കമല്‍നാഥിന്റെ മരുമകന്‍ രാതുല്‍ പുരിയുടെ 2800 കോടി രൂപയുടെ വിദേശ നിക്ഷേപം കണ്ടുകെട്ടി

Monday 12 August 2019 11:14 am IST
ദല്‍ഹിയിലെ 300 കോടി രൂപ മതിക്കുന്ന ബംഗ്ലാവും കണ്ടുകെട്ടിയിട്ടുണ്ട്. അഗസ്ത വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട് കേസുകളാണ് രാതുല്‍ പുരി നേരിടുന്നത്.

ന്യൂദല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മരുമകന്‍ രാതുല്‍ പുരിയുടെ ഏതാണ്ട് 2800 കോടി രൂപയുടെ (4 കോടി ഡോളര്‍) വിദേശ നിക്ഷേപം ആദായനികുതി വകുപ്പ് താത്കാലികമായി കണ്ടുകെട്ടി. 

ദല്‍ഹിയിലെ 300 കോടി രൂപ മതിക്കുന്ന ബംഗ്ലാവും കണ്ടുകെട്ടിയിട്ടുണ്ട്. അഗസ്ത വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട് കേസുകളാണ് രാതുല്‍ പുരി നേരിടുന്നത്. ഇദ്ദേഹത്തിന്റെയും അച്ഛന്‍ ദീപക് പുരിയുടെയും ഉടമസ്ഥതയിലുള്ള മോസര്‍ ബെയര്‍ ഗ്രൂപ്പിന്റെ ദല്‍ഹി അബ്ദുള്‍ കലാം റോഡിലുള്ള ബംഗ്ലാവാണ് കണ്ടുകെട്ടിയത്. ബിനാമി നിയമപ്രകാരമാണ് 2800 കോടി രൂപയുടെ വിദേശനിക്ഷേം താത്കാലികമായി കണ്ടുകെട്ടിയത്.

രാതുലിന്റെ 254 കോടിയുടെ ബിനാമി ഓഹരികള്‍ ആദായനികുതി വകുപ്പ് അടുത്തിടെ കണ്ടുകെട്ടിയിരുന്നു. കോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് ലഭിച്ചതെന്ന് കരുതുന്ന ആസ്തിയാണ് ഇത്. ഈ കേസില്‍ അറസ്റ്റിലായ ദുബായിലെ ഇടനിലക്കാരന്‍ രാജീവ് സക്‌സേനയുടെ കടലാസ് കമ്പനികളില്‍നിന്നാണ് രാതുലിന്റെ നേതൃത്വത്തിലുള്ള സ്ഥാപനത്തിന് പണം ലഭിച്ചതെന്നാണ് നികുതി വകുപ്പിന്റെ വാദം.

ഹിന്ദുസ്ഥാന്‍ പവര്‍പ്രൊജക്റ്റ്‌സ് കമ്പനിയുടെ ചെയര്‍മാനായ രാതുല്‍ പുരി നികുതിവെട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കലിനും ആദായനികുതി വകുപ്പിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും (ഇ.ഡി.) അന്വേഷണം നേരിട്ടുവരികയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.