ആറ് മണിക്കുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി കുമാര സ്വാമിക്ക് സ്പീക്കറുടെ അന്ത്യശാസനം; ഇങ്ങനെ ത്രിശങ്കുവിലാക്കി ഇരുത്തുകയാണെങ്കില്‍ താന്‍ രാജി വെയ്ക്കുമെന്നും മുന്നറിയിപ്പ്

Tuesday 23 July 2019 8:36 am IST
വിമത എംഎല്‍എമാര്‍ അടക്കമുള്ള വിപ്പിന്റെ കാര്യത്തില്‍ അവ്യക്തത ഉള്ളതിനാല്‍ സുപ്രീംകോടതി തീരുമാനം വന്നിട്ട് വിശ്വാസവോട്ടെടുപ്പ് നടത്താമെന്നാണ് ജെഡിഎസ് നിലപാട്.

ബെംഗളൂരു : ദിവസങ്ങളായി കര്‍ണ്ണാടക നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിനായുള്ള നടപടികള്‍ക്ക് അന്ത്യം. ഇന്ന് വൈകിട്ട് ആറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തിയിരിക്കണമെന്ന് മുഖ്യമന്ത്രി കുമാരസ്സംവാമിക്ക് സ്പീക്കര്‍ കെ. ആര്‍. രമേശ് കുമാര്‍ താക്കീത് നല്‍കി. വൈകിട്ട് നാല് മണിക്കുള്ളില്‍ വിശ്വാസപ്രമേയത്തില്‍ ചര്‍ച്ച പൂര്‍ത്തിയാകണം. ആറ് മണിക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.

അര്‍ധരാത്രി തന്നെ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോള്‍ നടപടികള്‍ക്കായി താന്‍ പുലര്‍ച്ചെ വരെ ഇരിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു. എന്നാല്‍ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗതെത്തിയതോടെ സഭ പിരിയാന്‍ തീരുമാനമെടുക്കുകയായിരുന്നു. 

അതേസമം വിമത എംഎല്‍എമാര്‍ അടക്കമുള്ള വിപ്പിന്റെ കാര്യത്തില്‍ അവ്യക്തത ഉള്ളതിനാല്‍ സുപ്രീംകോടതി തീരുമാനം വന്നിട്ട് വിശ്വാസവോട്ടെടുപ്പ് നടത്താമെന്നാണ് ജെഡിഎസ് നിലപാട്. 

ഇതിനിടെ താന്‍ രാജി വച്ചെന്ന തരത്തില്‍ വ്യാജക്കത്തുകള്‍ പ്രചരിക്കുകയാണെന്നും എന്നാല്‍ ഇത് തെറ്റാണെന്നും മുഖ്യമന്ത്രി കുമാരസ്വാമി സഭയില്‍ അറിയിച്ചു. വിശ്വാസവോട്ടെടുപ്പ് വേണ്ട സാഹചര്യം നേരത്തേയുണ്ടായിരുന്നു. എന്നാലിപ്പോഴതില്ല. കാര്യങ്ങള്‍ മാറിയെന്നും സഭയില്‍ കുമാരസ്വാമി പറഞ്ഞു.

വിശ്വാസ പ്രമേയത്തിലുള്ള ചര്‍ച്ച പല തവണയായി നീണ്ടുപോയതില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി ഇരു നേതാക്കളോടും സ്പീക്കര്‍ ക്ഷുഭിതനായെന്നും സൂചനയുണ്ട്. ഇങ്ങനെയൊരു ഗതികേട് ഇന്ത്യയില്‍ മറ്റൊരു സ്പീക്കര്‍ക്കുമുണ്ടായിട്ടില്ലെന്ന് രമേശ് കുമാര്‍ പറഞ്ഞു. ഇങ്ങനെ ത്രിശങ്കുവിലാക്കി ഇരുത്തുകയാണെങ്കില്‍ താന്‍ രാജി വെയ്ക്കുമെന്ന് സ്പീക്കര്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയോട് അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.  

തിങ്കളാഴ്ച രാവിലെ 11 മണിക്ക് തുടങ്ങിയ സഭ 12 മണിക്കൂറോളമാകുമ്പോഴും ആകെ സംസാരിച്ചത് ആറോളം പേര്‍ മാത്രം. ഉച്ചയ്ക്ക് മണിക്കൂറുകളോളം ഒരു എംഎല്‍എ മാത്രമാണ് സംസാരിച്ചത്. 

ഇതിനിടെ സ്പീക്കര്‍ വിമത എംഎല്‍എമാരെ അയോഗ്യരാക്കുമെന്ന പരോക്ഷ മുന്നറിയിപ്പുമായി, എല്ലാവരോടും തന്നെ വന്ന് കാണാന്‍ നോട്ടീസയച്ചു. അയോഗ്യത സംബന്ധിച്ച് കോണ്‍ഗ്രസ് നല്‍കിയ നോട്ടീസില്‍ വിശദീകരണം നല്‍കാന്‍ ഇന്ന് രാവിലെ 11 മണിയോടെ വന്ന് കാണണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ 15 ദിവസമെങ്കിലും സമയം നല്‍കണമെന്ന് ചില വിമതര്‍ സ്പീക്കറോട് അപേക്ഷിച്ചിട്ടുണ്ട്. 

അതിനിടെ വിമത എംഎല്‍എമാരുടെ ഹര്‍ജി സുപ്രീംകോടതിയില്‍ പരാമര്‍ശിക്കപ്പെട്ടെങ്കിലും അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഈ ഹര്‍ജി ഇന്ന് പരിഗണനാപ്പട്ടികയില്‍ ആറാമതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭൂരിപക്ഷമുറപ്പിക്കാന്‍ വേണ്ട എംഎല്‍എമാരുടെ പിന്തുണ കുമാരസ്വാമി സര്‍ക്കാരിന് ഉറപ്പിക്കാന്‍ സാധിക്കാത്തതാണ് വിശ്വാസ വോട്ടെടുപ്പ് പരമാവധി നീട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തുന്നതിനു പിന്നില്‍. സര്‍ക്കാരിനെ താഴെയിറക്കുമെന്ന 15 വിമത എംഎല്‍എമാരും ആ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ല. രാമലിംഗ റെഡ്ഡിയുടെ നേതൃത്വത്തില്‍ ഇവരെ അനുനയിപ്പിക്കാന്‍ നീക്കം നടത്തിയെങ്കിലും ഫലിച്ചില്ല.

മുംബൈയില്‍ ആശുപത്രിയിലുളള ശ്രീമന്ത് പാട്ടീലും ബെംഗളൂരുവില്‍ ചികിത്സയിലുളള ബി. നാഗേന്ദ്രയും സഭയിലെത്തില്ല. ഇതും കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന് തിരിച്ചടിയാകും. അങ്ങനെയെങ്കില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 101 പേരുടെ മാത്രം പിന്തുണയുണ്ടാകും കുമാരസ്വാമിക്ക്. ബിഎസ്പി അംഗത്തോട് സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ പാര്‍ട്ടി അധ്യക്ഷ മായാവതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.