കൈമെയ് മറന്ന് ദുരന്തം നേരിടാം

Monday 12 August 2019 1:38 am IST

 

ഹാപ്രളയത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ നടുക്കത്തോടെ മാത്രമേ പേമാരിയേയും വെള്ളപ്പൊക്കത്തെയും കാണാനാകൂ. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കെടുതികളുണ്ടായത്. ഇന്നലെ വൈകീട്ടോടെ 74 മൃതദേഹങ്ങള്‍ കണ്ടെത്താനായി. അത്രയും പേര്‍ മണ്ണിനടിയില്‍ കുടുങ്ങിപ്പോയി എന്ന സംശയമുണ്ട്. പരാതികളും പരിഭവവും ആക്ഷേപങ്ങളും ഏറെ ഉണ്ടെങ്കിലും അതെല്ലാം ചികയേണ്ട സമയമല്ല ഇത്. ദുരിതബാധിതരെ സഹായിക്കാനും സംരക്ഷിക്കാനും കൈമെയ് മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍വരും സഹകരിക്കേണ്ട സമയമാണിത്. പക്ഷേ, എല്ലാവരേയും സഹകരിപ്പിക്കേണ്ട മന്ത്രിമാര്‍ തന്നെ വിഭാഗീയതയും വിമര്‍ശനങ്ങളും ഉണ്ടാക്കുകയാണ്. അതിന്റെ ഒന്നാന്തരം തെളിവാണ് ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പ്രസ്താവന.

സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ചിഹ്നങ്ങളൊന്നും ഉപയോഗിക്കരുതെന്നാണ് മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും നിര്‍ദ്ദേശം. ചിഹ്നങ്ങള്‍ ഉപയോഗിച്ചാലും സഹായവും സഹകരണവും വേണമെന്നായിരുന്നു പറയേണ്ടിയിരുന്നത്. കേരളം സംഘപരിവാറിന് വേരില്ലാത്ത സ്ഥലമാണെന്നും തോമസ് ഐസക് പറയുന്നു. വേരും വേരോട്ടവും പരിശോധിക്കേണ്ട സമയമാണോ ഇത്. ഏറെ വേരോട്ടമുള്ള സിപിഎമ്മിന്റെ ഒരുഘടകവും സേവന പ്രവര്‍ത്തനങ്ങളില്‍ കാണാനില്ലാത്തതിന്റെ മനോവിഷമമായിരിക്കും ധനമന്ത്രിക്ക്. പേമാരിയും വെള്ളപ്പൊക്കവും കേരളത്തില്‍ മാത്രമുള്ളതല്ല. ഏഴ് സംസ്ഥാനങ്ങളില്‍ കെടുതി വിതച്ചിരിക്കുകയാണ്. സന്നദ്ധസംഘടനകളില്‍ ഏറെ പ്രശംസനീയമായി പ്രവര്‍ത്തിക്കുന്നത് സംഘപരിവാറില്‍പ്പെട്ട സേവാഭാരതിയാണ്. രാജ്യത്താകമാനം അവരുടെ സേവനങ്ങളില്‍ സര്‍ക്കാരുകളെല്ലാം സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. സഹായിക്കാനെത്തുന്നവരെപ്പോലും നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ തയാറാകുന്നത്.

മലവെള്ളപ്പാച്ചിലില്‍ മണ്ണിനടിയില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള തീവ്രശ്രമങ്ങള്‍ക്ക് തടസ്സമായി വീണ്ടും ഉരുള്‍പൊട്ടലും കനത്ത മഴയും മണ്ണിടിച്ചിലും. ഇതോടെ സൈന്യം അടക്കമുള്ള രക്ഷാപ്രവര്‍ത്തകരും നിസ്സഹായാവസ്ഥയിലാണ്. ഉറ്റവരുടെ ജീവനുവേണ്ടി ബന്ധുക്കള്‍ കണ്ണീരും പ്രാര്‍ഥനയുമായി കഴിയുകയാണ്. എട്ടു ജില്ലകളിലായി രണ്ടു ദിവസത്തിനകം എണ്‍പതോളം ഉരുള്‍പൊട്ടലുകളാണ് ഉണ്ടായത്. തീവ്ര മഴയില്‍ ഉരുള്‍പൊട്ടിയ  വയനാട്ടിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലും പന്ത്രണ്ടടി പൊക്കത്തിലാണ് പുതുമണ്ണ് കൂടിക്കിടക്കുന്നത്. ഇതിനിടയിലാണ് മിക്കവരുംപ്പെട്ടിരിക്കുന്നത്.  മഴയും മണ്ണിടിച്ചിലും കാരണം പലകുറി തെരച്ചില്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരുന്നുമുണ്ട്. വൈകുംതോറും പ്രതീക്ഷകളും മങ്ങുകയാണ്. കവളപ്പാറയില്‍  നിരവധിപേര്‍ മരിച്ചു. ഇവിടെ 68 പേര്‍ മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുത്തുമല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ലക്ഷത്തിലധികം പേരാണ് ക്യാമ്പുകളിലുള്ളത്. ഇവര്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ അധ്വാനം ഏറെ നടത്തണം. യാത്രകള്‍ മുടങ്ങി. തീവണ്ടികള്‍ റദ്ദാക്കി. എന്നാലും ജനങ്ങളുടെ സേവനതല്പരതയാണ് ആശ്വാസം പകരുന്നത്.

സാധാരണ ജനങ്ങളും സംഘടനകളും   വിഷമമനുഭവിക്കുന്ന ആളുകളെ സഹായിക്കാന്‍ കാണിക്കുന്ന താല്‍പര്യം അഭിനന്ദനാര്‍ഹമാണ്. ഇത് ആവശ്യത്തിന് അനുസരിച്ച് ഉപയോഗിക്കാന്‍ സാധിക്കണം. സാധനങ്ങള്‍ സമാഹരിച്ച് ഏതെങ്കിലും ക്യാംപില്‍ എത്തിക്കുന്നതിനു പകരം ജില്ലകളിലെ കലക്ടിങ് സെന്ററുകളില്‍ എത്തിച്ചാല്‍ മതിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അത് നല്ലതുതന്നെ. കഴിഞ്ഞ തവണ അങ്ങിനെ ഏല്പിച്ച സാധനങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിച്ചില്ല എന്ന പരാതികള്‍ ഉയര്‍ന്ന വസ്തുത മറന്നുകൂടാ. മഴ കുറഞ്ഞതിനാല്‍ നേരിയ ആശ്വാസമുണ്ട്. എന്നാല്‍ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. ഇതു ഗൗരവമായി തന്നെ എടുക്കണം. ഒന്നു രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണു പ്രവചനം. ഈ ദിവസങ്ങളില്‍കൂടി നല്ല ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ദുരന്തംപേറുന്നവരെ സഹായിക്കാനും സംരക്ഷിക്കാനും നാട് ഒന്നടങ്കം മുന്നോട്ട് വരുമ്പോള്‍ പാഷാണം കലക്കാന്‍ മന്ത്രിമാര്‍ തന്നെ തയാറാകുന്നതാണ് ഏറെ കഷ്ടം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.