കഥകളിമേളത്തിലെ പാരമ്പര്യത്തുടര്‍ച്ച

Sunday 17 November 2019 10:23 pm IST

പാലക്കാടന്‍ ഗ്രാമീണ കലയായ, ശൈവകഥകളുടെ ഇതിവൃത്തവുമായുള്ള കണ്യാര്‍കളിയുമായി ഇഴചേര്‍ന്നു നില്‍ക്കുകയാണ് മന്നാടിയാര്‍ കുടുംബം. പാലക്കാടിന്റെ തിലകമാണ് ചെണ്ട. തായമ്പകയിലും മേളത്തിലും പ്രശസ്തരായവരും നിരവധിയുണ്ടിവിടെ. മാരാര്‍ വിഭാഗക്കാര്‍ക്കൊപ്പം മന്നാടിയാര്‍മാരും ചേര്‍ന്നു നിന്നതിനാല്‍ ചെണ്ട എന്ന വാദ്യം ഇവര്‍ക്ക് ജീവതാളമായിത്തീര്‍ന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍, കഥകളിമേളത്തില്‍ മുന്‍നിരയിലായിരുന്നു കലാമണ്ഡലം ചന്ദ്രമന്നാടിയാര്‍. അദ്ദേഹത്തിന്റെ പാരമ്പര്യ തുടര്‍ച്ചയായി മരുമകന്‍ കലാമണ്ഡലം കൃഷ്ണദാസും, മകന്‍ കോട്ടക്കല്‍ പ്രസാദും ഈ രംഗത്തുണ്ട്. 

മേളപ്പൊലിമയില്‍ ചന്ദ്രമന്നാടിയാരുടെ പ്രയോഗം വേറിട്ടു നില്‍ക്കുന്നു. ആ ചക്രവര്‍ത്തി നെയ്‌തെടുത്ത വഴിയിലാണ് ഇന്നു കാണുന്ന കലാമണ്ഡലം മേള വഴി. എത്ര മിടുക്കന്മാരാണ് മന്നാടി ആശാന്റെ ശിഷ്യത്വം നേടിയത്. കഥകളിമേളത്തിലെ നടപ്പു രംഗത്തെ തികഞ്ഞ താരങ്ങളായ കൃഷ്ണദാസിനും, പ്രസാദിനും ജന്മനാടായ പല്ലശന വീരശൃംഖല നല്‍കിയാണ് ആദരിച്ചത്.  അഞ്ചാമത്തെ  വയസ്സിലാണ് കൃഷ്ണദാസ് ചെണ്ട പഠനം ആരംഭിച്ചത്. 

 പല്ലശന പത്മനാഭ മാരാര്‍, പൊന്നുകുട്ടമാരാര്‍, നടരാജന്‍, ശ്രീദേവ് എന്നിവര്‍ക്കൊപ്പമായിരുന്നു സാധകം. അമ്മാവനും മുത്തശ്ശനും, ചെണ്ടയുടെ വഴികള്‍ കൊട്ടിപ്പിക്കും. എട്ടാം ക്ലാസുകഴിഞ്ഞപ്പോള്‍ കൃഷ്ണദാസിനെ കലാമണ്ഡലത്തില്‍ ചേര്‍ത്തു. അമ്മാവനു പുറമെ കൃഷ്ണന്‍കുട്ടി പൊതുവാള്‍, അച്ചുണ്ണി പൊതുവാള്‍, വാരണാസി മാധവന്‍ നമ്പൂതിരി എന്നിവരും അവിടെ ആശാന്മാരായി ഉണ്ടായിരുന്നു. സാധാരണ എല്ലാ വിദ്യാര്‍ത്ഥികളുടേയും അരങ്ങേറ്റം കേരള കലാമണ്ഡലത്തില്‍ വച്ചാണ് പതിവ്. എന്നാല്‍ കൃഷ്ണദാസിന്റേത് പല്ലശന ഉത്സവ കളിക്കായിരുന്നു. മന്നാടി ആശാനാണ് അങ്ങനെ ഒരു തീരുമാനമെടുത്തത്. കാരണം മുത്തശ്ശന് കലാമണ്ഡലത്തില്‍ പോയി അരങ്ങേറ്റം കാണുവാനുള്ള ആരോഗ്യം ഇല്ല. പല്ലശനയിലെ മാരാര്‍ ആശാന്മാരുടേയും സാന്നിധ്യത്തില്‍ അരങ്ങേറ്റം നടത്തി. 

