കര്‍ണാടക സര്‍ക്കാരിന്റെ ഭാവി അടഞ്ഞു

Thursday 18 July 2019 3:33 am IST
കോണ്‍ഗ്രസ്-ജെഡിഎസ് എന്നീ പാര്‍ട്ടികളിപെട്ട 16 എംഎല്‍എമാരാണ് രാജിവെച്ചത്; അതിനുപുറമെ രണ്ട് സ്വതന്ത്രര്‍ സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചു; ആ രണ്ടുപേര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. അതോടെ സര്‍ക്കാരിനൊപ്പം നില്‍ക്കുന്നവരുടെ എണ്ണം 101 ആയിചുരുങ്ങി; ബിജെപിക്കൊപ്പമുള്ളതാവട്ടെ 107 പേരും.

കര്‍ണാടകത്തിലെ എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാരിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതായി ഇന്നലത്തെ സുപ്രീംകോടതി വിധി എന്നതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടാവും എന്നുതോന്നുന്നില്ല. മുംബൈയില്‍ ക്യാമ്പുചെയ്യുന്ന 16 വിമത കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാര്‍ ഇന്ന് നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധിച്ചുകൂടാ എന്നതാണ് ആ വിധിന്യായത്തിലെ പ്രധാനനിര്‍ദ്ദേശം. അവര്‍ പങ്കെടുക്കുകയും അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്യാതിരുന്നാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടും.

അതായത്, ഒരുവര്‍ഷം പോലും പൂര്‍ത്തിയാക്കാനാവാതെ, ജനതാദള്‍ (എസ്)-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ നിലംപൊത്തുന്ന കാഴ്ചയ്ക്കാണ് കര്‍ണാടകം ഇന്ന് സാക്ഷ്യം വഹിക്കുക. നിയമസഭയില്‍ ഇന്ന് വിശ്വാസവോട്ട് തേടുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്; സഭയില്‍ ഭൂരിപക്ഷമില്ലാത്ത ഒരു ഭരണകൂടമാണിത് എന്നത് ഇന്നവര്‍ തിരിച്ചറിയാന്‍ പോകുകയാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് യെദിയൂരപ്പ സര്‍ക്കാരിന് സഭയില്‍ വിശ്വാസം തെളിയിക്കാന്‍ 48 മണിക്കൂര്‍പോലും അനുവദിക്കരുതെന്ന് അര്‍ദ്ധരാത്രിയില്‍ സുപ്രീം കോടതിയില്‍ വാദിച്ച് ഉത്തരവ് സമ്പാദിച്ചവര്‍ ഇന്നിപ്പോള്‍ അതെ കോടതിവിധികണ്ട് നട്ടം തിരിയുകയാണ്.  

കോണ്‍ഗ്രസിലെയും ജെഡിഎസിലെയും 16 എംഎല്‍എമാര്‍ പരസ്യമായി സ്വന്തം സര്‍ക്കാരിനെതിരെ രംഗത്ത് വന്നതാണ് കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം. അത് മുന്‍പും വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. പതിനാറ് നിയമസഭാംഗങ്ങള്‍ സ്പീക്കര്‍ക്ക് രാജിനല്‍കി. എന്നാല്‍ അത് സ്വീകരിക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല. തന്നെ നേരില്‍കണ്ട് രാജി നല്‍കിയില്ല എന്നതായിരുന്നു സ്പീക്കറുടെ ആദ്യനിലപാട്. അതോടെയാണ് ആദ്യം പത്ത് എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. രാജിക്കത്തുമായി തങ്ങള്‍ വരുന്നെന്നറിഞ്ഞുകൊണ്ട് സ്പീക്കര്‍ സ്ഥലംവിടുകയാണ് ഉണ്ടായത് എന്നതാണ് വിമത എംഎല്‍എമാരുടെ വ്യാഖ്യാനം. അതൊരു വസ്തുതയായിരുന്നുവെന്ന് സ്പീക്കറുടെ നിലപാടുകള്‍ പരിശോധിക്കുമ്പോള്‍ ആര്‍ക്കും തോന്നിപ്പോകും. വിമതസാമാജികരോട് നേരിട്ട് സ്പീക്കര്‍ക്ക് രാജി നല്‍കാനും അവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കാനും അന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു; അവരുടെ രാജിക്കത്തിന്മേല്‍ 24 മണിക്കൂറിനകം സ്പീക്കര്‍ തീരുമാനം എടുക്കണമെന്നും കോടതി ഉത്തരവിട്ടു.

