ആ ഇന്ത്യയല്ല ഈ ഇന്ത്യ

Friday 26 July 2019 1:40 am IST
കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത കേണല്‍ എച്ച്. പത്മനാഭന്റെ അനുഭവങ്ങളും കാഴ്ചപ്പാടും: ഇന്ത്യ, കാര്‍ഗിലിനു മുന്‍പും പിന്‍പും.

ഭാരതം കാര്‍ഗിലില്‍ വിജയക്കൊടി പാറിച്ചിട്ട് ഇന്ന് ഇരുപതാണ്ട്. പാക്കിസ്ഥാനെതിരായ യുദ്ധത്തിനൊടുവില്‍ 1999 ജൂലൈ 26ന് ആണ് ഭാരതം വിജയം പ്രഖ്യാപിച്ചത്. കാര്‍ഗിലില്‍ നുഴഞ്ഞുകയറിയ മുഴുവന്‍ പാക്കിസ്ഥാന്‍ പട്ടാളത്തെയും ഭീകരരെയും സേന തുരത്തി. ഭാരതാംബയുടെ മാനംകാക്കാന്‍ കാര്‍ഗിലില്‍ ജീവന്‍നല്‍കിയ 527 ധീരദേശാഭിമാനികളുടെ വീരസ്മരണക്കുമുന്നില്‍ ഒരായിരം പ്രണാമം. 

ദേശീയാഭിമാനത്താല്‍ പ്രചോദിതമായ ഭാരതീയന്റെ പോരാട്ടവീര്യം ലോകത്തിന് കാണിച്ചുകൊടുത്ത സംഭവങ്ങളിലൊന്നാണ് കാര്‍ഗില്‍ യുദ്ധമെന്ന് ആ യുദ്ധത്തില്‍ പങ്കാളിയായ കേണല്‍ എച്ച്. പത്മനാഭന്‍ വ്യക്തമാക്കുന്നു. കശ്മീരിലെ കാര്‍ഗില്‍ മലനിരകളിലുള്ള 130 ഇന്ത്യന്‍ കാവല്‍തുറകളില്‍ പാക്കിസ്ഥാന്‍ പട്ടാളവും ഭീകരവാദികളും നുഴഞ്ഞ് കയറിയായിരുന്നു പ്രകോപനം സൃഷ്ടിച്ചത്. അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി പ്രസിഡന്റുമായി ചര്‍ച്ച ചെയ്തതിന്‌ശേഷം സൈനിക നടപടിക്ക് നിര്‍ദ്ദേശം നല്‍കി. 1999 മെയ് മുതല്‍ ജൂലൈ വരെയാണു യുദ്ധം നടന്നത്. 

'ഓപ്പറേഷന്‍ വിജയ്' എന്നുപേരിട്ട പോരാട്ടത്തില്‍  രണ്ടുലക്ഷത്തോളം സൈനികര്‍ പങ്കെടുത്തു. 30,000 പേര്‍ നേരിട്ട് യുദ്ധത്തില്‍ പങ്കെടുത്തു. അര്‍ധസൈനിക വിഭാഗങ്ങളും പ്രത്യേക സൈനിക വിഭാഗങ്ങളും വ്യോമസേനയും പങ്കാളികളായി. പോരാട്ടത്തിന്റെ അവസാനഘട്ടം ജൂലൈ മൂന്നിന് പുലര്‍ച്ചെ 5.15ന് ആരംഭിച്ചു. ശക്തമായ പീരങ്കി ആക്രമണം നടത്തിയായിരുന്നു അവസാനഘട്ടത്തിലെ ഇന്ത്യന്‍ മുന്നേറ്റം. 7.30ന് പാക് ഭാഗത്തുനിന്ന് തിരിച്ചടി ഉണ്ടായി. ഇന്ത്യ ആക്രമണം തുടര്‍ന്നു. ഉച്ചയോടെ സൈനികര്‍ മലമുകളിലെത്താറായപ്പോള്‍ ഇന്ത്യ ആക്രമണം നിര്‍ത്തിവച്ചു. ജൂലൈ നാലിന് പുലര്‍ച്ചെ ഇന്ത്യന്‍ സൈനികര്‍ ടൈഗര്‍ഹില്ലിന് മുകളിലെത്തി. ആ പോരാട്ടത്തില്‍ പത്ത് ശത്രുക്കള്‍ മരിച്ചു. അഞ്ചു സൈനികരെ ഇന്ത്യയ്ക്ക് നഷ്ടമായി. രാവിലെ ഏഴുമണിയോടെ സേന ടൈഗര്‍ ഹില്‍ തിരിച്ചുപിടിച്ചു. ടൈഗര്‍ ഹില്ലിന് മുകളില്‍ ഇന്ത്യന്‍ സൈനികര്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ വിജയം പൂര്‍ത്തിയായി.  

