കാലാതീതം ഈ പരമേശ്വരദര്‍ശനം

Monday 10 February 2020 11:35 am IST

സമൂഹത്തിന് ദിശാബോധമേകിയ പി. പരമേശ്വരന്‍ എന്ന ചിന്താസൂര്യന്‍ അസ്തമിച്ചു. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എന്നതിലുപരി സാമൂഹിക സാംസ്‌കാരിക മേഖലകളിലെ കരളുറപ്പുള്ള സൈദ്ധാന്തികനായിരുന്നു പരമേശ്വര്‍ജിയെന്നെ വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന പി. പരമേശ്വരന്‍. ഒമ്പതു പതിറ്റാണ്ടിലേറെ നിറഞ്ഞു തെളിഞ്ഞു ജ്വലിച്ച ആ സാത്വിക ദീപം പതിനായിരങ്ങള്‍ക്ക് ആത്മബോധത്തിന്റെ പ്രകാശം നല്‍കി വിസ്മൃതിയിലായി. ഇനി ഓര്‍മകളില്‍ വാടാമലരായി പരമേശ്വര്‍ജിയെന്ന വ്യക്തിത്വം പരിശോഭിക്കും.

 രാഷ്ട്രീയ സ്വയംസേവകസംഘത്തിലേക്ക് ആകൃഷ്ടനായ പരമേശ്വരന്‍ കുട്ടിക്കാലത്തു തന്നെ തന്റെ കര്‍മരംഗം അതുതന്നെയെന്ന് ഉറപ്പിച്ചു. ആലപ്പുഴയുടെ വിപ്ലവ മനസ്സില്‍ നിന്ന് കാവി സൂര്യോദയത്തിന്റെ അരുണപ്രഭയിലേക്ക്  പതിയെപ്പതിയെ നടന്നു നീങ്ങിയ അദ്ദേഹം ആര്‍എസ്എസ് പ്രചാരകനെന്നതിനപ്പുറം സാംസ്‌കാരികസാമൂഹിക സൈദ്ധാന്തിക മേഖലകളില്‍ അസൂയാവഹമായ നേട്ടങ്ങള്‍ വാരിക്കൂട്ടി. അപ്പോഴും, വിനമ്രതാപൂര്‍വം 'ഇദം നഃമമ' എന്ന ധാര്‍മിക വഴിയിലൂടെയേ സഞ്ചരിച്ചുള്ളൂ. സംഘടനയുടെ താത്ത്വികാടിത്തറ രൂപപ്പെടുത്തുന്നതില്‍ അസാമാന്യ പാടവം കാഴ്ചവെച്ചു. ലളിതമായ ജീവിതരീതിയും ഇടപഴകലുമായിരുന്നു പരമേശ്വര്‍ജിയുടെ  സ്വത്വം. അതിനാല്‍ത്തന്നെ വിരുദ്ധ ആശയക്കാര്‍ കൂടി സംവാദത്തിനും സൗഹൃദ കൂട്ടായ്മക്കും സംശയനിവാരണത്തിനും  അദ്ദേഹത്തെ സമീപിച്ചു.

മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ പ്രിയ സുഹൃത്തായിരുന്നു പരമേശ്വര്‍ജി എന്നറിയുമ്പോള്‍ത്തന്നെ ആ വ്യക്തിത്വത്തിന്റെ തെളിമ വ്യക്തം. ആര്‍എസ്എസ് അകറ്റിനിര്‍ത്തപ്പെടേണ്ട സംഘടനയാണെന്ന ചിലരുടെ ചിന്താഗതിയെ വേരോടെ പിഴുതെറിയുന്നതിന് പരമേശ്വര്‍ജിയുടെ ഇടപെടലുകളും നിലപാടുകളും വഴിവച്ചു.

കമ്യൂണിസത്തിന്റെ കാര്‍ക്കശ്യവും മാനവ വിരുദ്ധ രീതികളും അസഹിഷ്ണുതയും കൂലങ്കഷമായി വിചിന്തനം ചെയ്ത് പരമേശ്വര്‍ജി എഴുതിയ ലേഖനങ്ങളും ഗ്രന്ഥങ്ങളും സംഘടനയുടെ വിലയുറ്റ നിധികളാണ്. അതിലെ ആധികാരികതയും ആത്മാര്‍ഥതയുമാണ് അതിന് കാരണം. വിഷയത്തെ അലസമായി കൈകാര്യം ചെയ്യുന്ന രീതി അദ്ദേഹത്തിനില്ല. തന്റെ വിജ്ഞാനവും പാണ്ഡിത്യവും സമൂഹത്തെ അറിയിക്കുക എന്ന ഉദ്ദേശ്യവും ഇല്ല. ഏതു ദര്‍ശനത്തിന്റെ വെളിച്ചത്തിലൂടെയാണോ താന്‍ സഞ്ചരിക്കുന്നത്, അത് കൂടുതല്‍ പ്രോജ്ജ്വലിപ്പിക്കണമെന്ന ഒറ്റ ലക്ഷ്യമേയുള്ളൂ. കൂടുതല്‍ പ്രവര്‍ത്തകരെ കര്‍മോത്സുകരാക്കുക, അവര്‍ക്ക് ദിശാബോധമേകാന്‍ അങ്ങേയറ്റം കഠിന പ്രയത്‌നം ചെയ്യുക എന്ന ഏകദിശാ പദ്ധതിയാണ് പരമേശ്വര്‍ജിയുടെ ജീവിതരീതി.

