ആരാധനാലയങ്ങളില്‍ എത്തുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം; കോടികള്‍ ഇതിനായി ചെലവഴിക്കുന്നുണ്ടെന്ന് കടകംപള്ളി

Sunday 19 January 2020 2:00 pm IST

കൊച്ചി : സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ എത്തുന്ന വ്യക്തികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ക്ഷേത്രങ്ങള്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കി നല്‍കാനുള്ള ശ്രമത്തിലാണെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 

സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നാല് കോടി രൂപ മുടക്കി തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന അമിനിറ്റി ആന്‍ഡ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. 

ക്ഷേത്രത്തിന്റെ വരുമാനത്തില്‍ നിന്ന് ഒരു പൈസ പോലും സര്‍ക്കാര്‍ എടുക്കുന്നില്ല. 60 ദിവസം നീണ്ടുനിന്ന ഈ ശബരിമല തീര്‍ത്ഥാടന കാലത്ത് വിവിധ വകുപ്പുകളെ ഏകീകരിച്ചു കൊണ്ട് ഒരു പരാതി ഇല്ലാതെ ഭംഗിയായി നടത്താന്‍ കഴിഞ്ഞിട്ടുണ്ട് ആരാധനാലയങ്ങളില്‍ എത്തുന്ന ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കല്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. ഇതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികള്‍ ചെലവഴിക്കുന്നുണ്ടെന്നും മന്ത്രി കടകംപള്ളി. 

ചടങ്ങില്‍ ബെന്നി ബഹനാന്‍ എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ ,ക്ഷേത്ര ഭാരവാഹികളായ പ്രസിഡന്റ് അകവൂര്‍ കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട്, സെക്രട്ടറി രാഹുല്‍ റാം, നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ കെ.കെ. ബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ഇതിനു മുമ്പത്തെ ശബരിമല തീര്‍ത്ഥാടന വേളയില്‍ യുവതികളുടെ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനെ തുടര്‍ന്ന് തീര്‍ത്ഥാടകരുടെ എണ്ണം കുറയുകയും ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തിലും ഇടിവ് സംഭവിച്ചിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റിയതോടെയാണ് ഇത്തവണ തീര്‍ത്ഥാടകര്‍ കൂടുതലായി എത്തിയത്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.