കലാപമെന്നത് വെറും വ്യാമോഹം മാത്രം

Friday 24 January 2020 7:38 am IST

'പൗരത്വ ബില്ല് നമ്മള്‍ എതിര്‍ക്കുന്നു, നാഷണല്‍ രജിസ്റ്റര്‍ എതിര്‍ക്കുന്നു, നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ നമ്മള്‍ എതിര്‍ക്കുന്നു. പക്ഷേ ഒരു കാര്യം ഞാന്‍ നിങ്ങളോട് പറയാം, പരിധി കടക്കാതിരിക്കണം, പരിധി വിട്ടതുകൊണ്ട് കാര്യമില്ല. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്നാണ് എനിക്ക് പറയാനുള്ളത്.'

കോണ്‍ഗ്രസിനൊപ്പം നിന്ന് പൗരത്വ നിയമ ഭേദഗതിയെ തുടക്കം മുതല്‍ എതിര്‍ക്കുന്ന നേതാവാണ് ആര്യാടന്‍ മുഹമ്മദ്. എന്നാല്‍ ഇതിനെതിരെ നടക്കുന്ന സമരാഭാസങ്ങളെ അനുകൂലിക്കേണ്ട ബാധ്യത തനിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കാനും അദ്ദേഹം ആര്‍ജ്ജവം കാണിക്കുന്നു. സമരം അതിരുവിടരുതെന്ന് അണികളോട് ആവശ്യപ്പെടുന്ന അദ്ദേഹത്തിന്റെ പ്രസംഗം ഇതിനോടകം സമൂഹ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായി കഴിഞ്ഞു. തന്റെ നിലപാടുകള്‍ ജന്മഭൂമിയോട് സംസാരിക്കുകയാണ് അദ്ദേഹം.

ഒരു വിഭാഗത്തെ മാറ്റിനിര്‍ത്തരുത്

രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ ഇന്ത്യയോട് സ്‌നേഹമുണ്ടായിട്ടും അകപ്പെട്ടുപോയ നിരവധി പേര്‍ പാക്കിസ്ഥാനിലുണ്ട്. അഭയം തേടിയെത്തുന്നവര്‍ക്കെല്ലാം പരിശോധനകള്‍ക്ക് ശേഷം പൗരത്വം നല്‍കണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. മുസ്ലിം മത വിശ്വാസിയായിട്ടും മുസ്ലിമായി അംഗീകരിക്കപ്പെടാത്ത ആയിരങ്ങള്‍ പാക്കിസ്ഥാനിലുണ്ട്. അവര്‍ നമ്മുടെ രാജ്യത്തേക്ക് വരാന്‍ താല്‍പര്യം കാണിച്ചാല്‍ അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. വിഭജനത്തിന്റെ പേരില്‍ ഒരുവിഭാഗത്തെ മാറ്റി നിര്‍ത്തുന്നത് ശരിയല്ല. മഹാത്മാ ഗാന്ധിജിയുടെ വീക്ഷണത്തിലാകണം പൗരത്വ പ്രശ്‌നം പരിഗണിക്കേണ്ടത്.

സമരം അതിരുവിടരുത്

സമരത്തിലൂടെയാണ് നമ്മള്‍ സ്വാതന്ത്ര്യം പോലും നേടിയെടുത്തത്. സമരം ചെയ്യാന്‍ ആര്‍ക്കും അവകാശമുണ്ട്. പക്ഷേ അത് സഹജീവികളെ ഉപദ്രവിച്ചാവരുത്. കുടിവെള്ളം മുട്ടിച്ചും, വഴി തടഞ്ഞും, സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുമുള്ള സമരങ്ങള്‍ വലിയ അപകടം ക്ഷണിച്ചു വരുത്തും.

വര്‍ഗീയതക്കെതിരെയുള്ള ആയുധം മതേതരത്വമാണ്

വര്‍ഗീയതയെ നേരിടേണ്ടത് വര്‍ഗീയത കൊണ്ടല്ല. വര്‍ഗീയതയെ നേരിടാനുള്ള നല്ല ആയുധം മതേതരത്വമാണ്. പൗരത്വ സമരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വലിയ ക്ഷീണമാണ് സമ്മാനിക്കുന്നത്. സമരങ്ങള്‍ക്കിടയില്‍ നുഴഞ്ഞു കയറുന്ന വര്‍ഗീയ ശക്തികള്‍ മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. കഴിഞ്ഞ ദിവസം പങ്കെടുത്ത യോഗങ്ങളില്‍ ഞാന്‍ ഈ കാര്യം കൃത്യമായി പറയുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധിക്കാനും എതിര്‍ക്കാനും അവകാശമുണ്ട്, പക്ഷേ അത് ദുരുദ്ദേശപരമാകരുത്. ഒരു വിഭാഗം ആളുകള്‍ സമരം ചെയ്തതുകൊണ്ട് ഈ നിയമം ഇല്ലാതാക്കാനാകില്ല. അതിന് എല്ലാവരുടെയും സഹായം വേണം. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമടക്കം എല്ലാവരും ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ സമരം വിജയിക്കൂ. പൗരത്വ നിയമ ഭേദഗതിയെ ശക്തമായി എതിര്‍ക്കുന്ന ഒരുവിഭാഗം ഹിന്ദുക്കള്‍ സമൂഹത്തിന്റെ വിവിധ തലങ്ങളിലുണ്ട്. ഇവരെയടക്കം ശത്രുക്കളായി പ്രഖ്യാപിച്ച് വര്‍ഗീയമായ രീതിയില്‍ നടക്കുന്ന സമരം ഗുണത്തേക്കാള്‍ ഏറെ ദോഷമാണ്.

