കല്ലട ബസ്സിന്റെ രജിസ്‌ട്രേഷന്‍ അരുണാചലില്‍; പെര്‍മിറ്റ് റദ്ദാക്കാനാവില്ലെന്ന് മന്ത്രി, ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കും

Thursday 20 June 2019 12:32 pm IST

തിരുവനന്തപുരം : പീഡനാരോപണത്തില്‍ കല്ലട ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. നിലവില്‍ ബസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അരുണാചല്‍ പ്രദേശിലാണ്. അതിനാല്‍ ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. 

അതേസമയം സംഭവത്തില്‍ അറസ്റ്റിലായ കല്ലട ബസിന്റെ െ്രെഡവര്‍ ജോണ്‍സണ്‍ ജോസഫിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ഇയാളുടെ ലൈസന്‍സ് കോട്ടയത്താണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. 

കല്ലട ബസ് ഉടമയ്ക്ക് നൂറുകണക്കിന് ബസ്സുകളുണ്ട്. അതില്‍ ഏതാനും കുറച്ച് ബസ്സുകള്‍ മാത്രമാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ നടപടി സ്വീകരിക്കുന്നതിന് പരിമിതികളുണ്ട്. എന്നാല്‍ തമിഴ്‌നാട് സ്വദേശിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കര്‍ശ്ശന നടപടി സ്വീകരിക്കും. കൂടാതെ അന്തര്‍ സംസ്ഥാന ബസ്സുകള്‍ ഓടിക്കാന്‍ കെഎസ്ആര്‍ടിസി വീണ്ടും ടെന്‍ഡര്‍ വിളിക്കുമെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേര്‍ത്തു.

പുലര്‍ച്ചെ രണ്ടുമണിയോടെ കോഴിക്കോട് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.  കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന തമിഴ്‌നാട് സ്വദേശിനിയായ യുവതിക്ക് നേരെയുണ്ടായ പീഡന ശ്രമത്തില്‍ ബസ്സിന്റെ രണ്ടാം െ്രെഡവര്‍ കോട്ടയം പുതുപ്പള്ളി സ്വദേശി ജോണ്‍സണ്‍ ജോസഫാണ് പിടിയിലായത്. സംഭവത്തെ തുടര്‍ന്ന് ബസ്സിനുള്ളില്‍ വെച്ച് യുവതി ബഹളം വെച്ചതോടെ സഹയാത്രികര്‍ ഇടപെട്ട് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.