കുമാരസ്വാമി സര്‍ക്കാരിന്റെ ഒളിച്ചുകളി തുടരുന്നു; ഗവര്‍ണറുടെ അന്ത്യശാസനവും തള്ളി, സഭയ്ക്കുള്ളില്‍ നിലത്തു കിടന്നുറങ്ങി യെദ്യൂരപ്പയും ബിജെപി അംഗങ്ങളും

Friday 19 July 2019 11:04 am IST

ബംഗളൂരു: കര്‍ണാടകയില്‍ അവിശ്വാസപ്രമേയത്തിന്‍ മേല്‍ വോട്ടെടുപ്പ് നടത്താതെ കുമാരസ്വാമി സര്‍ക്കാരിന്റെ ഒളിച്ചു കളി തുടരുന്നു. ഇന്നു ഉച്ചയ്ക്കു 1.30ന് മുന്‍പ് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നായിരുന്നു ഗവര്‍ണറുടെ ഉത്തരവ്. എന്നാല്‍, ഗവര്‍ണറെടെസ ഈ നിര്‍ദേശവും കുമാരസ്വാമി സര്‍ക്കാര്‍ തള്ളി. വിശ്വാസപ്രമേയത്തില്‍ നടപടി പൂര്‍ത്തിയാകാതെ വോട്ടെടുപ്പ് പറ്റില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിശ്വാസ പ്രമേയ നടപടികളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. വ്യാഴാഴ്ച വിശ്വാസവോട്ട് നടത്തണമെന്ന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്‌തെങ്കിലും സ്പീക്കര്‍ അംഗീകരിച്ചിരുന്നില്ല.

കര്‍ണാടകയില്‍ വിശ്വാസവോട്ട് വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് നിയമസഭയുടെ നടുത്തളത്തില്‍ കിടന്നുറങ്ങി ബിജെപി എംഎല്‍എമാര്‍ പ്രതിഷേധിച്ചു. ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പ ഉള്‍പ്പെടെയുളള ബിജെപി അംഗങ്ങളാണ് ഇന്നലെ 'വിധാന്‍ സൗധ'യില്‍ കിടന്നുറങ്ങിയത്. പരാജയം ഉറപ്പുള്ളതിനാലാണ് കോണ്‍ഗ്രസ്- ജനദാതാള്‍ സഖ്യ സര്‍ക്കാര്‍ വിശ്വാസവോട്ട് വൈകിപ്പിക്കുന്നത് എന്നാണ് ബിജെപിയുടെ ആരോപണം.

രാത്രി വൈകിയും പ്രതിഷേധിച്ചതിന് ശേഷമാണ് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയും മറ്റ് എംഎല്‍എമാരും നിയമസഭ മന്ദിരത്തില്‍ തന്നെ കിടന്നുറങ്ങിയത്. അസംബ്ലിയുടെ നടുത്തളത്തില്‍ നിലത്ത് ഷീറ്റ് വിരിച്ചാണ് യെദ്യുരപ്പ ഉറങ്ങിയത്. സോഫയിലും നിലത്തുമായി കിടന്നുറങ്ങി മറ്റ് എംഎല്‍എമാരും പ്രതിഷേധം അറിയിച്ചു. ബിജെപി എംഎല്‍എമാരെ കാണാന്‍ ഉപമുഖ്യമന്ത്രി ജി.പരമേശ്വര പുലര്‍ച്ചെ തന്നെ സഭയിലെത്തി. എംഎല്‍എമാര്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച ശേഷമാണ് ഉപമുഖ്യമന്ത്രി മടങ്ങിയത്.അതേസമയം,  വിമത എംഎല്‍എമാരുടെ വിപ്പ് സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിക്കുന്നുണ്ട്. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ 15 വിമത എംഎല്‍എമാരെ നിര്‍ബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇത് വിപ്പ് ലംഘിക്കുന്നതിനുള്ള അനുമതിയാണോയെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവായ സിദ്ധരാമയ്യ സുപ്രീംകോടതിയോട് ആവശ്യപ്പെടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.