ജനങ്ങളെ ആശങ്കയിലാഴ്ത്തരുത്

എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി സംഘടനകള്‍ ശരിക്കും പൗരത്വ നിയമത്തിനെതിരെയുള്ള സമരം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ്. മുസ്ലിം വോട്ടുകളില്‍ ആകൃഷ്ടരായ സിപിഎമ്മും ഇവര്‍ക്ക് പിന്തുണ നല്‍കുന്നു. മുസ്ലിം മത വിശ്വാസികള്‍ രാജ്യത്തിന് പുറത്തേക്ക് പോകേണ്ടി വരുമെന്ന രീതിയില്‍ നടക്കുന്ന പ്രചാരണം പ്രതിഷേധാര്‍ഹമാണ്. പൗരത്വം നല്‍കുന്നതില്‍ നിന്ന് അഭയാര്‍ത്ഥികളായ മുസ്ലിങ്ങളെ ഒഴിവാക്കിയതാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. അതിന് പകരം നിലവിലെ പൗരന്മാരെയടക്കം ആശങ്കയിലേക്ക് തള്ളി വിടുന്ന രീതിയില്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് പ്രശ്‌നം. ഇത് സമരത്തെ പ്രതികൂലമായി ബാധിക്കും. സത്യം തിരിച്ചറിയുമ്പോള്‍ ഇത്രയും നാള്‍ കള്ളം പറഞ്ഞവരെ ഈ ജനസമൂഹം തള്ളിപ്പറയും. നിയമ ഭേദഗതിയിലെ കാതലായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചുള്ള സമരമാണ് നടത്തേണ്ടത്. ഹിന്ദുക്കളെ മുഴുവന്‍ ശത്രുക്കളായി കണ്ടുള്ള സമരരീതി രാജ്യത്തിന്റെ മതേതര മൂല്യങ്ങളെ ഇല്ലാതാക്കുന്നതിന് തുല്യമാണ്.

മുസ്ലിം ലീഗിനും ഭയം

പൗരത്വ നിയമ ഭേദഗതിയിലെ അപാകതയേക്കാള്‍ മുസ്ലിം ലീഗ് ഭയക്കുന്നത് അവരുടെ പരമ്പരാഗത വോട്ടുകള്‍ തീവ്രവാദ സംഘടനകള്‍ കൈക്കലാക്കുമോയെന്ന കാര്യത്തിലാണ്. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവരുടെ സമരങ്ങളെ തുടക്കത്തിലേ വെട്ടാന്‍ ലീഗ് ശ്രമിച്ചിരുന്നു. മുസ്ലിങ്ങളുടെ സംരക്ഷകര്‍ എക്കാലവും തങ്ങള്‍ തന്നെയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ലീഗ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വേഗം സുപ്രീംകോടതിയെ സമീപിച്ചതും മറ്റും.

സിപിഎമ്മിന്റെ ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്

പൗരത്വ ഭേദഗതിക്കെതിരെ തീവ്രസ്വഭാവമുള്ള സംഘടനകളെ വരെ കൂട്ടുപിടിച്ച് സമരം ചെയ്യുന്ന സിപിഎമ്മിന്റെ യഥാര്‍ത്ഥ ലക്ഷ്യം മുസ്ലിം വിശ്വാസികളെ സംരക്ഷിക്കുകയെന്നതല്ല. വരാന്‍ പോകുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ഉറപ്പിക്കുകയെന്നതാണ്. മുസ്ലിം ലീഗ് അടക്കമുള്ള പാര്‍ട്ടികളും ഈ സമരത്തിലൂടെ തെരഞ്ഞെടുപ്പ് വിജയമാണ് ലക്ഷ്യമിടുന്നത്. ജനങ്ങളില്‍ ആശങ്ക പരത്തി, അവരെ തമ്മിലടിപ്പിച്ച് നടത്തുന്ന ഇത്തരം രാഷ്ട്രീയക്കളികള്‍ ജനാധിപത്യത്തിന് തന്നെ നാണക്കേടാണ്. ഈ സമരത്തിന് ശേഷം ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിക്കാന്‍ പോകുന്ന പാര്‍ട്ടിയും സിപിഎമ്മായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

