കര്‍മം ധര്‍മമാണ്

Thursday 25 July 2019 3:10 am IST

സാംഖ്യയോഗം തുടരുന്നു: ക്ഷത്രയിന്മാര്‍ യുദ്ധം ചെയ്ത് വീരസ്വര്‍ഗം പ്രാപിക്കുന്നു. അല്ലെങ്കില്‍ ധര്‍മസ്ഥാപനത്തിലൂടെ മഹാന്മാരായി തീരുന്നു. ഇതാണ് ധാര്‍മികമായ വ്യവസ്ഥിതി. ലക്ഷ്യബോധത്തോടെ അവരവരുടെ ധര്‍മം അനുഷ്ഠിക്കുക. ഇതില്‍ പലതരം ചിന്തകള്‍ക്കും സ്ഥാനമില്ല. ഒറ്റലക്ഷ്യത്തിലൂടെ, ധര്‍മസ്ഥാപനത്തിനു വേണ്ടിയുള്ള ത്യാഗം സഹിച്ച് അവര്‍ മുന്നേറുന്നു. 

അവര്‍ സ്വന്തം കര്‍മം ധര്‍മമായിട്ടനുഷ്ഠിക്കുന്നു. അതിന്റെ ഫലത്തെക്കുറിച്ചോ, പ്രതിഫലത്തെക്കുറിച്ചോ, വേവലാതിപ്പെടാതെ ഏകാഗ്രബുദ്ധിയോടെയും സ്വധര്‍മത്തില്‍ കേന്ദ്രീകരിച്ചും പലതും ചിന്തിക്കാതെയും, യോഗിയെപ്പോലെയും സ്ഥിതപ്രജ്ഞനായും ആത്മസംതൃപ്തിയോടെയും സുഖുദു:ഖങ്ങളെ തുല്യമാക്കിയും ചുറ്റുപാടുനിന്നുവരുന്ന വിലയിരുത്തലുകള്‍ക്ക് വിധേയരാകാതേയും ലക്ഷ്യവും മാര്‍ഗവും മനസ്സിലുറപ്പിച്ചും,

ഈശ്വരസ്മരണയിലൂടെയും എല്ലാത്തിനോടും ബന്ധം വെയ്ക്കുമ്പോഴും ഒന്നിനോടും ബന്ധമില്ലാതെയും വികാരങ്ങള്‍ക്ക് വിധേയരാകാതേയും സംതൃപ്തമായ മനസസ്സോടെയും, ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചും, സമുദ്രത്തിലേക്ക് നദികള്‍ ചേരുമ്പോള്‍ ശാന്തമായി സമുദ്രം അതു സ്വീകരിക്കുന്ന മനോഭാവത്തോടെയും അഹങ്കാരവും അമിതാവേശവുമില്ലാതെയും ധീരന്മാര്‍ പെരുമാറുന്നതുപോലെ ഹേ, അര്‍ജുനാ നീ നിന്റെ കര്‍മം ധര്‍മമായിട്ട് അനുഷ്ഠിക്കണം. 

കര്‍മയോഗം: 

ജ്ഞാനയോഗമാണോ കര്‍മയോഗമാണോ ശ്രേഷ്്ഠം എന്ന അര്‍ജുനന്റെ ചോദ്യത്തിന് കൃഷ്ണന്‍ മറുപടി പറയുന്നു. ഈ ലോകത്ത് അറിവു നേടി അറിവു കൊടുക്കുന്ന യജ്ഞമാണ് ജ്ഞാനയോഗികള്‍ ചെയ്യുന്നത്. ശാരീരികമായി അര്‍പ്പണഭാവത്തോടെ നിരന്തരമുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരാണ് കര്‍മയോഗികള്‍. കര്‍മയോഗത്തിലൂടെയല്ലാതെ ജ്ഞാനയോഗത്തിലേക്കുള്ള പ്രവേശനം അസാധ്യമാണ്. ഈ  പ്രപഞ്ചത്തിലെ  സര്‍വചരാചരങ്ങളും നിരന്തരം കര്‍മനിരതമാണ്. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.