ഇന്ത്യന്‍ സൈന്യത്തിന്റെ വളര്‍ച്ചയെ രണ്ട് കാലഘട്ടമായി വിലയിരുത്താമെന്നാണ് കേണല്‍ പത്മനാഭന്‍ പറയുന്നത്. 1947 മുതല്‍ കാര്‍ഗില്‍ യുദ്ധംവരെയും (1999), 1999ന് ശേഷവും. കാര്‍ഗിലിന് മുമ്പ് ഇന്ത്യന്‍ സേനയുടെ പ്രവര്‍ത്തനങ്ങളെകുറിച്ച് ജനങ്ങള്‍ക്ക് കൃത്യമായ അറിവുണ്ടായിരുന്നില്ല. സേനയുടെ ഒരു പ്രവര്‍ത്തനവും പുറംലോകത്തേയ്ക്ക് എത്തിയിരുന്നുമില്ല. എന്നാല്‍, കാര്‍ഗില്‍ സംഭവത്തോടെ സേനയുടെ കാര്യത്തില്‍ ജനങ്ങളുടെ ഇടപെടലുകള്‍ ശക്തമായി. അതായത് സൈന്യത്തിലെ വാര്‍ത്തകള്‍ പൊതുജനങ്ങളിലേക്ക് എത്തിത്തുടങ്ങി. അതിനുശേഷം സേനയില്‍ വലിയ പഠനങ്ങള്‍ ആരംഭിക്കുകയും, ആധുനികവത്ക്കരണത്തിന് ആരംഭം കുറിക്കുകയും ചെയ്തു.  

സേനാംഗങ്ങളുടെ ആനുകൂല്യം കാര്‍ഗിലിനുശേഷം ഇരട്ടിയിലധികമായി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചതാണ് ആദ്യ നടപടി. 2003ല്‍ ശ്രീനഗറില്‍ ഓഫീസറായിരുന്ന കാലത്താണ് ശ്രീനഗറില്‍നിന്ന് ലേയിലേക്ക് ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിച്ചത്. ഇത് സൈന്യത്തിലെ വാര്‍ത്താവിനിമയത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചു. 1999ല്‍ സോജില മുതല്‍ ലേ വരെയുള്ള 300 കിലോമീറ്റര്‍ പ്രദേശത്തിന്റെ സുരക്ഷാ ചുമതലയില്‍ ഒരു ബ്രിഗേഡ് സൈന്യം (3000 പട്ടാളം) മാത്രമാണ് ഉണ്ടായിരുന്നത്. 14,000 മുതല്‍ 18,000 അടിവരെ ഉയരത്തിലുള്ള കുന്നുകളും മലകളും നിറഞ്ഞ പ്രദേശമാണ് കാര്‍ഗില്‍. ഇവിടെ സുരക്ഷ ഒരുക്കാനുള്ള ചുമതല ഈ സൈന്യത്തിനായിരുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ പാക്കിസ്ഥാന് ആദ്യ തിരിച്ചടി കൊടുത്തതും ഈ ബ്രിഗേഡിലെ സൈനികരായിരുന്നു. ഇന്ന് കാര്‍ഗില്‍ ഉള്‍പ്പെടുന്ന ലേ കേന്ദ്രമായി സൈന്യത്തിന്റെ ഒരു കോര്‍തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. 12 ബ്രിഗേഡുകളിലായി 30,000ല്‍ അധികം പട്ടാളം കാര്‍ഗിലില്‍ സുരക്ഷയൊരുക്കുന്നു. കൂടാതെ എല്ലാ സജ്ജീകരണങ്ങളോടുംകൂടി വ്യോമസേനയുടെ മൂന്ന് യൂണിറ്റുകളും കാര്‍ഗില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. 

