'മരടില്‍ സമവായം തേടിയ സര്‍ക്കാര്‍ ശബരിമലയില്‍ അതിനു ശ്രമിക്കാത്തതെന്ത്; മരടിലെ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ എങ്ങനെ സര്‍ക്കാര്‍ ഭവന പദ്ധതിയില്‍ കയറിപ്പറ്റി';സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സുരേന്ദ്രന്‍

Monday 16 September 2019 7:51 pm IST

തിരുവനന്തപുരം: മരട് ഫ്‌ളാറ്റ് നിര്‍മാതാക്കാള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭവന നിര്‍മാണ പദ്ധതിയില്‍ നിര്‍മാതാക്കളുടെ പട്ടികയില്‍ ഇടം പിടിച്ചതെങ്ങനെയെന്ന് കെ.സുരേന്ദ്രന്‍. പാലായില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഭവന നിര്‍മാണ പദ്ധതിയില്‍ മരട് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് ഇടം കൊടുത്തതോടെ കൈയേറ്റക്കാരുടെ കൂടെയാണ് ഈ സര്‍ക്കാരെന്നു വ്യക്തമാവുകയാണ്.

കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ക്കും അനധികൃത നിര്‍മാണത്തില്‍ പങ്കുള്ളതായി സംശയിക്കുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. അതു കൊണ്ട് ഇരു മുന്നണികളും ഇക്കാര്യത്തില്‍ പൊറാട്ടുനാടകം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ നിരപരാധികളാണ്. നിര്‍മാതാക്കളും നിര്‍മാണത്തിന് അനുമതി നല്‍കിയ ഭരണകൂടവും സംവിധാനങ്ങളുമാണ് യഥാര്‍ഥ കുറ്റക്കാരെന്ന് സുരേന്ദ്രന്‍ പറഞ്ഞു. അതു കൊണ്ടാണ് നിര്‍മാതാക്കള്‍ക്കെതിരേ ഒരക്ഷരം പോലും ഇരുകൂട്ടരും മിണ്ടാതിരിക്കുന്നതെന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

പാലായില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥി യഥാര്‍ഥത്തില്‍ ആരാണെന്ന് സുരേന്ദ്രന്‍ ചോദിച്ചു. യുഡിഎഫുകാരായ ആറോ ഏഴോ പേര്‍ സ്ഥാനാര്‍ഥിപ്പട്ടികയിലുണ്ട്. ശരിക്കും യു ഡി എഫിന് ഇവിടെ സ്ഥാനാര്‍ഥി ഇല്ലാത്ത സാഹചര്യമാണുള്ളത്. സ്വന്തം ചിഹ്നം പോലും സംരക്ഷിക്കാന്‍ പറ്റാത്ത അവസ്ഥയാണു യുഡിഎഫിന്. ജനങ്ങളെ കബളിപ്പിക്കുന്ന മുന്നണിയാണ് അവര്‍. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം തുടരുന്നു.മുഖ്യമന്ത്രി ജനങ്ങളില്‍ നിന്നകന്നു. ധാര്‍ഷ്ട്യം നിറഞ്ഞ അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ ആ മുന്നണിക്കു ദോഷമാണ്. അതു കൊണ്ട് അദ്ദേഹത്തെ ഇവിടെ കൊണ്ടു വരാതിരിക്കുന്നതാണ് എന്‍സിപിക്കു നല്ലതെന്നാണ് തനിക്ക് അവരോട് പറയാനുള്ളതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ പരാജയം പുറത്തു കാണിക്കാന്‍ യുഡിഎഫിനാകുന്നില്ല. സമകാലിക വിഷയങ്ങളില്‍ കയറിപ്പിടിച്ചാല്‍ അവര്‍ക്കും പൊള്ളും, അതാണ് അവര്‍ ഇടപ്പെടാതെ നാടകം കളിക്കുന്നത്.

സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയില്‍ 5000 കോടി രൂപയുണ്ടായിട്ടും ഏറ്റവും വലിയ അപകടം നടന്ന വളപ്പാറയിലും പുത്തു മലയിലും പോലും ധനസഹായമെത്തിയിട്ടില്ല.പ്രളയ സഹായം കൊടുക്കാതെ പ്രളയ സെസ് ഏര്‍പ്പെടുത്തി ജനങ്ങളെ പിഴിയുകയാണ് സര്‍ക്കാരെന്ന് അദ്ദേഹം ആരോപിച്ചു.പിഎസ്‌സി കേസ് രണ്ടു പേരിലൊതുങ്ങി. പാലാരിവട്ടം അഴിമതിയില്‍ ഉദ്യോഗസ്ഥര്‍ മാത്രമല്ല ഉള്ളത് രാഷ്ട്രീയക്കാര്‍ കോടികള്‍ മുക്കിയതിനെക്കുറിച്ച് ഇരുമുന്നണികള്‍ക്കും മിണ്ടാട്ടമില്ല,മുഖ്യമന്ത്രിക്കെതിരായ പോരാട്ടത്തില്‍ എന്‍ ഡി എ മാത്രമാണുള്ളത്. ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടാനും വിശ്വാസം സംരക്ഷിക്കുന്നതിനു മൊക്കെ എന്‍ ഡി എ മാത്രമാണുള്ളത്. വോട്ട് യുഡിഎഫിനു നല്‍കിയതകൊണ്ട് ഒരു ഗുണവുമില്ലെന്ന് ജനത്തിനു മനസിലായെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ഇരു മുന്നണികളും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ മറന്ന് വൈകാരിക വിഷയങ്ങളില്‍ കിടന്നു കറങ്ങുകയാണ്. എല്‍ ഡി എഫിന്റെ പ്രചാരണ വിഷയം ഹിന്ദിയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ദുഷ്ടലാക്കോടെ വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണവര്‍. മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദിയും പഠിക്കണമെന്നാണ് അമിത് ഷാ പറഞ്ഞത്.നാടിന്റെ ദേശീയമായ എന്തിനെയും എതിര്‍ക്കുന്ന നിലപാടാണ് സി പി എമ്മിന്, ഹിന്ദിയോടല്ല, ഹിന്ദുസ്ഥാനോടാണ്, ഭാരതത്തോടാണ് അവരുടെ എതിര്‍പ്പ്.ദേശവിരുദ്ധതയാണ് സി പി എം പ്രചരിപ്പിക്കുത്. ഹിന്ദിയെ എതിര്‍ക്കുന്നവര്‍ തന്നെയാണ് കഷ്മീരില്‍ 370ാം വകുപ്പ് റദ്ദാക്കിയതിനെ എതിര്‍ത്തവരുമെന്നത് ഇവിടെ ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ എന്നുമുണ്ടാകും. ആചാരലംഘനത്തിന് സര്‍ക്കാര്‍ ശ്രമിച്ചാല്‍ തടയുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മരടില്‍ വിധി നടപ്പാക്കാന്‍ സമവായം തേടിയ സര്‍ക്കാര്‍ ശബരിമലയില്‍ അതിനു ശ്രമിച്ചില്ലെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ശബരിമലയില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നടത്തിയ ആചാരലംഘനം പാലാക്കാരുടെ മനസില്‍ മുറിവായുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ ഗുണം എന്‍ ഡി എയ്ക്കായിരിക്കുമെന്നും എന്‍.ഹരി മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.