കലാമണ്ഡലത്തിലെ പഠനകാലത്ത് നാലാം വര്‍ഷം സാഹിത്യത്തില്‍ തോറ്റു. ഒരു വര്‍ഷം ഫീസു കൊടുത്ത് പഠിക്കേണ്ടി വന്നു.  അക്കാലത്ത് അമ്മാവനെ കാണാതെ മുങ്ങി നടന്നു. ഒരു ദിവസം അവിചാരിതമായി കണ്ടുമുട്ടി. ഒരു കൊല്ലം കൂടി പഠിക്കാറായല്ലോ നന്നായി എന്നായിരുന്നു ആശാന്‍ കൂടിയായ അദ്ദേഹം പറഞ്ഞത്. കലാമണ്ഡലത്തിലെ കോഴ്‌സ് കഴിഞ്ഞകാലത്ത് ചെയര്‍മാന്‍ ഒളപ്പമണ്ണ പറഞ്ഞു ഇയാളെ വിടണ്ട. ഇവന് ആശാനായിട്ടു വരാനുള്ള പക്വതയും പ്രായവുമായിട്ടില്ല. അമ്മാവന്റെ തീരുമാനമതായിരുന്നു. 

അങ്ങനെ കൃഷ്ണദാസിനെ തിരുവനന്തപുരത്തെ മാര്‍ഗിയിലേക്ക് അയച്ചു. അവിടെ അധ്യാപകനായി. കലാമണ്ഡലം രാമന്‍ നമ്പൂതിരിയുണ്ട് ഒപ്പം. തെക്കന്‍ ശൈലി പഠിക്കലുമാവും. അതായിരുന്നു ചിന്ത.  ശനി, ഞായര്‍ ദിവസങ്ങളില്‍ സദനം വാസുദേവനു കീഴില്‍ തായമ്പക, മേളം എന്നിവ അഭ്യസിച്ചു. കലാമണ്ഡലം കൃഷ്ണന്‍ നായരാശാന് ഒപ്പം ചേര്‍ന്നുള്ള ഡമോണ്‍സ്‌ട്രേഷന്‍ ക്ലാസുകള്‍ക്ക് കൊട്ടുവാന്‍ അവസരവും കിട്ടി.  അങ്ങനെയാണ് തെക്കും വടക്കും സര്‍വസമ്മതനായി കലാമണ്ഡലം കൃഷ്ണദാസ് തീര്‍ന്നത്. കൂടാതെ പാരമ്പര്യ കലയായ കണ്യാര്‍കളിയിലെ ചെണ്ടയുടെ ഗതിവിഗതികളെ കുറിച്ച് കൃഷ്ണദാസിന് നല്ല അവഗാഹമുണ്ട്. ഇദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കളുടെ തായമ്പകയും പ്രശസ്തരോട് കിടപിടിക്കുന്ന വിധത്തിലാണ്. ശോഭിതയും, രഹിതയും ഒട്ടേറെ വേദികളെ ധന്യമാക്കി വരുന്നു.

