ശബരിമലയിൽ വീണ്ടും ആചാരലംഘനത്തിന് തയാർ; വിഷയം വിശാലബഞ്ചിന് സുപ്രീംകോടതി വിട്ടിട്ടും വിശ്വാസികളെ വെല്ലുവിളിച്ച് കനകദുർഗ്ഗ

Thursday 14 November 2019 12:37 pm IST

 

മലപ്പുറം: ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച വിധിക്കെതിരായ പുനഃപരിശോധന ഹർജികൾ ഏഴംഗ ബെഞ്ചിന് വിട്ട സുപ്രീംകോടതി നടപടിയെ വെല്ലുവിളിച്ച് കനകദുർഗ്ഗ. വിധിയെ രാഷ്ട്രീയവത്ക്കരിച്ചുവെന്നും വിശാല ബഞ്ച് കാര്യങ്ങൾ തീരുമാനിക്കട്ടെയെന്നും കനകദുർഗ പറഞ്ഞു. സുപ്രീംകോടതിയുടെ നേരത്തെയുള്ള വിധി സ്റ്റേ ചെയ്തിട്ടില്ലെങ്കിൽ ഇപ്രാവശ്യവും ശബരിമലയിൽ ആചാരലംഘനത്തിന് താൻ തയാറാണെന്നും കനകദുർഗ്ഗ പറഞ്ഞു. 

കഴിഞ്ഞ മണ്ഡലകാലത്ത് കനക ദുര്‍ഗ്ഗയും ബിന്ദുവും ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ ശ്രമിച്ചിരുന്നു. വിശ്വാസികളെ വെല്ലുവിളിച്ച് നവോത്ഥാന മതിലിന്റെ മറവില്‍ സര്‍ക്കാരിനെയും പോലീസിനെയും കൂട്ട് പിടിച്ചാണ് കനകദുര്‍ഗ്ഗയും ബിന്ദുവും ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ ശ്രമിച്ചത്. ആചാരലംഘനത്തിന് ആദ്യത്തെ തവണ എത്തിയപ്പോള്‍ ശക്തമായ പ്രതിഷേധമാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് ബിന്ദുവും കനകദുര്‍ഗ്ഗയും പാതിവഴിയില്‍ വെച്ച് മടങ്ങുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ സര്‍ക്കാരിന്റെയും പോലിസിന്റെയും ഗൂഢാലോചനപ്രകാരം യുവതികള്‍ ശബരിമലയില്‍ എത്തി വീണ്ടും ആചാരലംഘനം നടത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് അയ്യപ്പവിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടായത്

ശബരിമല കയറി തിരിച്ചെത്തിയ കനകദുര്‍ഗയ്ക്ക് ഭര്‍തൃമാതാവില്‍ നിന്നും സഹോദരനില്‍ നിന്നും മര്‍ദനമേറ്റെന്ന് ആരോപണമുയര്‍ന്നിരുന്നു. കനകദുര്‍ഗ തന്നെയാണ് മര്‍ദിച്ചതെന്നാരോപിച്ച് ഭര്‍തൃമാതാവും ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് കോടതിവിധിയിലൂടെയാണ്  കനകദുര്‍ഗ ഭര്‍തൃവീട്ടിലേക്ക് എത്തിയത്. എന്നാല്‍ വീട്ടില്‍ തുടരാന്‍ വിസമ്മതിച്ച ഭര്‍ത്താവിനൊപ്പം ഭര്‍തൃമാതാവും, കുട്ടികളും താമസം മാറിയിട്ടുണ്ട്. 

കനകദുര്‍ഗ്ഗ ശബരിമല ദര്‍ശനം നടത്തിയതിന് പിന്നില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ഇക്കാര്യത്തില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കനകദുര്‍ഗ്ഗയുടെ മാതാവ് ഭാര്‍ഗവി കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.