മുമ്പ് ശൈത്യകാലത്ത് ബങ്കറുകള്‍ ഉപേക്ഷിച്ച് സേനകള്‍ പിന്നോട്ടുപോന്നിരുന്നു. ഇപ്പോള്‍ അതിര്‍ത്തി ബങ്കറുകളില്‍ കാവല്‍ കണ്ണുകളുമായി നമ്മുടെ സൈന്യം 365 ദിവസവും നിലയുറപ്പിക്കുന്നുണ്ട്. 1999ലെ ഇന്ത്യയല്ല 2019ലെ ഇന്ത്യ. ശക്തമായ ഭരണ സംവിധാനവും, സൈന്യവുമാണ് ഇന്നുള്ളത്. ശത്രുക്കള്‍ വരാനിടയുള്ള എല്ലാമാര്‍ഗങ്ങളിലും സൈന്യം ഉണ്ട്. ഏതുതരത്തിലുള്ള പ്രകോപനം ഉണ്ടായാലും അതിനെ ആ നിലക്ക് നേരിടാന്‍ സേന സജ്ജമാണ്. അതിര്‍ത്തികടന്നുള്ള സര്‍ജിക്കല്‍ സ്‌ട്രെക്കുകള്‍ക്ക് മാത്രമായി പ്രത്യേക കമാന്‍ഡോ വിഭാഗം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ രൂപംകൊണ്ടു. ആംമ്ഡ് ഫോഴ്‌സസ് സ്‌പെഷല്‍ ഓപ്പറേഷന്‍ ഡിവിഷന്‍ എന്നാണ് കമാന്‍ഡോ വിഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. കരസേനയിലെ പാരാ കമാന്‍ഡോ, വ്യോമസേനയിലെ ഗരുഡ് കമാന്‍ഡോ, നാവിക സേനയിലെ മര്‍ക്കോസ് കമാന്‍ഡോ എന്നീ വിഭാഗത്തില്‍നിന്ന് തെരഞ്ഞെടുത്തവരാണ് സ്‌പെഷല്‍ ടീമിലെ അംഗങ്ങള്‍. ഈ കമാന്‍ഡോ വിഭാഗത്തെ നയിക്കുന്നത് അശോക് കുമാര്‍ ഡിഗ്രയാണ്. 

പ്രതിരോധ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാവും സ്‌പെഷല്‍ ഫോഴ്‌സിന്റെ പ്രവര്‍ത്തനം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ സേനാവിഭാഗങ്ങള്‍ക്കിടയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കുന്ന ഒരു നിയമനം നടക്കാന്‍ പോവുകയാണ്. ഇപ്പോള്‍ കര, നാവിക, വ്യോമ സേനകള്‍ക്ക് പ്രത്യേകം മേധാവിമാരാണുള്ളത്. മൂന്ന് സേനകളെയും ഏകോപിപ്പിച്ചുകൊണ്ട് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന ഒറ്റ മേധാവിക്ക് കീഴിലാവും ഇന്ത്യന്‍ സേന. ഈ നിയമനം നടക്കുന്നതോടെ സേനകളുടെ ഏകോപനം നൂറ് ശതമാനത്തിലെത്തും. പിന്നെ ഏത് തരത്തിലുള്ള ഓപ്പറേഷനുകളും ഒരുനിമിഷം കൊണ്ട് നമുക്ക് ചെയ്യാന്‍ സാധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.