പരലോകഗതിയെ നിയന്ത്രിക്കുന്ന കര്‍മം

Wednesday 30 October 2019 3:27 am IST

അദ്ധ്യായം മൂന്ന് പാദം 4

പുരുഷാര്‍ത്ഥാധികരണം

കര്‍മ്മമാണ് പ്രധാനമായത് എന്നുള്ള പൂര്‍വപക്ഷവാദം തുടരുന്നു.

സൂത്രം-  ആചാര ദര്‍ശനാത്

ജ്ഞാനികളായ ആചര്യന്‍മാരുടെ പ്രവര്‍ത്തികള്‍ കാണുന്നതിനാലും അത് തെളിയുന്നു.

ജ്ഞാനികളെന്ന് പ്രസിദ്ധരായ ആളുകള്‍ കൂടി കര്‍മ്മങ്ങളിലേര്‍പ്പെടുന്നതായി നമുക്ക് ശ്രുതികളില്‍ കാണാം.

ബൃഹദാരണ്യകത്തില്‍ 'ജനകോഹ വൈദേഹോ ബഹു ദക്ഷിണേന യജ്ഞേനേ ജേ'  വിദേഹ രാജാവായ ജനകന്‍ വളരെയധികം ദക്ഷിണകള്‍ നല്‍കേണ്ട യാഗം ചെയ്തു.

 ഛാന്ദോഗ്യത്തില്‍' യക്ഷ്യമാണോ വൈഭവന്തോ ളഹമസ്മി'  ഭഗവാന്‍മാരെ ഞാന്‍ യാഗം ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നത് ബ്രഹ്മജ്ഞാനികളും യാഗം മുതലായ കര്‍മ്മങ്ങളിലേര്‍പ്പെടുന്നതായി കാണിക്കുന്നു.

ജ്ഞാനിയായ ഉദ്ദാലകന്‍ മകനായ ശ്വേതകേതുവിന് ഉപദേശം നല്‍കുന്നത് ഗൃഹസ്ഥാശ്രമധര്‍മ്മത്തെ അനുസരിച്ചാണ്. ഇങ്ങനെ പുരുഷാര്‍ത്ഥത്തെ നേടാനുള്ള ജ്ഞാനം കര്‍മ്മ വിരുദ്ധമല്ല എന്നറിയണം. ജ്ഞാനം കൊണ്ട് തന്നെ മോക്ഷം കിട്ടുമെങ്കില്‍ അവര്‍ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടേണ്ട കാര്യമില്ല.

സൂത്രം-  തച്ഛ്രുതേഃ

വിദ്യയുടെ കര്‍മ്മത്തോടുള്ള ബന്ധം ശ്രുതിയിലും വ്യക്തമാക്കുന്നുണ്ട്. ശ്രുതിയില്‍ പലയിടങ്ങളിലായി വിദ്യയും കര്‍മ്മവും തമ്മിലുള്ള ബന്ധത്തെ പറയുന്നു.ഛാന്ദോഗ്യത്തില്‍ 'യദേവ വിദ്യയാ കരോതി ശ്രദ്ധയോപനിഷദാതദേവ വീര്യവത്തരം ഭവതി' വിദ്യയോടും ശ്രദ്ധയോടും രഹസ്യ ജ്ഞാനത്തോടും കൂടെ ചെയ്യുന്ന കര്‍മ്മത്തിന് അധികം ശക്തിയുണ്ട്.  അതിനാല്‍ കര്‍മ്മ സംബന്ധം പുരുഷാര്‍ത്ഥ സിദ്ധിയ്ക്ക് സഹായകമാണെന്ന് ഉറപ്പിക്കാം.

സൂത്രം-  സമന്വാരംഭണാത്

വിദ്യയും കര്‍മ്മവും ഫലം തരുന്നതില്‍ സഹകാരികളാണ്.

ബൃഹദാരണ്യകത്തില്‍ ' തം വിദ്യാകര്‍മ്മണീ സമന്വാരഭേതേ' വിദ്യയും കര്‍മ്മവും പരലോകത്തിലേക്ക് പോകുന്ന ഒരാളെ അനുഗമിക്കും. വിദ്യയ്ക്കും കര്‍മ്മത്തിനും ഫലം നല്‍കുന്നതില്‍ സഹഭാവം ഉണ്ടെന്ന് പറയുന്നു. അതിനാല്‍ വിദ്യയ്ക്ക് മാത്രമായി ഫലം നല്‍കുന്നതില്‍ സ്വാതന്ത്ര്യമില്ലെന്ന് വ്യക്തമാണ്. വിദ്യയെന്ന പോലെ കര്‍മ്മവും പരലോക ഗതിയെ നിയന്ത്രിക്കുന്നു.

സൂത്രം - തദ്വതോ വിധാനാത്

വേദങ്ങളെല്ലാം പഠിച്ച് ജ്ഞാനം നേടിയയാള്‍ക്ക് കര്‍മ്മം വിധിച്ചിട്ടുള്ളതിനാല്‍ കര്‍മ്മത്തിന്റെ അംഗമാണ് ജ്ഞാനം എന്നു കരുതാം.

 ഛാന്ദോഗ്യത്തില്‍ 'ആചാര്യ കുലാദ് വേദ മധീത്യ യഥാ വിധാനം ഗുരോ: കര്‍മ്മാതിശേഷേണാഭിസമാവൃത്യ കുടുംബ ശുചൗദേശേ സ്വാധ്യായ മധീയാനഃ'ആചാര്യ കലത്തില്‍ നിന്നും വേദം പഠിച്ച് വേണ്ടപോലെ ഗുരുവിന്റെ അനുവാദത്തോടെ മടങ്ങിവന്ന് കുടുംബത്തില്‍ ശുചിയായ സ്ഥലത്തിരുന്ന് സ്വാധ്യായം ചെയ്യണമെന്ന് പറയുന്നു. വേദാധ്യയനത്തിലൂടെ അറിവ് നേടി കുടുംബകാര്യങ്ങളില്‍ മുഴുകണം. ഇങ്ങനെ പറയുന്നതിനാല്‍ ജ്ഞാനം കര്‍മ്മാംഗമെന്ന് പറയാം. കര്‍മ്മത്തെ വിട്ട് വിദ്യ മാത്രം മോക്ഷ കാരണമെന്ന് പറയുന്നത് ഒരിക്കലും ശരിയല്ല എന്ന് ജൈമിനി പറയുന്നു.

                                                                                                                     9495746977

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.