'വയസാന്‍കാലത്ത് വേലപ്പനും വേല കിട്ടി, വേലയും കൂലിയുമില്ലാതെ എ.കെ.ജി സെന്ററിലെ എല്ലാവര്‍ക്കും ജോലി കൊടുക്കണം, ഒടുക്കത്തെ കൊടുക്കലല്ലേ, ഇനി ഒരിക്കലും കൊടുക്കാന്‍ കഴിയില്ലല്ലോ'; പിണറായിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ. സുരേന്ദ്രന്‍

Wednesday 14 August 2019 11:19 pm IST

തിരുവനന്തപുരം:  കേരളം രണ്ടാം പ്രളയ ദുരന്തം നേരിടുമ്പോഴും ഒരു ലക്ഷത്തിലേറെ രൂപ ശമ്പളത്തില്‍ തന്റെ ഓഫീസില്‍ പ്രത്യേക നിയമനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ ഓഫീസറായി എ. വേലപ്പന്‍ നായരെ നിയമിച്ചുകൊണ്ടാണ് സര്‍ക്കാര്‍ പൊതു ഖജനാവിന് വീണ്ടും അധിക ചെലവ് വരുത്തി വെച്ചത്. ഇതിനെതിരെയാണ് കെ. സുരേന്ദ്രന്‍ രംഗത്തെത്തിയത്. അഡ്വക്കേറ്റ്  ജനറലും 140 സര്‍ക്കാര്‍ അഭിഭാഷകരും നിലവിലരിക്കെയാണ് ഈ പുതിയ തസ്തിക ഉണ്ടാക്കിയിരിക്കുന്നത്. ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനത്തിന് മാത്രമായി നിയമിച്ച് ഈ സ്‌പെഷ്യല്‍ ഓഫീസരുടെ ഒരു മാസത്തെ ശമ്പളം മാത്രം 1,10,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. 

സീനയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് തുല്യമാണ് തസ്തിക. സര്‍ക്കാര്‍ കേസ് നടത്തിപ്പിനും ഉപദേശങ്ങള്‍ക്കും അഡ്വക്കേറ്റ് ജനറലും ഡയറക്ടര്‍ ജനറലമുണ്ട്. സര്‍ക്കാര്‍ അഭിഭാഷകരും, പ്ലീഡര്‍മാരും, സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരുമായി 140ല്‍ അധികം പേര്‍ സര്‍ക്കാര്‍ ശമ്പളം പറ്റി ഹൈക്കോടതിയില്‍ ഉണ്ട്. അതിനു പിന്നാലെയാണ് സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറെക്കൂടി നിയമിച്ചിരിക്കുന്നത്. 

സുശീല ഗോപാലന്‍ വ്യവസായ മന്ത്രിയായിരിക്കെ പേഴ്‌സണ്‍ സ്റ്റാഫിലുണ്ടായിരുന്ന വ്യക്തിയാണ് എ. വേലപ്പന്‍ നായര്‍. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് റാങ്കോടെ ദല്‍ഹിയില്‍ എ. സമ്പത്തിനെയും, കെ. രാജനെ ചീഫ് വിപ്പായും നിയമിച്ചത് ഏറെ വിവാദമായിരുന്നു. കൂടാതെ സംസ്ഥാനം പ്രളയം പോലെ മറ്റൊരു ദുരന്തത്തെ അഭിമുഖീകരിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍വ്യയം. ഇതിനെതിരെ ഫേസ്ബുക്കിലാണ് കെ. സുരേന്ദ്രന്‍ പിണറായിക്കെതിരെ രംഗത്തെത്തിയത്.

കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

വയസ്സാന്‍കാലത്ത് വേലപ്പനും വേല കിട്ടി. ശമ്പളം മാസം 76000. വേലയും കൂലിയുമില്ലാതെ നടക്കുന്ന വേലായുധന്‍മാര്‍ ഇനിയുമുണ്ടാവില്ലേ എ. കെ. ജി സെന്ററില്‍. അവര്‍ക്കും കൂടി കൊടുക്കണം സാര്‍. ഒടുക്കത്തെ കൊടുക്കലല്ലേ ഇനി ഒരിക്കലും കൊടുക്കാന്‍ കഴിയില്ലല്ലോ. മാസം 14000 രൂപയ്ക്ക് എന്തൊടുക്കത്തെ ആനുകാലികങ്ങളാണ് ഇയാള്‍ വാങ്ങി വായിക്കാന്‍ പോകുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. വാങ്ങുന്ന കൂട്ടത്തില്‍ ഒരു ജ്ഞാനപ്പാന വാങ്ങി മുഖ്യമന്ത്രിയെ ഒന്നു വായിച്ചു കേള്‍പ്പിക്കാന്‍ വേലപ്പന്‍ സഖാവിനോട് വിനീതമായി അപേക്ഷിക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.