കെപിസിസിയില്‍ യുവാക്കള്‍ കുറയുന്നത് പട്ടികയുടെ ന്യൂനത കാരണം; പുനഃസംഘടനാ പട്ടികയെക്കുറിച്ച് വിമര്‍ശിച്ചത് രാഷ്ട്രീയകാര്യസമിതി ചേരാത്തത് കൊണ്ടെന്ന് കെ. മുരളീധരന്‍

Sunday 26 January 2020 8:53 pm IST

മലപ്പുറം: പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യസമിതി അഞ്ച് മാസമായി ചേരാത്തത് കൊണ്ടാണ് കെപിസിസിയുടെ പുനഃസംഘടനാപട്ടികയെക്കുറിച്ച് താന്‍ വിമര്‍ശനം ഉന്നയിച്ചതെന്ന് കെ. മുരളീധരന്‍ എംപി. രാഷ്ട്രീയകാര്യസമിതി ചേരാത്തത് തന്റെ കുറ്റം കൊണ്ടാണോയെന്നും മുരളീധരന്‍ മുല്ലപ്പള്ളി വിമര്‍ശിച്ചു കൊണ്ട് ചോദിക്കുന്നു.  

പട്ടികയുടെ ന്യൂനത കൊണ്ട് തന്നെയാണ് യുവാക്കളുടെയും സ്ത്രീകളുടെയും എണ്ണം കെപിസിസി പട്ടികയില്‍ കുറയുന്നത്. ആ വാദത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പറഞ്ഞ മുരളീധരന്‍ പാര്‍ട്ടിയില്‍ നിന്ന് പോയവരെക്കുറിച്ചോ, വന്നവരെക്കുറിച്ചോ തനിക്കൊന്നും പറയാനില്ലെന്നും വ്യക്തമാക്കി. 

എല്‍ഡിഎഫ് ഇന്ന് സംഘടിപ്പിച്ച മനുഷ്യശൃംഖലയില്‍ യുഡിഎഫിന് വോട്ട് ചെയ്ത പലരും പങ്കെടുത്തിട്ടുണ്ട്. ഞാനടക്കം ജയിച്ചത് ആ മനുഷ്യരുടെ വോട്ടുകൊണ്ടാണ്. ആ ന്യൂനപക്ഷത്തിന്റെ പിന്തുണ, ആ വോട്ട് പോകാതെ നോക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കുണ്ടെന്നും മുരളീധരന്‍ ആശങ്ക പ്രകടിപ്പിച്ചു കൊണ്ട് ചൂണ്ടിക്കാട്ടി.

ബൂത്ത് പ്രസിഡന്റ് ആകാന്‍ പോലും യോഗ്യതയില്ലാത്തവര്‍ ഭാരവാഹികളാകുന്നു എന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. ഇത് പാര്‍ട്ടിയുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കും. ഇപ്പോഴത്തെ ഭാരവാഹിപ്പട്ടികയില്‍ നിന്ന് എണ്ണം കൂടരുത്. പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളാനുള്ള വേദിയല്ല ഇതെന്നും പ്രവര്‍ത്തിക്കാനുള്ള വേദിയാണിതെന്നും മുരളീധരന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ വിമര്‍ശനമുണ്ടെങ്കില്‍ അത് പറയേണ്ടിടത്ത് പറയണം. പുറത്ത് പറയുന്നത് പാര്‍ട്ടിക്ക് ഗുണമുണ്ടാക്കില്ല. പാര്‍ട്ടിയില്‍ അച്ചടക്കമില്ലാതെ മുന്നോട്ടുപോകാനാകില്ലെന്നും ഇതിന് മറുപടിയായി മുല്ലപ്പള്ളി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.