എന്നാല്‍ രാജി നല്‍കിയെങ്കിലും സ്പീക്കര്‍ മറ്റുചില നിലപാടുകള്‍ പിന്നീട് പുറത്തെടുത്തു. അവരുടെ രാജി സ്വമേധയാ ആണോ എന്നൊക്കെ വിലയിരുത്തണം എന്നും അതുകൊണ്ട് കോടതി പറയുന്നത് പോലെ പെട്ടെന്ന് അത് സ്വീകരിക്കാനോ നിരാകരിക്കാനോ കഴിയില്ലെന്നും കോടതി ഇക്കാര്യത്തില്‍ ഇടപെടേണ്ട എന്നുമൊക്കെ സ്പീക്കര്‍ തുറന്നടിക്കുന്നതാണ് പിന്നീട് നാം കണ്ടത്. യഥാര്‍ഥത്തില്‍ കോടതിയലക്ഷ്യനീക്കമാണ് സ്പീക്കര്‍ നടത്തിയത്. ചൊവ്വാഴ്ച കോടതി ഈ ഹര്‍ജികള്‍ പരിഗണിക്കവെ സ്പീക്കര്‍ എടുത്ത നിലപാടില്‍ കോടതി അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു എന്നതോര്‍ക്കുക. കോടതി ഉത്തരവ് അംഗീകരിക്കാതെ തങ്ങളെ അദ്ദേഹം ഭരണഘടനയെക്കുറിച്ച് പഠിപ്പിക്കുകയാണ് എന്നുവരെ സുപ്രീംകോടതി ജഡ്ജിമാര്‍ തുറന്ന കോടതിയില്‍ അഭിപ്രായപ്പെട്ടത് കണ്ടതാണ്. ശരിയാണ്, സ്പീക്കര്‍ക്ക് ചില അധികാരങ്ങളുണ്ട്, അവകാശങ്ങളുണ്ട്; പക്ഷെ അത് സഭയ്ക്കുള്ളില്‍ മാത്രമാണ് എന്നത് പലവട്ടം കോടതി പറഞ്ഞിട്ടുമുണ്ട്. അംഗങ്ങളുടെ കൂറുമാറ്റം, അയോഗ്യരാക്കല്‍ എന്നിവക്കൊക്കെ ആ വിധത്തിലുള്ള സംരക്ഷണകവചം ഒരുക്കാവുന്നതല്ല എന്നതും സുപ്രീംകോടതി വ്യക്തമാക്കിയതാണ്.

കൂറുമാറ്റനിയമം കൊണ്ടുവരുമ്പോള്‍ സ്പീക്കറുടെ നിലപാടുകളെ, തീരുമാനങ്ങളെ, കോടതിയില്‍ ചോദ്യംചെയ്തുകൂടാ എന്നതായിരുന്നു വ്യവസ്ഥ. അതൊക്കെ സുപ്രീംകോടതി എടുത്തുകളഞ്ഞതാണല്ലോ. എന്നാല്‍ ഈ കേസില്‍ തല്‍ക്കാലം കോടതി- സ്പീക്കര്‍ ഏറ്റുമുട്ടലിലേക്ക് പോകാന്‍ സുപ്രീംകോടതി താല്‍പര്യം കാണിച്ചില്ല എന്നതാണ് വിലയിരുത്തേണ്ടത്. അതുകൊണ്ടാണ് ഇന്നലെ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ സ്പീക്കര്‍ സൗകര്യംപോലെ തീരുമാനിച്ചോട്ടെ എന്ന് കോടതി പറഞ്ഞതും. അതിനര്‍ത്ഥം ഈ പ്രശ്‌നം കോടതി വിട്ടുകളഞ്ഞു എന്നല്ല. 'ഈ കോടതിയുടെ അധികാരപരിധി തങ്ങള്‍ കാണിക്കുന്ന സ്വയം നിയന്ത്രണത്തോളമാണ്' എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടത് ഓര്‍ക്കാതെ പോയിക്കൂടാ. ഏതുവരെ പോകാനും കോടതിക്ക് കഴിയുമെന്ന മുന്നറിയിപ്പാണ് അക്ഷരാര്‍ഥത്തില്‍ അതിലടങ്ങിയത്.   

