ഭരണ-പ്രതിപക്ഷത്തിന്റെ കള്ളനും പോലീസും കളി

Thursday 6 February 2020 6:39 am IST

 

പൗരത്വ നിയമത്തിനെതിരെ ആരംഭിച്ച സമരം രാജ്യത്ത് ചിലകേന്ദ്രങ്ങളില്‍ തുടരുകയാണ്. അക്രമവും അരാജകത്വവും സൃഷ്ടിക്കാന്‍ സമരക്കാര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഏത് വിഭാഗത്തില്‍ പെട്ട ആളായാലും ഒരാള്‍ക്ക് പോലും പ്രതികൂലമാകാത്തതാണ് നിയമം. എന്നിട്ടും നിയമം മുസ്ലീങ്ങള്‍ക്കെതിരാണെന്നും ഭരണഘടനാമൂല്യങ്ങളെ അട്ടിമറിക്കുന്നതാണെന്നും ആരോപിച്ച് നടത്തുന്ന പ്രചാരണം ചിലരെയെങ്കിലും ആശങ്കപ്പെടുത്തിയിട്ടുണ്ട്.

 മുസ്ലിം കേന്ദ്രങ്ങളിലെ കുട്ടികള്‍ പരിഭ്രാന്തരായതിനാല്‍ കൗണ്‍സലിംഗ് അടക്കമുള്ളവയെ ആശ്രയിക്കുന്നതായും വാര്‍ത്തയുണ്ട്. പ്രചാരണത്തിന്റെ മെഗാഫോണ്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും കയ്യിലാണ്. ഈ കള്ളപ്രചാരണം അവസരമാക്കിയെടുത്ത് തീവ്ര ഭീകരവാദഗ്രൂപ്പുകള്‍ കേരളത്തിലും കലാപത്തിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കോണ്‍ഗ്രസും സിപിഎമ്മും യോജിച്ച് നടത്തിയ പൗരത്വ വിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്നിലും പിന്നിലും ഭീകരസംഘടനാപ്രവര്‍ത്തകരായിരുന്നു എന്നത് ഇന്നൊരു രഹസ്യമല്ല. ഇരുമുന്നണിക്കാരും ഒറ്റക്കൊറ്റക്ക് നടത്തുന്ന സമരങ്ങളിലും ഭീകരരുടെ സജീവസാന്നിധ്യമുണ്ട്. ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞു എന്ന് ബോധ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മെഗാഫോണ്‍ ഒന്ന് മാറ്റിപ്പിടിച്ചു. 

സമാധാനപരമായ സമരങ്ങളില്‍ എസ്ഡിപിഐ അടക്കമുള്ള തീവ്രഗ്രൂപ്പുകള്‍ കടന്നുകയറുന്നു എന്നാണ് മുഖ്യമന്ത്രി പ്രസ്താവിച്ചത്. നുഴഞ്ഞുകയറി അക്രമങ്ങളില്‍ ഏര്‍പ്പെട്ട ഒരാളെപ്പോലും പോലീസ് പിടികൂടിയിട്ടില്ല. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് കോഴിക്കോട് നടത്തിയ പ്രകടനത്തില്‍ ഗുജറാത്ത് എന്ന പരാമര്‍ശം ഉണ്ടാക്കിയതിന് നിരവധിപേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ആലുവയില്‍ നടത്തിയ പ്രകടനത്തിന് നേരെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പാഞ്ഞടുത്ത ഒരു എസ്ഡിപിഐക്കാരനെതിരെയും കേസെടുത്തിട്ടില്ല. 'ഇരുപത്തൊന്നില്‍ ഊരിയ കത്തി ചെത്തിമിനുക്കും, കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാല്‍ തലയും വെട്ടും' എന്ന മുദ്രാവാക്യം മതസൗഹാര്‍ദം തകര്‍ക്കുന്നതായി പൊലീസിന് തോന്നിയിട്ടില്ലെന്നുണ്ടോ? 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന സിമിയുടെ മുദ്രാവാക്യം കണ്ടില്ലെന്ന് നടിച്ച മുഖ്യമന്ത്രി കെ. കരുണാകരന്റെ കണ്ണു തുറപ്പിച്ചത് മറു മുദ്രാവാക്യം ഉയര്‍ന്നപ്പോഴാണ്. ആ സാഹചര്യമാണോ പിണറായി വിജയനും കാത്തിരിക്കുന്നത്?  ഇന്ത്യയിലെ ഒരു മുസല്‍മാനും എതിരാകാത്ത നിയമത്തെ എതിര്‍ക്കുന്നത് പാക്കിസ്ഥാന്‍ മാത്രമാണ്. പാക്കിസ്ഥാന്റെ സ്വരമാണ് കോണ്‍ഗ്രസുകാരില്‍ നിന്നും കമ്മ്യൂണിസ്റ്റുകാരില്‍ നിന്നും ലീഗുകാരില്‍ നിന്നും ഉയരുന്നത്. വെടിമരുന്നു പുരയാക്കി മുസ്ലീം കേന്ദ്രങ്ങളെ മാറ്റുകയാണ് ഈ കക്ഷികള്‍. അതിലൊരു തീപ്പൊരി വീണാല്‍ ഒരു പാര്‍ട്ടിക്കും നിലനല്‍പ്പില്ലെന്നോര്‍ക്കണം. 

