കളിയിക്കാവിള കേസ്; പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് സൈന്യം ഉപയോഗിക്കുന്ന ഇറ്റാലിയന്‍ നിര്‍മിത തോക്ക്‌

Thursday 23 January 2020 3:40 pm IST

കൊച്ചി: കളിയിക്കാവിളയില്‍ തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥന്‍ വില്‍സണെ വെടിവെച്ചുകൊല്ലാന്‍ ഉപയോഗിച്ച തോക്ക് കണ്ടെടുത്തു. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഓടയില്‍ നിന്നാണ് തോക്ക് കണ്ടെത്തിയത്. 

സൈനികര്‍ ഉപയോഗിക്കുന്ന വിധത്തില്‍ ഇറ്റാലിയന്‍ നിര്‍മിതമായ തോക്കാണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്. എസ്എസ്‌ഐ വില്‍സണെ കൊലപ്പെടുത്തിയ ശേഷം അബ്ദുള്‍ ഷമീമും താഫീഖും കളിയിക്കാവിളയില്‍ നിന്നും എറണാകുളത്ത് എത്തുകയായിരുന്നു. പിന്നിട് കൊലപാതക വാര്‍ത്ത പത്രത്തില്‍ കണ്ടതോടെ ഓടയില്‍ തോക്ക് ഉപേക്ഷിച്ച് ഇരുവരും ഉഡുപ്പിയിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിലെ ആഭ്യന്തരസുരക്ഷാ വിഭാഗവും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും റെയില്‍വേ സുരക്ഷാ വിഭാഗവും ചേര്‍ന്നാണ് ഇരുവരേയും പിടികൂടിയത്. തിരുവനന്തപുരത്ത് നിന്ന് വരുന്ന വെരാവല്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യവേ ജനുവരി ഏഴാം തിയതിയാണ് പ്രതികള്‍ അറസ്റ്റിലായത്. 

പാളയംകോട്ട ജയിലില്‍ കഴിയുന്ന ഇരുവരേയും എറണാകുളത്ത് തെളിവെടുപ്പിനായി എത്തിക്കുകയായിരുന്നു. അതേസമയം ഇവരുടെ പക്കല്‍ സൈനികര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള തോക്ക് വന്നതെങ്ങനെയെന്ന് അന്വേഷിക്കുമെന്ന് ക്യൂ ബ്രാഞ്ച് ഡിവൈഎസ്പി കെ. ഗണേശന്‍ വ്യക്തമാക്കി. കൊലപാതകത്തിന്റെ ബുദ്ധി കേന്ദ്രമായി പ്രവര്‍ത്തിച്ചതായി സംശയിക്കുന്ന മെഹ്ബൂഹ് പാഷയും ഇജാസ് പാഷയും നിലവില്‍ ബെംഗളൂരു പോലീസിന്റെ പിടിയിലാണ്. ഇവരെ അറസ്റ്റ് ചെയ്തതാണ് പ്രതികളുടെ അറസ്റ്റിലേക്കും വഴി തെളിച്ചത്. 

അല്‍- ഉമ്മ എന്ന സംഘടനയെ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതോടെ തമിഴ്‌നാട് നാഷണല്‍ ലീഗ് എന്ന പേരിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ സംഘടനയുടെ മറവിലാണ് അറസ്റ്റിലായ പ്രതികളും പ്രവര്‍ത്തിച്ചിരുന്നത്. 17 പേരാണ് ഇവരുടെ സംഘത്തിലുള്ളത്. ഇപ്പോള്‍ അറസ്റ്റിലായ അബ്ദുള്‍ ഷമീം ഹിന്ദു മുന്നണി നേതാവായിരുന്ന കെ പി സുരേഷ് കുമാറിനെ 2014-ല്‍ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.