കശ്മീരിന്റെ പേരില്‍ രാജിവച്ച കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസിന്റെ തനിനിറം പുറത്ത്; ക്യാംപസ് ഫ്രണ്ട് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു; ദേശീയ പൗരത്വ രജിസ്റ്ററിനെ ശക്തമായി എതിര്‍ക്കണമെന്നും മലയാളി ഉദ്യോഗസ്ഥന്‍

Thursday 7 November 2019 1:57 pm IST

ന്യൂദല്‍ഹി: സര്‍വീസിലിരുന്ന കശ്മീര്‍ ഉള്‍പ്പെടെ വിഷയങ്ങളില്‍ സ്വതന്ത്ര അഭിപ്രായ പ്രകടനം സാധ്യമില്ലെന്ന ന്യായം പറഞ്ഞു രാജിവച്ച ഐഎസ്എസ് മലയാളി ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്റെ തനിനിറം പുറത്ത്. തീവ്ര ഇസ്ലാമിക നിലപാട് സ്വീകരിക്കുന്ന എസ്ഡിപിഐയുടെ വിദ്യാര്‍ഥി സംഘടന ക്യാംപസ് ഫ്രണ്ടിന്റെ ഡിഗ്നിറ്റി കോണ്‍ഫറന്‍സിന്റെ ഉദ്ഘാടകനായി എത്തിയത് കണ്ണനാണ്. 

രാജ്യത്തെ നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കി സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ദേശീയ പൗരത്വ രജിസ്റ്ററിനെതേരായായിരുന്നു കണ്ണന്റെ പ്രസംഗം. ഇന്ത്യയില്‍ ഒരിക്കലും പൗരത്വ രജിസ്റ്റര്‍ കൊണ്ടുവരാന്‍ സാധിക്കില്ലെന്നും അതു കൊണ്ടു വന്നാല്‍ ശക്തമായ പ്രതിരോധിക്കണമെന്നുമായിരുന്നു കണ്ണന്റെ ആഹ്വാനം. ഒപ്പം, ക്യാംപസ് ഫ്രണ്ട് സത്യം മാത്രം പറയുന്ന സംഘടനയാണെന്നും അതുകൊണ്ടാണ് എതിര്‍ക്കപ്പെടുന്നതെന്നും കണ്ണന്‍. 

അറസ്റ്റിലായ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടും ചടങ്ങിലെ അഥിതിയായിരുന്നു. 2002ലെ ഗുജറാത്തിനെ പോലെ കശ്മീരും ഇപ്പോള്‍ ഒറ്റപ്പെട്ടെന്നും മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്രതിഷേധം ഉയര്‍ത്തിയും അതിനെ ചെറുക്കണമെന്നുമായിരുന്നു ശ്വേതയുടെ ആഹ്വാനം. 

നേരത്തേ, ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച്ചയും മോശം പെരുമാറ്റവും നടത്തിയതിനു കണ്ണന്‍ ഗോപിനാഥിനെതിരെ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിരുന്നു. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്വതന്ത്ര അഭിപ്രായ പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി രാജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി. 1969ലെ ആള്‍ ഇന്ത്യാ സര്‍വ്വീസ് നിയമത്തിലെ എട്ടാം വകുപ്പിന് കീഴിലാണ് കണ്ണന്‍ ഗോപിനാഥിനെതിരെ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് 21നാണ് കണ്ണന്‍ രാജിവച്ചത്. 2012ലെ കേരള ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥ് ദാദ്രാ നഗര്‍ ഹവേലിയിലെ ഊര്‍ജ സെക്രട്ടറിയായിരുന്നു. വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് നേരത്തെ അനുകൂല നിലപാടെടുത്തിരുന്ന കണ്ണന്‍ ഗോപിനാഥ് രാജിക്ക് ശേഷം വോട്ടിംഗ് യന്ത്രങ്ങള്‍ക്കെതിരെ പ്രതികരിച്ചിരുന്നു. ഇത് സാമൂഹ്യമാദ്ധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് ഇടവരുത്തിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.