പ്രസാദാണ് കൃഷ്ണദാസിനേക്കാള്‍ അല്‍പ്പം മൂത്തത്. സ്‌കൂള്‍ അവധിക്കാലത്ത് കലാമണ്ഡലത്തില്‍ കോച്ചിംഗ് അക്കാലത്ത് ഉണ്ടായിരുന്നു. അവിടുത്തെ സമ്പ്രദായം പ്രസാദിന് തൃപ്തിനല്‍കിയില്ല. അതിനാല്‍ കഥകളി ഇഷ്ടപ്പെട്ടിരുന്ന പ്രസാദിനെ കോട്ടക്കല്‍ നാട്യസംഘത്തില്‍ ചേര്‍ത്തു. മന്നാടി ആശാന്റെ ഗുരു, കുട്ടന്‍ മാരാരാശാന് ദക്ഷിണ വച്ചാണ് തുടക്കം കുറിച്ചത്. മന്നാടിയാശാന്റെ ശിഷ്യനായ കോട്ടക്കല്‍ കൃഷ്ണന്‍കുട്ടി ആശാനായിരുന്നു പഠിപ്പിക്കാന്‍ ഉണ്ടായിരുന്നത്. കഠിനമായ ക്ലാസ്. ബാക്കി കളരികളിലെ വിദ്യാര്‍ത്ഥികള്‍ രാവിലെ കുളിച്ച് പ്രാതല്‍ കഴിക്കുമ്പോഴും പ്രസാദ് സാധകത്തിന്റെ തിരക്കിലാവും. 

പ്രസാദിന്റെ കൊട്ടിന് നല്ല കനം തന്നെയായിരുന്നു. കഥകളി മേളത്തിന് പ്രസാദിനൊപ്പം മറ്റാരും ഉണ്ടായിരുന്നില്ല.  പിന്നീടാണ് പനമണ്ണ ശശി വന്നത്. അത് അല്‍പ്പം ആശ്വാസമായി. കര്‍ക്കശമായ ശിക്ഷണത്താല്‍ പ്രതിഭാശാലിയായ ആശാനെ കലാകേരളത്തിന് ലഭിച്ചു. മിടുമിടുക്കന്മാരായ ശിഷ്യരെ വാര്‍ത്തെടുക്കുവാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ഇപ്പോള്‍ കോട്ടക്കല്‍ പിഎസ്‌വി നാട്യസംഘത്തിലെ ചെണ്ട വിഭാഗത്തിന്റെ തലവനാണ് പ്രസാദ്. അതിനാല്‍ത്തന്നെ ഒട്ടേറെ അരങ്ങുകളില്‍നിന്നും ആര്‍ജ്ജിച്ച കരുത്തിനാല്‍ പ്രസാദിന്റെ മേളത്തിന്റെ ഭംഗി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു.

ആട്ടങ്ങളുടെ ഭാവതലങ്ങള്‍ ഉള്‍ക്കൊണ്ട് അരങ്ങിനെ വിപുലീകരിക്കുന്ന മേളക്കൊഴുപ്പ് മന്നാടിയാശാന്റെ മുഖമുദ്രയാണ്. ഈ വഴിയാണ് ഇപ്പോഴത്തെ ആശാന്മാരും സ്വീകരിച്ചിരിക്കുന്നത്. ഇവര്‍ നേര്‍ക്കുനേര്‍ പയറ്റുന്ന മേളപ്പദത്തിന്റെ ഗാംഭീര്യം ഒന്നു വേറെ തന്നെ. കണ്യാര്‍കളിയുടെ മേളപ്രപഞ്ചത്തിന്റെ ഭാവി ഇവരില്‍ തന്നെയാണ് നിറഞ്ഞ് നില്‍ക്കുന്നത്. സൗമ്യമായ പെരുമാറ്റത്താല്‍ ആസ്വാദകര്‍ക്കും സംഘാടകര്‍ക്കും ഇവര്‍ ഏറെ പ്രിയങ്കരരാണ്.  ജന്മനാട്ടില്‍വച്ച് ഈ വാദ്യവല്ലഭന്മാരെ  കലാമണ്ഡലം ഗോപി അടുത്തിടെയാണ് വീരശൃംഖല ചാര്‍ത്തി ആദരിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.