കണ്ണുതുറക്കാത്ത ക്രൈസ്തവര്‍

Monday 13 January 2020 7:39 am IST

പൗരത്വ നിയമ ഭേദഗതിയുടെ മറവില്‍ രാജ്യത്തുടനീളമുള്ള പ്രക്ഷോഭങ്ങളും വിവാദങ്ങളും എല്ലാ പൗരന്മാരിലും ആശങ്ക വളര്‍ത്തുന്നു. ഈ അരക്ഷിതാവസ്ഥയില്‍ ഭാരതത്തിലെ ബഹുഭൂരിപക്ഷ ജനങ്ങളിലും ഉയരുന്ന ഒരു ചോദ്യമുണ്ട്. ഈ പോരാട്ടങ്ങള്‍ എന്തിനുവേണ്ടി? ആര്‍ക്കുവേണ്ടി? വോട്ടുരാഷ്ടീയത്തിന്റെ മേലങ്കിയണിഞ്ഞ് ഇന്ത്യയുടെ മതേതരത്വം മൊത്തക്കച്ചവടമാക്കിയിരിക്കുന്നവര്‍ക്കു പോലുമറിയില്ല എന്തിനുവേണ്ടിയാണ് ഈ രാജ്യത്തെ കലാപ ഭൂമിയാക്കുന്നതെന്ന്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മുസ്ലിം ഭൂരിപക്ഷവും ഭരണവുമുള്ള രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ മതപീഡനങ്ങള്‍ മൂലം അഭയാര്‍ത്ഥികളായി വരുമ്പോള്‍ സ്വീകരിക്കണമെന്ന് പറയുന്നതും അവര്‍ക്ക് പൗരത്വം നല്‍കുന്ന കാലാവധിക്ക് ഇളവ് നല്‍കിയതും മതേതരത്വത്തെ കളങ്കപ്പെടുത്തുമെന്ന് വാദിക്കുന്നവരുടെ മനസിലിരുപ്പ് മനസിലാക്കാന്‍ ഡോക്ടറേറ്റ് വേണ്ട, സാമാന്യ ബുദ്ധി മതി. നിലവിലുള്ള ഇന്ത്യന്‍ പൗരന്മാരെ ബാധിക്കാത്ത കാര്യങ്ങളില്‍ തെറ്റിദ്ധാരണകള്‍ പരത്തി തെരുവിലേയ്ക്ക് നിര്‍ദോഷികളായ ജനസമൂഹത്തെ തള്ളിവിടുന്ന ഭീകരതയ്ക്ക് അറുതിവരുത്താന്‍ ഭരണസംവിധാനങ്ങള്‍ മടിക്കുന്നതെന്ത്?

ക്രൈസ്തവര്‍ക്കെതിരെയുള്ള ആഗോള ഭീകരതയുടെ ബാക്കിപത്രമാണ് നൈജീരിയയില്‍ ക്രിസ്മസ് ദിനത്തില്‍ നടന്ന ക്രൈസ്തവ കൂട്ടക്കുരുതി. ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവായ മതേതരത്വത്തിനുവേണ്ടി നിലകൊളളുന്നവരും ഭീകരതയ്‌ക്കെതിരെ വാചകക്കസര്‍ത്തു നടത്തുന്നവരും ക്രൈസ്തവര്‍ ഐഎസ് ഭീകരന്മാരാല്‍ കൊലചെയ്യപ്പെടുമ്പോള്‍ എവിടെപ്പോയി? പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവരെ ജീവനോടെ കുഴിച്ചു മൂടിയതും തലയറുത്തതും ശ്രീലങ്കയില്‍ ബോംബു സ്‌ഫോടനത്തിലൂടെ കൊന്നൊടുക്കിയതും ഇനിയും മറക്കാറായിട്ടില്ല. ഇത്തരം ഭീകരപ്രസ്ഥാനങ്ങളുടെ ഇടത്താവളമായി മതേതരത്വം മുറുകെപ്പിടിക്കുന്ന ഇന്ത്യയെ ഒരിക്കലും വിട്ടുകൊടുക്കാനാവില്ല. രാജ്യനിയമങ്ങള്‍ മാനിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി മതങ്ങളേയും വിശ്വാസങ്ങളെയും ഉപകരണങ്ങളാക്കി ജനങ്ങളെ തെരുവിലിറക്കുന്നത് അപലപനീയവും എതിര്‍ക്കപ്പെടേണ്ടതുമാണ്.

ജാതി-മത-വര്‍ഗ വികാരങ്ങളുയര്‍ത്തി അധികാര നേട്ടങ്ങള്‍ക്കായി നിരപരാധികളെ മരണത്തിലേയ്ക്ക് തള്ളിവിടുന്ന അരക്ഷിതാവസ്ഥയ്ക്ക് ഇന്ത്യയില്‍ അവസാനമുണ്ടാകണം. ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന നീചവും അതിക്രൂരവുമായ ആഗോള ഭീകരതയ്‌ക്കെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനും പൗരത്വ ഭേദഗതിക്കെതിരെ രംഗത്തുവന്നിരിക്കുന്നവര്‍ മടിക്കുന്നതെന്ത്? 'ഇന്നു ഞാന്‍, നാളെ നീ' എന്ന ചില മതസംഘടനകളുടെ വിരട്ടല്‍ ഇന്ത്യയിലെ ക്രൈസ്തവരോടു വേണ്ട. ലോകത്തുടനീളം ക്രൈസ്തവരെ കൊന്നൊടുക്കി, അഭയാര്‍ത്ഥികളായി ക്രൈസ്തവ രാജ്യങ്ങളില്‍ അഭയം തേടി, ആ രാജ്യങ്ങളിലും അരക്ഷിതാവസ്ഥ സ്യഷ്ടിക്കുന്നവരുടെ വേദോപദേശം കേള്‍ക്കാന്‍ മാത്രം മണ്ടന്മാരല്ല ഇന്ത്യയിലെ ക്രൈസ്തവര്‍.

