ഗ്രാമത്തെ അറിയാന്‍ കുമാരസ്വാമി: ചെലവ് ഒരു ദിവസം 1.22 കോടി; കണക്കുകള്‍ പുറത്തു വിട്ട് ബിജെപി

Monday 24 June 2019 7:19 pm IST

ബെംഗളൂരു: ഗ്രാമത്തെ നേരിട്ട് അറിയാന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നടത്തുന്ന 'ഗ്രാമ വാസ്തവ്യ' യാത്രയുടെ യഥാര്‍ത്ഥ  ചിത്രം പുറത്തു വിട്ട് ബിജെപി. കര്‍ഷകരുടെയും സാധാരണക്കാരുടെയും ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാന്‍ നടത്തുന്ന യാത്രക്കായി പൊതു ഖജനാവില്‍ നിന്ന് ഒരു ദിവസം ചെലവഴിച്ചത് 1.22 കോടി രൂപ. കഴിഞ്ഞ ദിവസം യാദ്ഗിര്‍ ജില്ലയില്‍ കുമാരസ്വാമി നടത്തിയ യാത്രയുടെ കണക്കുകളാണ് ബിജെപി പുറത്തുവിട്ടത്. 

ഗ്രാമത്തിലേക്കുള്ള ട്രെയിന്‍ യാത്രയും തറയില്‍ പായില്‍ കിടക്കുന്നതുമെല്ലാം വലിയ സംഭവമായി ജെഡിഎസ് പ്രചരിപ്പിക്കുമ്പോഴാണ് യഥാര്‍ത്ഥ കണക്കുകള്‍ പുറത്തു വന്നത്. 25 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെയും ഒപ്പമുള്ളവരുടെയും ഭക്ഷണത്തിന്റെ ചെലവ്. 25000പേര്‍ക്ക് ഭക്ഷണം ഒരുക്കിയെങ്കിലും പകുതി ആള്‍ക്കാര്‍ പോലും എത്തിയില്ല. ജില്ലയിലെ ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, നാട്ടുകാര്‍ എന്നിവര്‍ക്കെല്ലാം മൂന്നുനേരം ഭക്ഷണം ഒരുക്കി. 

ജനങ്ങളുടെ നിവേദനങ്ങളും മറ്റും സ്വീകരിക്കുന്നതിനായി തയ്യാറാക്കിയ താത്ക്കാലിക ഓഫീസിന്റെ ചെലവ് 25 ലക്ഷം, സ്റ്റേജിനും അതുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ക്കും 50 ലക്ഷം രൂപ, മറ്റു ചെലവുകള്‍ 22 ലക്ഷം രൂപ. ഗ്രാമപ്രദേശങ്ങളിലതാമസിച്ച് ജനങ്ങളുടെ പ്രശ്നങ്ങളും പരാതികളും നേരിട്ടറിയുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി ഗ്രാമവാസ്തവ്യ പരിപാടി നടത്തുന്നത്. 

എന്നാല്‍, മുഖ്യമന്ത്രിയുടേത് തട്ടിപ്പാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. കര്‍ഷകരുടെ മുന്നില്‍ മുതലകണ്ണീരൊഴുക്കുന്ന കുമാരസ്വാമി ആഢംബര ജീവതമാണ് നയിക്കുന്നത്. എടുക്കുന്ന തീരമാനങ്ങള്‍ നടപ്പാക്കാനുള്ള കഴിവ് കുമാരസ്വാമിക്കില്ല. ഉദ്യോഗസ്ഥരില്‍ മുഖ്യമന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ല. അദ്ദേഹത്തിന്റെ ജില്ലയില്‍ പോലും തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സാധിക്കുന്നില്ലെന്ന് യെദ്യൂരപ്പ പറഞ്ഞു. 

2008ല്‍ കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്ന സമയത്തും സമാനമായ യാത്ര നടത്തിയിരുന്നു. അന്ന് താമസിച്ച ഗ്രാമങ്ങളുടെ ഇപ്പോഴത്തെ ദയനീയ അവസ്ഥയുടെ ചിത്രം ബിജെപി പുറത്തു വിട്ടു. 10 വര്‍ഷം മുന്‍പ് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നു പോലും ഈ ഗ്രാമങ്ങളില്‍ കുമാരസ്വാമി നടപ്പാക്കിയില്ലെന്ന് യെദ്യൂരപ്പ ആരോപിച്ചു. കുമാരസ്വാമിയുടെ ഗ്രാമവാസ്തവ്യ യാത്രയ്ക്കെതിരെ ബിജെപി തയ്യാറാക്കിയ ലഘുലേഖ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ പുറത്തിറക്കി. 

കുമാരസ്വാമിയുടെ യാത്രയെ വിമര്‍ശിച്ച് ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും രംഗത്തെത്തി. കുമാരസ്വാമിയുടെ യാത്രയുടെ നേട്ടങ്ങള്‍ ര്‍ക്കാരിനാണ് ലഭിക്കേണ്ടത്. കുമാരസ്വാമി ജെഡിഎസ് മുഖ്യമന്ത്രിയല്ല സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്നും ഉടന്‍ താനും ഗ്രാമങ്ങളിലേക്ക് യാത്ര നടത്തുമെന്ന് പരമേശ്വര പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.