കേന്ദ്ര പദ്ധതിയെ ഉയര്‍ത്തിക്കാട്ടുന്നത് സംസ്ഥാനത്തിന്റെ ഭരണനേട്ടമായി; ഒരു മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഇത്രയും വിലകുറഞ്ഞ രാഷ്ട്രീയം ഭൂഷണമല്ല; അല്‍പ്പത്തരം കാട്ടുന്ന പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് കെ. സുരേന്ദ്രന്‍

Saturday 16 November 2019 12:36 pm IST
ഒരു കേന്ദ്ര പദ്ധതിയെ ഇത്ര നഗ്‌നമായി സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടമായി ഉയര്‍ത്തിക്കാട്ടുന്നത് കേരളം പോലെ രാഷ്ട്രീയ പ്രബുദ്ധത അവകാശപ്പെടുന്ന ഒരുനാട്ടിലാണെന്ന് പിണറായി വിജയന്‍ മറന്നുപോകരുതെന്നും ഫെയ്‌സ്ബുക്കിലൂടെ സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: കേരളത്തിന്റെ വൈദ്യുതി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് രണ്ടായിരത്തോളം കോടി രൂപ മുതല്‍മുടക്കില്‍ കേന്ദ്രം കൊണ്ടു വന്ന പദ്ധതി പേരുമാറ്റി ഭരണനേട്ടമായി അവതരിപ്പുക്കുന്ന പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. 

ഇത്രയും വിലകുറഞ്ഞ രാഷ്ട്രീയം ഒരു മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഭൂഷണമല്ല. ഒരു കേന്ദ്ര പദ്ധതിയെ ഇത്ര നഗ്‌നമായി സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടമായി ഉയര്‍ത്തിക്കാട്ടുന്നത് കേരളം പോലെ രാഷ്ട്രീയ പ്രബുദ്ധത അവകാശപ്പെടുന്ന ഒരുനാട്ടിലാണെന്ന് പിണറായി വിജയന്‍ മറന്നുപോകരുതെന്നും ഫെയ്‌സ്ബുക്കിലൂടെ സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.

രണ്ടായിരത്തോളം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ചെലവില്‍ പവര്‍ഗ്രിഡ് നടപ്പാക്കുന്ന പദ്ധതി കെ എസ്ഇബിയുടെ പദ്ധതിയായി അവതരിപ്പിച്ച് പ്രചാരണം നടത്തുകയും ഉദ്ഘാടനമഹാമഹം നടത്തുകയും സ്വന്തം ചിത്രം അച്ചടിച്ച് ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്നവര്‍ ഒരിടത്തുപോലും പ്രധാനമന്ത്രിയുടേയും ഊര്‍ജ്ജമന്ത്രിയുടേയും പേരുപോലും വെച്ചില്ല എന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തനി അല്‍പ്പത്തരമായിപ്പോയെന്നും കെ. സുരേന്ദ്രന്‍ വിമര്‍ശിച്ചു.

കൂടംകുളം കൂടംകുളം എന്ന് പറഞ്ഞ് വി.എസ്. അച്യുതാനന്ദനും സിപിഎമ്മും ഈ പദ്ധതിക്കെതിരെ രംഗത്തുവരികയും ദീര്‍ഘകാലം തടസ്സപ്പെടുത്തുകയും ചെയ്തത് കേരളം മറന്നിട്ടില്ല. പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രത്തിന് കോടതി കയറേണ്ടിവരികയും ചെയ്തത് മറക്കരുത്. ഉദ്ഘാടന മഹാമഹത്തോടനുബന്ധിച്ച് കഴിഞ്ഞ ഒരാഴ്ചയായി കേന്ദ്രത്തിന്റെ ചെലവില്‍ നടക്കുന്ന സിഐടിയു സമ്മേളനങ്ങള്‍ക്കും ധൂര്‍ത്തിനും പവര്‍ഗ്രിഡിലെ സിപിഎം ഉദ്യോഗസ്ഥര്‍ കണക്കു പറയേണ്ടിവരുമെന്ന കാര്യം ഉറപ്പാണെന്നും സുരേന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു.

നവംബര്‍ 18ന് അടൂരിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം പേരിലാക്കി 'പവര്‍ ഹൈവേ'യുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. എന്നാല്‍, പദ്ധതിയുടെ സര്‍ക്കാര്‍ പ്രചാരണത്തിലെവിടെയും കേന്ദ്ര സര്‍ക്കാരിനേക്കുറിച്ചോ, നാഷണല്‍ പവര്‍ ഗ്രിഡിനേക്കുറിച്ചോ  പരാമര്‍ശം പോലുമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.