി ജയ്‌സ്വാള്‍, രവി ബിഷ്‌നോയി, കാര്‍ത്തിക് ത്യാഗി. അക്ഷയ് സിങ് എന്നിവരാണ് ടീമിന്റെ കരുത്ത്. പ്രിയം ഗാര്‍ഗാണ് നായകന്‍.

2017- ല്‍ ലോകകപ്പ് നേടിയശേഷം ഇന്ത്യ എ ഇതുവരെ ഒരു പരമ്പരയും തോറ്റിട്ടില്ല. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ ടീമുകളെ പരാജയപ്പെടുത്തി. പരസ് മാംബ്ര പരിശീലിപ്പിക്കുന്ന നിലവിലെ അണ്ടര്‍-19 ഇന്ത്യന്‍ ടീം 2019 സെപ്തംബറില്‍ ഏഷ്യാ കപ്പ് സ്വന്തമാക്കി. ലോകകപ്പിന് തൊട്ടു മുമ്പ് നടന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീം ജേതാക്കളായി. ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, സിംബാബ്‌വെ ടീമുകളാണ് ഈ ടൂര്‍ണമെന്റില്‍ മത്സരിച്ചത്.

ലിസ്റ്റ് എ മത്സരങ്ങളില്‍ ഇരട്ട സെഞ്ചുറി കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോഡ് സ്വന്തമാക്കിയ ജയ്‌സ്വാളാണ് ടീമിന്റെ ശ്രദ്ധേകേന്ദ്രം. ഒക്‌ടോബറില്‍ വിജയഹസാരെ ട്രോഫിയില്‍ ഇരട്ട സെഞ്ചുറി കുറിച്ചാണ് റെക്കോഡിട്ടത്. ക്യാപ്റ്റന്‍ ഗാര്‍ഗ് ഉത്തര്‍പ്രദേശിന്റെ രഞ്ജിട്രോഫി ടീം അംഗമാണ്.ഗ്രൂപ്പ് എയിലാണ് ഇന്ത്യ മത്സരിക്കുന്നത്. ശ്രീലങ്ക, ന്യൂസിലന്‍ഡ്, ജപ്പാന്‍ എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

ഗ്രൂപ്പ് എ യില്‍ ഇന്ത്യയുടെ മത്സരങ്ങള്‍: ജനുവരി 19 ഇന്ത്യ- ശ്രീലങ്ക, 21 ഇന്ത്യ- ജപ്പാന്‍, 24 ഇന്ത്യ - ന്യൂസിലന്‍ഡ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.