ഹൈന്ദവ ദര്‍ശനങ്ങള്‍, കമ്യൂണിസ്റ്റ് രീതിശാസ്ത്രം, ശ്രീനാരായണ ദര്‍ശനം, വിവേകാനന്ദ ദര്‍ശനം തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ തല്‍പരനായ പരമേശ്വര്‍ജിയെ കൂടുതലും സ്വാധീനിച്ചത് ശ്രീനാരായണ ഗുരുവും വിവേകാനന്ദനുമാണെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ എഴുത്തിലും സ്വഭാവത്തിലും അതിന്റെ അനുരണനങ്ങള്‍ സമൃദ്ധമായി കാണാം. ഹൃദയത്തില്‍ കവിത നിറഞ്ഞതിനാലാവാം അദ്ദേഹത്തിന്റെ ഏതു രചനയും കാവ്യസൗഭഗത്താല്‍ സമ്പന്നമാണ്. അതീവ ലളിതമാവുമ്പോള്‍ത്തന്നെ ഗഹനവുമാണവ. ഓരോ വായനയും കൂടുതല്‍ കൂടുതല്‍ വെളിച്ചം പകര്‍ന്നു നല്‍കുന്നതാണ്.

ആര്‍എസ്എസിലൂടെ സമാജത്തിനായി സ്വയം സമര്‍പ്പിച്ച പരമേശ്വര്‍ജി ന്യൂദല്‍ഹിയിലെ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ എന്ന നിലയ്ക്കും കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അധ്യക്ഷന്‍ എന്ന നിലയ്ക്കും ചെയ്ത പ്രവര്‍ത്തനങ്ങള്‍ സംഘചരിത്രത്തില്‍ പ്രകാശ രേണുക്കളായി നിലനില്‍ക്കും. രാഷ്ട്രം പത്മശ്രീ, പത്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കി ആദരിച്ചപ്പോള്‍ വിനയാന്വിതനായി അത് സംഘടനയുടെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. പ്രശസ്തമായ മറ്റു പുരസ്‌കാരങ്ങളും  ലഭിച്ചിരുന്നു. തന്റെ ഏതാണ്ട് സമകാലീനനായ ആര്‍. ഹരിയും പരമേശ്വര്‍ജിയും തമ്മില്‍ ഒരര്‍ഥത്തില്‍ ഒരു വ്യത്യാസവുമില്ല. ഇരുവരും സൈദ്ധാന്തിക മേഖലയില്‍ ശക്തരായവര്‍, എഴുത്തുകാര്‍, ഗ്രന്ഥകാരന്മാര്‍, പ്രഭാഷകര്‍, സാമൂഹിക ഉള്‍ക്കാഴ്ചയോടെ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കാന്‍ കഠിന പരിശ്രമം നടത്തിയവര്‍.

അരയാല്‍ പോലെ വളര്‍ന്ന് പടര്‍ന്ന് സമൂഹത്തിന് താങ്ങും തണലുമായ ആര്‍എസ്എസിന്റെ അടിവേരുകള്‍ തേടിപ്പോയാല്‍ ദുര്‍ഘട മാര്‍ഗത്തിലൂടെ നടന്നു വളര്‍ന്ന ഒട്ടേറെപ്പേരുണ്ടാവും. അവരിലെ മുന്നണിപ്പോരാളികളില്‍  സുവര്‍ണതാരകമായി വിരാജിക്കുന്നു പ്രവര്‍ത്തകരുടെ പ്രിയ പരമേശ്വര്‍ജി.ആ ത്യാഗനിര്‍ഭരമായ ജീവിതം കാലയവനികക്കുള്ളില്‍ മറയുമ്പോള്‍ സ്‌നേഹസമ്പന്നവും സൗമ്യവുമായ ഇടപെടല്‍ പ്രവര്‍ത്തകരുടെ ഹൃദയങ്ങളില്‍ എക്കാലവും പ്രചോദനശക്തിയായി നിലനില്‍ക്കും. പ്രിയ പരമേശ്വര്‍ജിക്ക് ബാഷ്പാഞ്ജലികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.