കപടമതേതരവാദികള്‍ക്ക്നിരാശ മാത്രം

Monday 11 November 2019 2:47 am IST

 

പ്രതീക്ഷകള്‍ക്ക് അപ്പുറം അയോധ്യ വിധി ഇന്നത്തെ മുസ്ലിം സമുദായത്തിന്റെയും സഹോദരീസഹോദരന്മാരുടെയും മാറി വരുന്ന ചിന്താഗതി പ്രകടമാക്കി. പക്വതയുടെയും സമവായത്തിന്റെയും സ്വരത്തിലായിരുന്നു പ്രതികരണം. ഒരു കാലത്ത് ബാബറി മസ്ജിദ് മോചിപ്പിക്കുമെന്ന് മുദ്രാവാക്യം മുഴക്കിക്കൊണ്ട് കേരളത്തില്‍ ജാഥ നടത്തിയിരുന്ന സംസ്ഥാന മുസ്ലിം ലീഗിന്റെ നേതാക്കന്മാര്‍ പോലും സന്ദര്‍ഭത്തിന് അനുസരിച്ച് ഉയര്‍ന്ന് സാഹോദര്യത്തിന്റെയും ശാന്തിയുടെയും ഭാഷ സംസാരിച്ചു. വിധിക്ക് ശേഷം ഒരു ചലനവും ഉണ്ടാക്കാന്‍ ഇവിടെയുള്ള ചില ദുഷ്ട ശക്തികള്‍ക്ക് സാധിച്ചിട്ടില്ല. ശ്ലാഘനീയമായ സമീപനമാണ് നമ്മുടെ മുസ്ലിം സഹോദരങ്ങള്‍ എടുത്തത് എന്ന് പറയാതിരിക്കാന്‍ വയ്യ. 

 

മുതലെടുപ്പിനുള്ളപതിവു ശ്രമങ്ങള്‍

എന്നാല്‍ വിധിയില്‍ നിരാശരായ കപട മതേതരവാദികളും ചില തീവ്രവര്‍ഗീയ സംഘടനകളും മാത്രം പതിവുള്ള വിഘടന വിഭജന സമീപനം കൈക്കൊണ്ടത് ശ്രദ്ധേയമാണ്. സിപിഐ വിധിയെ സ്വാഗതം ചെയ്യുമ്പോള്‍ സിപിഎം അതിനെ വിമര്‍ശിക്കുകയാണ് ഉണ്ടായത്. എം. സ്വരാജിനെ പോലുള്ളവര്‍ തങ്ങളുടെ മനസ്സിലിരിപ്പ് മറ കൂടാതെ പുറത്ത് അറിയിച്ചു. അയോധ്യ വിധി വന്നാല്‍ രാജ്യം കലാപത്തിലേക്ക് നീങ്ങുമെന്ന്, പതിവുള്ള രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ വളമുള്ള മണ്ണ് ഉണ്ടാകുമെന്ന് അവര്‍ സ്വപ്

നം കണ്ടു. ഹിന്ദു സമൂഹവുമായി മതസ്പര്‍ദ്ധയ്ക്ക് തങ്ങള്‍ ഇല്ലെന്ന ബഹുഭൂരിപക്ഷം വരുന്ന മുസ്ലിം സഹോദരങ്ങളുടെ നിലപാട് ഇവരുടെ കണക്കുകൂട്ടലുകള്‍ പാടേ തകിടം മറിച്ചു. 

  ഇവര്‍ക്ക് കൂട്ടായത് ഒവൈസിയും വെല്‍ഫെയര്‍ പാര്‍ട്ടി, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ മാത്രമാണ്. കൂട്ടത്തില്‍ പതിവ് പോലെ 'പുരോ' വിഭാഗത്തില്‍ വരുമെന്ന് അവകാശവാദം മുഴക്കുന്ന ചുരുക്കം ചില മാധ്യമപ്രവര്‍ത്തകരും. കപട മതേതരത്വം ചിലയ്ക്കുന്ന സാംസ്‌കാരിക നായകരും നിശ്ശബ്ദരായിരുന്നു. ജമായത്തെ ഇസ്ലാമി പോലും സംസാരിച്ചത് സമവായത്തിന്റെ ഭാഷയാണ്. ചുരുക്കത്തില്‍, പതിവു പോലെ ന്യൂനപക്ഷ വിഭാഗത്തെ ഭൂരിപക്ഷ വിഭാഗത്തിന് എതിരാക്കാനുള്ള കുടിലതന്ത്രങ്ങള്‍ മെനയുന്ന കപട മതേതര വിഭാഗത്തിന് പരിപൂര്‍ണ നിരാശയാണ് വിധി ഉണ്ടാക്കിയത്.