ഇന്നലെ ഉണ്ടായത് ഇടക്കാല ഉത്തരവാണ്; അതാവട്ടെ ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കുന്നത് പരിഗണിച്ചും. സ്പീക്കറുടെ അധികാരങ്ങള്‍ സംബന്ധിച്ച വിഷയം വിശദമായി ചര്‍ച്ചചെയ്യേണ്ട ഒന്നാണ് എന്നതാണ് കോടതി സ്വീകരിച്ചിട്ടുള്ള നിലപാട്. സ്പീക്കര്‍ക്ക് ഉയര്‍ന്ന സ്ഥാനമാണ് സുപ്രീംകോടതി നല്‍കിപ്പോരുന്നത്; കഴിഞ്ഞ 20-30 വര്‍ഷക്കാലത്ത് ഉണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇക്കാര്യം സംബന്ധിച്ച് ഒരു പുനഃപരിശോധന ആവശ്യമാണ് എന്നാണ് ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടത്. അത് ഇടക്കാല ഉത്തരവില്‍ ഉണ്ടാവേണ്ടതില്ല; നിലവില്‍ വിമതഎംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ അവസാനിപ്പിച്ചിട്ടുമില്ലല്ലോ. അതുകൊണ്ട് വരുന്നദിവസങ്ങളില്‍ സ്പീക്കറുടെ റോള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കപ്പെടും എന്നതില്‍ സംശയമില്ല. ഇന്നലത്തെ വിധിന്യായം അത് സംബന്ധിച്ച സൂചനകള്‍ നല്‍കുന്നുമുണ്ട്.

വേറൊന്നുകൂടിയുണ്ട്; വിമത എംഎല്‍എമാരുടെ രാജി സംബന്ധിച്ച് സ്പീക്കര്‍ സൗകര്യംപോലെ തീരുമാനിച്ചോട്ടെ എന്ന് കോടതി പറഞ്ഞുവല്ലോ. അതിന് പിന്നാലെയാണ് ആ എംഎല്‍എമാരെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാന്‍ നിര്‍ബന്ധിച്ചുകൂടാ എന്ന് കോടതി വ്യക്തമാക്കുന്നത്. അതായത്, സര്‍ക്കാര്‍പക്ഷം വിപ്പ് പുറപ്പെടുവിച്ചാലും അത് ഈ എംഎല്‍എമാര്‍ക്ക് ബാധകമാവില്ല. സഭാസമ്മേളനത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ അവര്‍ക്കെതിരെ നടപടി എടുക്കാനുള്ള ഭരണകക്ഷിയുടെ നീക്കമാണ് ഇവിടെ പരാജയപ്പെടുന്നത്. മറ്റൊന്ന്, വിശ്വാസവോട്ടിന് മുന്‍പ് സ്പീക്കര്‍ക്ക് വിമത എംഎല്‍എമാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും കോടതി ഉറപ്പാക്കിയിട്ടുണ്ട്.