ഭീകരവാദത്തിലൂടെയും നരഹത്യയിലൂടെയും വളര്‍ന്നുവന്നതല്ല ക്രൈസ്തവ സഭകള്‍. സ്‌നേഹത്തിന്റെ പങ്കുവയ്ക്കലും സേവനത്തിന്റെയും സാഹോദര്യത്തിന്റെയും ജീവിതശൈലികളും സമര്‍പ്പണത്തിന്റെ പ്രവര്‍ത്തനമേഖലകളുമാണ് ക്രൈസ്തവികതയുടെ മുഖമുദ്ര. മതത്തിന്റെ പേരിലുള്ള വിവേചനത്തെയാണ് പ്രക്ഷോഭകര്‍ എതിര്‍ക്കുന്നത്. അതേസമയം മതവിശ്വാസത്തിന്റെ പേരില്‍ വിവിധ മുസ്ലിം രാജ്യങ്ങളില്‍ ശിരച്ഛേദനം പോലുള്ള ക്രൂരത ദിവസേന നടക്കുന്നു. വര്‍ഗ്ഗീയതയ്ക്കും വിഭാഗീയതയ്ക്കും വര്‍ണ്ണവിവേചനത്തിനും കുടപിടിച്ച് നാസികളുടേതിന് തുല്യമായ വംശവിദ്വേഷവും ക്രൂരതയും നടപ്പിലാക്കുന്ന ഭീകരപ്രസ്ഥാനങ്ങള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ലോകമൊന്നാകെ കീഴടക്കാന്‍ അലറിവിളിച്ചെത്തുന്നത് കണ്ടില്ലെന്ന് നടിക്കാനാവുമോ?

എല്ലാ മതങ്ങളുടെയും വിളനിലമാണ് ഭാരതം. ആര്‍ഷഭാരത സംസ്‌കാരത്തിന്റെ അന്തഃസത്തയും മാനിഷാദ മന്ത്രധ്വനികളും മനുഷ്യനേയും പ്രക്യതിയേയും സ്‌നേഹിച്ചും സംരക്ഷിച്ചുമുള്ള ജീവിതവും കൈമുതലായുള്ള ഒരു സമൂഹത്തെ മതത്തിന്റെ പേരിലും വര്‍ണ്ണത്തിന്റെ പേരിലും കൊലയ്ക്ക് കൊടുക്കുന്നത് നഖശിഖാന്തം എതിര്‍ക്കപ്പെടണം. നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ളതല്ല അധികാരം. വേണ്ടത് സമവായങ്ങളും ചര്‍ച്ചകളുമാണ്. ജനാധിപത്യത്തിന്റെ സംശുദ്ധിയിലൂടെ മാത്രമേ മതേതരത്വം ഊട്ടിയുറപ്പിക്കാനാവൂ. അതേസമയം മതേതരത്വത്തെ വെല്ലുവിളിക്കുന്ന ഭീകരശക്തികളെ ഈ മണ്ണില്‍ നിന്ന് തുരത്തുകയും വേണം. മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണം വലിയ അപകടം ക്ഷണിച്ചുവരുത്തും.

ക്രൈസ്തവരും കണ്ണു തുറക്കണം. സഭകള്‍ക്കുള്ളിലേയ്ക്ക് വിരുദ്ധ ശക്തികള്‍ നുഴഞ്ഞുകയറുന്നതും വിശ്വാസികളുടെ പുത്തന്‍ തലമുറയില്‍ ഇടര്‍ച്ചയും അകല്‍ച്ചയും സംഭവിച്ചിരിക്കുന്നതും കാണാതെ പോകരുത്. സമസ്ത മേഖലകളിലും ക്രൈസ്തവര്‍ അപമാനിതരായി പിന്തള്ളപ്പെടുന്നത് വിശ്വാസി സമൂഹം തിരിച്ചറിയണം. സഭകള്‍ക്കുള്ളിലും സഭകള്‍ തമ്മിലും വിട്ടുവീഴ്ചകള്‍ക്കു തയാറായി കൂടുതല്‍ ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കണം. വിഘടിച്ചു നില്‍ക്കാതെ ഒരുമിച്ചു നില്‍ക്കാന്‍ ക്രൈസ്തവ നേതൃത്വത്തിനായില്ലെങ്കില്‍ ഇന്ത്യയില്‍ ഈ സമൂഹം ചരിത്രത്തിന്റെ ഭാഗമാകുമെന്നുറപ്പാണ്. എല്ലാം നഷ്ടപ്പെട്ടിട്ട് പിന്നീട് വിലപിച്ചിട്ടു കാര്യമില്ലെന്ന് വൈകിയ വേളയിലെങ്കിലും തിരിച്ചറിഞ്ഞ് മാറ്റങ്ങള്‍ക്ക് തയ്യാറാകുക.

(ക്രൈസ്തവ സഭയുടെ മുഖപത്രമായ ലെയ്റ്റി വോയ്‌സില്‍ ചീഫ് എഡിറ്റര്‍ ഷെവലിയാര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ തയാറാക്കിയ മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.