സിപിഎമ്മിനേക്കാള്‍ വാശിയിലാണ് ദേശീയകക്ഷി എന്നവകാശപ്പെടുന്ന കേരളത്തിലെ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കാണ് നുണപ്രചാരണത്തിന്റെ നായകത്വം. പ്രധാനമന്ത്രിക്കും കേന്ദ്രആഭ്യന്തരമന്ത്രിക്കും എതിരെ മാത്രമല്ല, കേരള ഗവര്‍ണറെയും കരിവാരി തേക്കാനാണ് പ്രതിപക്ഷ നേതാവിന് ഉത്സാഹം. കേന്ദ്രത്തിലെ പ്രതിപക്ഷനായകനെന്ന ഭാവമാണ് രമേശ് ചെന്നിത്തലയ്ക്ക്. ചൈനാചാരന്മാരെന്നും അഞ്ചാംപത്തിയെന്നും ഒരു കാലത്ത് കമ്മ്യൂണിസ്റ്റുകാരെ മുദ്രകുത്തിയത് കോണ്‍ഗ്രസാണ്. കൊടിലുകൊണ്ടു പോലും തൊടാന്‍കൊള്ളാത്ത വൃത്തികെട്ട കക്ഷിയാണ് കോണ്‍ഗ്രസ് എന്ന് വിലയിരുത്തി പരസ്യ പ്രസ്താവന നടത്തിയത് ഇ.എം.എസ്.നമ്പൂതിരിപ്പാടാണ്. സോപ്പിന്റെ പരസ്യം പോലെ ''അതെല്ലാം മറന്നേക്കൂ'' എന്ന ഭാവത്തില്‍ സിപിഎം കാരനായ മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസുകാരനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരസ്പരം താങ്ങും തണലുമായി കഴിയുകയാണ്. ഇരുകൂട്ടരും ജനങ്ങളെ കബളിപ്പിച്ച് കള്ളനും പോലീസും കളിക്കുകയാണ്. ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത് ഒറ്റയ്‌ക്കൊറ്റക്കുള്ള സമരം കൊണ്ട് പ്രയോജനമില്ല. പ്രതിപക്ഷവുമായി ചേര്‍ന്ന് സമരത്തിനൊരുക്കമെന്നും പറഞ്ഞിരിക്കുന്നു. പന്തീരാങ്കാവ് കേസ് കേരളത്തിന് കൈമാറാന്‍ കേന്ദ്രത്തില്‍ കത്തെഴുതിയിട്ടുണ്ട്. അത് പ്രതിപക്ഷാവശ്യം പരിഗണിച്ചാണെന്നും മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നു. ഇരുവരും ചേര്‍ന്ന് നടത്തുന്ന, രാജ്യത്തിനും ജനങ്ങള്‍ക്കും ബോധ്യമാകാത്ത സമരത്തിന്റെ രൂപം ഏതായാലും ക്ലച്ചു പിടിക്കുകയില്ല. ചുമരുണ്ടെങ്കിലേ ചിത്രമുള്ളൂ. ചുമരെന്ന, രാജ്യത്തിന്റെ നിലനില്‍പ്പിനായുള്ള നിയമത്തെ എല്ലാ ജനങ്ങളും സര്‍വ്വാത്മനാ പിന്തുണയ്ക്കുക തന്നെ ചെയ്യും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.