ഇനി പിന്നീട് ഈ വിമതസാമാജികര്‍ അയോഗ്യരാക്കപ്പെട്ടാല്‍ അതും കോടതിയുടെ പരിശോധനയ്ക്ക് വിധേയമായിരിക്കും എന്നതും വ്യക്തമാണ്. വേറൊന്ന് നാം ശ്രദ്ധിക്കാതെ പോയിക്കൂടാത്തത്, സര്‍ക്കാര്‍ വീണാല്‍ പിന്നെ സ്പീക്കര്‍ക്ക് നിലനില്‍പ്പുണ്ടാവില്ല എന്നതാണ്. ഒരു പക്ഷെ സ്വയം മാന്യമായി രാജിവെച്ചൊഴിഞ്ഞില്ലെങ്കില്‍, അദ്ദേഹത്തിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരേണ്ടി വന്നേക്കാം എന്നുമാത്രം. കോടതിവിധി സ്പീക്കര്‍ക്ക് അനുകൂലമാണ്, സ്പീക്കര്‍ വിജയിച്ചു എന്നൊക്കെ ചിലര്‍ വിലയിരുത്തുന്നത് പ്രശ്‌നങ്ങളെ യഥാവിധി കാണാത്തത് കൊണ്ടാണ്. കോണ്‍ഗ്രസിന്റെ  മനോവിഷമം പിസിസി പ്രസിഡന്റ് ഗുണ്ടുറാവു വ്യക്തമാക്കിയിട്ടുണ്ട്. 'സുപ്രീം കോടതി, ലെജിസ്ലെറ്റിവിന്റെ അധികാരത്തില്‍ കൈകടത്തുന്നു' എന്നതാണ് ആ ആക്ഷേപം. കോടതി വിധി തങ്ങള്‍ക്കെതിരാണ് എന്നതല്ലേ അതിലൂടെ അദ്ദേഹം സമ്മതിക്കുന്നത്. 

ഇനി വിശ്വാസവോട്ടെടുപ്പ് നടന്നാല്‍, ഇന്നത്തെ സാഹചര്യത്തില്‍ കര്‍ണാടകത്തില്‍, എന്താണ് സംഭവിക്കുക എന്നത് പരിശോധിക്കാം. കോണ്‍ഗ്രസ്-ജെഡിഎസ് എന്നീ പാര്‍ട്ടികളില്‍ പെട്ട 16 എംഎല്‍എമാരാണ് രാജിവെച്ചത്; അതിനുപുറമെ രണ്ട് സ്വതന്ത്രര്‍ സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചു; ആ രണ്ടുപേര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. അതോടെ സര്‍ക്കാരിനൊപ്പം നില്‍ക്കുന്നവരുടെ എണ്ണം 101 ആയി ചുരുങ്ങി; ബിജെപിക്കൊപ്പമുള്ളതാവട്ടെ 107 പേരും. ഭീഷണി മുഴക്കി വിമതഎംഎല്‍എമാരെ സഭയിലെത്തിക്കാനാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ ഇതുവരെ ശ്രമിച്ചത്. അതിന് വഴങ്ങിയില്ലെങ്കില്‍ സ്പീക്കര്‍ അയോഗ്യരാക്കും, പിന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല എന്നൊക്കെയായിരുന്നുവല്ലോ കോണ്‍ഗ്രസുകാരുടെ ഭീഷണി. സുപ്രീംകോടതി വിധിയോടെ ആ ഭീഷണിയൊക്കെ കടപുഴകി വീഴുന്നതാണ് നാംകണ്ടത്. ഇനി വേണമെങ്കില്‍ സര്‍ക്കാരിന് വിശ്വാസപ്രമേയം അവതരിപ്പിച്ച് ചര്‍ച്ച നടത്താം. വോട്ടിനിട്ടാല്‍ തോല്‍വി ഉറപ്പ്. അതിന് കുമാരസ്വാമി നില്‍ക്കുമോ, അത്തരത്തില്‍  മുഖ്യമന്ത്രിയെകൊണ്ട്  വിഡ്ഢിവേഷം കോണ്‍ഗ്രസുകാര്‍ കെട്ടിക്കുമോ എന്നതാണ് കാണേണ്ടത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.