ഉയര്‍ത്തുന്ന വാദങ്ങളുംയാഥാര്‍ഥ്യങ്ങളും

  ചില പരിസ്ഥിതിവാദികളും മാധ്യമങ്ങളിലൂടെ സ്വയം പ്രസിദ്ധീകരണം നടത്തുന്നു. സുപ്രീംകോടതി വിധി തന്തയും തള്ളയും ഇല്ലാത്തതാണെന്ന് വരെ കുപ്രസിദ്ധ അഭിഭാഷകര്‍ മാധ്യമങ്ങളിലൂടെ പ്രസ്താവിക്കുകയുണ്ടായി. നഗ്നമായ കോടതി അലക്ഷ്യമാണെങ്കിലും ഇത്തരം വിലകുറഞ്ഞ പ്രസ്താവനകള്‍ അവഗണിച്ച് തള്ളുകയായിരിക്കും അഭികാമ്യം. സുപ്രീം

കോടതി വിധി ചരിത്രത്തേയും വിശ്വാസത്തേയും മാത്രം കണക്കിലെടുത്തുകൊണ്ടുള്ളതാണ് എന്നാണ് മറ്റൊരുവാദം. 1992ല്‍ തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ടത് നിയമവാഴ്ചയുടെ ലംഘനമാണെന്ന് സുപ്രീംകോടതിയുടെ സാന്ദര്‍ഭികമായ പരാമര്‍ശത്തില്‍ ആനന്ദം കൊള്ളാനും ആശ്വാസം കണ്ടെത്താനും പതിവ് ശൈലിയില്‍ കപട മതേതരവാദികള്‍ ശ്രമം നടത്തുന്നുണ്ട്. പക്ഷേ, നിലവിലുള്ള ക്ഷേത്ര സമുച്ചയത്തിന്റെ മുകളിലാണ് ബാബര്‍ പള്ളി നിര്‍മിച്ചതെന്നും നിര്‍മാണ സ്ഥലം ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്നുമുള്ള സുപ്രധാന കണ്ടെത്തലുകള്‍ ഇക്കൂട്ടരെ നിരാശരാക്കിയിരിക്കുന്നു. സുപ്രീംകോടതി തീര്‍പ്പു കല്‍പ്പിച്ചത് ഒരു അവകാശത്തര്‍ക്കത്തിലാണെന്നത് സൗകര്യപൂര്‍വം ഇവര്‍ വിസ്മരിക്കുന്നു. 

   സ്ഥലം ഞങ്ങളുടേതാണെന്ന് പറഞ്ഞവര്‍ക്ക് അത് സ്ഥാപിക്കാന്‍ കഴിഞ്ഞില്ല എന്നുള്ളതും വിധിയിലെ സുപ്രധാന നിഗമനമാണ്. ഇതിനൊക്കെ പുറമേ കോടിക്കണക്കിന് വിശ്വാസികള്‍ കരുതിവരുന്നത്‌പോലെ ശ്രീരാമന്റെ ജന്മസ്ഥലം തര്‍ക്കമുന്നയിച്ച ഭൂമിയിലാണെന്നും രാജ്യത്തെ സമുന്നത കോടതി കണ്ടെത്തിയിരിക്കുന്നു. 'പോരേ' കപട മതേതരക്കാരുടെ വാദങ്ങളുടെ മുനയൊടിയാന്‍? എന്നിട്ടും  ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച വിഘടന വിഭജനമെന്ന ശൈലിയില്‍ മാറ്റം വരുത്താന്‍ കപടമതേതരവാദികളും 'പുരോ' എന്ന് സ്വയം വിശേഷിപ്പിക്കുന്നവരും തയാറായി കാണുന്നില്ല. അവരുടെ വിളനിലം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കയും ഭയവും സൃഷ്ടിക്കലാണ്. അവര്‍ക്കൊപ്പം കുഴലൂതുന്ന സാംസ്‌കാരിക നായകന്മാരും പാടേ നിരാശരായിരിക്കുന്നു. മുസ്ലിം സഹോദരന്മാര്‍ മതേതരവാദികളുടെ തനിനിറം കൂടുതല്‍ മനസ്സിലാക്കി കഴിഞ്ഞു. ഇനി കപട വര്‍ഗത്തിന് ലഭിക്കുവാന്‍ പോകുന്നത് നിരാശ. കൂടുതല്‍ നിരാശ മാത്രം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.