രണ്ടാം വരവ് സുരേഷ് ഗോപിയും ശോഭനയും മോശമാക്കിയില്ല; വരനെ ആവശ്യമുണ്ട് ടീസര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്

Monday 27 January 2020 4:26 pm IST

ചിരി പടര്‍ത്തി ഹിറ്റായി ദുല്‍ഖര്‍ ചിത്രം 'വരനെ ആവശ്യമുണ്ട്' ടീസര്‍. ഇന്നലെ പുറത്തിറങ്ങിയ ടീസര്‍ നിലവില്‍ 10 ലക്ഷത്തിലധികം വ്യൂവ്‌സുമായി യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതാണ്. നായിക കല്ല്യാണി പ്രിയദര്‍ശന്റെ വിവാഹ ആലോചനയും അതിനെ ചുറ്റിയുള്ള രസകരമായ രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള ടീസര്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സഹനടനായ സുരേഷ് ഗോപിയുടെ രസകരമായ സംഭാഷണ രംഗങ്ങളാണ് ടീസറില്‍ എടുത്ത് പറയാവുന്ന മറ്റൊരു സവിശേഷത.

സുരേഷ് ഗോപിക്ക് ജോഡിയായി എത്തുന്നത് മലയാളത്തിന്റെ പ്രിയ നടി ശോഭനയാണ്. ഇരുവരും  ഒരുമിച്ച് അഭിനയിച്ച മണിച്ചിത്രത്താഴിലെ സൂപ്പര്‍ ഹിറ്റ് ഡയലോഗ്  ഗംഗേ ടീസറില്‍ നര്‍മ്മ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ഉടനീളം നര്‍മ്മത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ടീസര്‍ നായികയേയും സുരേഷ് ഗോപിയേയും കേന്ദ്രീകരിച്ച് ഒരുക്കിയിരിക്കുന്നു. 

90കളിലെ ഹിറ്റ ജോഡിയായ സുരേഷ് ഗോപിയും ശോഭനയും ഏറെ വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിക്കുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പ്രേക്ഷകരില്‍ കൗത്തുകമുണര്‍ത്തുന്ന ഒരു ടീസര്‍ തന്നെയാണ് 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയുടെത്. കല്യാണി പ്രിയദര്‍ശന്റെ അഭിനയമാണ് ഏറെ ശ്രദ്ധനേടിയിരിക്കുന്നത്. സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യാ മേനോന്‍, അഹമ്മദ്, മീരാ കൃഷ്ണന്‍, സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവര്‍ മറ്റു കഥാപാത്രങ്ങളാകുന്നു. സന്തോഷ് ശിവന്‍, ജി.വേണുഗോപാല്‍ എന്നിവരുടെ മക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്.

എം സ്റ്റാര്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്റെ സഹകരണത്തോടെ വേഫാറര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുകേഷ് മുരളീധരന്‍ നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് അല്‍ഫോണ്‍സ് ജോസഫ് സംഗീതം നിര്‍വഹിക്കുന്നു. തൊബി ജോബിയാണ് എഡിറ്റിങ് ചെയ്തിരിക്കുന്നത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.