'പിണറായിയോ, താനോ അല്ല ശബരിമല യുവതീ പ്രവേശനം തീരുമാനിക്കുന്നത്; ഹിന്ദു മതാചാര്യന്മാര്‍ നിലപാട് എടുക്കട്ടെ'; കടകംപള്ളിയുടെ ഇന്നത്തെ നിലപാട്

Tuesday 14 January 2020 1:14 pm IST

കൊച്ചി: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് പിണറായി വിജയനോ, താനോ അല്ല തീരുമാനിക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതുസംബന്ധിച്ച് ഹിന്ദു മതാചാര്യന്മാര്‍ തീരുമാനിക്കട്ടേയെന്നും അദ്ദേഹം പ്രതികരിച്ചു. യുവതീ പ്രവേശനത്തെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ നിലപാട് എടുത്തതോടെ വിശ്വാസികള്‍ക്കിടയില്‍ നിന്നും കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. കൂടാതെ ഇത് തീര്‍ത്ഥാടകരുടെ എണ്ണത്തിലും ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തിലും പ്രതിഫലിച്ചതോടെയാണ് സര്‍ക്കാര്‍ ഈ വര്‍ഷം നിലപാട് മാറ്റുകയായിരുന്നു. കൂടാതെ ശബരിമലയില്‍ പ്രവേശിക്കാനെത്തിയ ആക്ടിവിസ്റ്റുകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കാതെ തിരിച്ചയയ്ക്കുകയും ചെയ്തു. 

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി വിശാല ബെഞ്ച് പരിഗണിക്കവേ സത്യവാങ്മൂലം സമര്‍പ്പിക്കുന്നത് സംബന്ധിച്ച ദേവസ്വം ബോര്‍ഡ് യോഗത്തിലും ഹിന്ദു മതാചാര്യന്മാരുടെ അഭിപ്രായം പരിഗണിക്കുമെന്നാണ് അറിയിച്ചത്. അതേസമയം ശബരിമലയിലും മരടിലും സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു. 

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കിയത് സന്തോഷത്തോടെയല്ല. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുകയാണ് ചെയ്തതെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ താനും തോമസ് ഐസക്കും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.