അക്രമങ്ങളെ മഹത്വവല്‍ക്കരിക്കുന്ന ചരിത്രമാണ് സിപിഎമ്മിന്റേത്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന മാധവന്‍ നായര്‍ എഴുതിയ മലബാര്‍ കലാപം എന്ന പുസ്തകത്തില്‍ 1921 ന് മുമ്പും കേരളത്തില്‍ പ്രത്യേകിച്ച് മലബാറില്‍ വര്‍ഗീയ കലാപമുണ്ടായതായി പറയുന്നുണ്ട്. ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടന്നിരിക്കുന്നത് റംസാന്‍ മാസങ്ങളിലാണ്. പുണ്യം ലഭിക്കുമെന്ന ചിന്തയില്‍ ഹിന്ദുഭവനങ്ങള്‍ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു. കാഫിറിനെ കൊന്നാല്‍ പുണ്യം കിട്ടുമെന്ന് ചിലര്‍ അക്കാലത്ത് പറഞ്ഞുപരത്തിയിരുന്നു. ആക്രമിക്കപ്പെട്ടതില്‍ ഏറെയും ധാരാളം സ്വത്തുക്കളുള്ള നായര്‍ തറവാടുകളും കോവിലകങ്ങളുമൊക്കെയായിരുന്നു. ഇതിനെ പിന്നീട് കാര്‍ഷിക വിപ്ലവമെന്ന രീതിയില്‍ ഇഎംഎസ് വളച്ചൊടിക്കുകയും ചെയ്തു. ഇങ്ങനെ അക്രമങ്ങളെ മഹത്വവല്‍ക്കരിക്കുന്ന രീതി സിപിഎം ഇപ്പോഴും പിന്തുടരുകയാണ്.

കലാപമെന്നത് വെറും വ്യാമോഹം

ഇനി കേരളത്തില്‍ ഒരു കലാപം ആരെങ്കിലും സ്വപ്‌നം കാണുന്നുണ്ടെങ്കില്‍ അതുവെറും വ്യാമോഹം മാത്രമാണ്. പണ്ടത്തെ കാലമല്ല, വല്ലാതെ മാറിപ്പോയിരിക്കുന്നു. ആരൊക്കെ കിണഞ്ഞ് ശ്രമിച്ചാലും അതിനെ മാറ്റാനും കഴിയില്ല. കഴിഞ്ഞ പ്രളയത്തില്‍ കവളപ്പാറയിലുണ്ടായ ദുരന്തം എല്ലാവരും ഓര്‍മ്മിക്കുന്നുണ്ടല്ലോ. അന്ന് മൃതശരീരങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തത് പോത്തുകല്ലിലെ ഒരു മുസ്ലിം പള്ളിയുടെ അകത്തളത്തിലാണ്. വെള്ളിയാഴ്ച ദിവസമായിട്ട് കൂടി വിശ്വാസികള്‍ പള്ളി തുറന്നുനല്‍കി. മരിച്ചവരില്‍ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമൊക്കെ ഉണ്ടായിരുന്നു. പള്ളിയില്‍ പോസ്റ്റുമോര്‍ട്ടം നടക്കുമ്പോള്‍ വിശ്വാസികള്‍ പോത്തുകല്ല് ബസ് സ്റ്റാന്‍ഡ് പരിസരത്ത് ജുമാ നിസ്‌ക്കരിക്കുകയായിരുന്നു. ഇത്രയും ഒത്തൊരുമയുള്ള ഒരു സമൂഹത്തെ കലാപത്തിലേക്ക് തള്ളിവിടാന്‍ ഒരു ദുഷ്ടശക്തികള്‍ക്കുമാകില്ല.

പൊതുയോഗം നടത്താന്‍ ബിജെപിക്കും അവകാശമുണ്ട്

സംഘടിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ബിജെപിക്ക് മാത്രം അത് നിഷേധിക്കുന്നത് മര്യാദകേടാണ്. തിരൂരില്‍ ബിജെപി യോഗം നടത്തിയപ്പോള്‍ ഹര്‍ത്താല്‍ ആചരിച്ചത് അംഗീകരിക്കാനാവില്ല. കടകളടച്ചും ബസുകളടക്കം ഓടാതെയും നടത്തിയ പ്രതിഷേധത്തിന് പിന്നില്‍ സാമൂഹ്യവിരുദ്ധരാണ്. എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയുമൊക്കെ നാട് നന്നാക്കാനോ മുസ്ലിമിന്റെ ഉന്നമനത്തിനോ വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. ഹിന്ദുവിന്റെ അംഗീകാരത്തോടെയാണ് ഇവിടെ മുസ്ലിമും ക്രിസ്ത്യാനിയുമൊക്കെ ഉണ്ടായത്. അത് മറന്നുകൊണ്ടുള്ള എടുത്തുചാട്ടം ശത്രുക്കള്‍ക്ക് ആയുധം നല്‍കുന്നതിന് തുല്യമാകും. തെരുവിലിറങ്ങി സമരം ചെയ്യുന്നതിനേക്കാള്‍ ആളുകള്‍ മൊബൈലിലൂടെ സമരം ചെയ്യുന്നു. മൊബൈല്‍ ഫോണ്‍ വഴി ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നു, വാഹനങ്ങള്‍ തടയുന്നു. ഇത്തരം ഭീരുക്കളാണ് ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ശത്രുക്കള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.