കാര്‍ത്തിക്ക് പോലീസ് കസ്റ്റഡിയില്‍: ചിദംബരവും കുടുങ്ങും; ന്യായീകരിച്ച് രാഹുലും
ന്യൂദല്‍ഹി: അനധികൃത സാമ്പത്തിക ഇടപാടുകള്‍ക്ക് സിബിഐ അറസ്റ്റു ചെയ്ത കാര്‍ത്തി ചിദംബരത്തിന് കോടതി ഒരു ദിവസം പോലീസ് കസ്റ്റഡി വിധിച്ചു. ദല്‍ഹി പാട്യാല സിബിഐ കോടതിയുടേതാണ് ഉത്തരവ്. നാളെ വീണ്ടും കോടതയില്‍ ഹാജരാക്കണം.
കേസില്‍ കാര്‍ത്തിയുടെ അച്ഛനായ മുന്‍ ധനമന്ത്രി പി. ചിദംബരവും കുടുങ്ങും. സിബിഐ േകാടതിയില്‍ കൊടുത്ത കാര്‍ത്തി ചിദംബരത്തിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ ചിദംബരം വഴിവിട്ട ഇടപാടിന് കൂട്ടുനിന്നതായി തെളിവു നല്‍കിയിട്ടുണ്ട്.
പി. ചിദംബരം കേന്ദ്ര ധന മന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയയ്ക്കു 305 കോടിയുടെ വിദേശ നിക്ഷേപം ലഭിക്കാന്‍ അനധികൃതമായി കാര്‍ത്തി ഇടപെട്ടു. അതിന് ഇടനില നിന്നകാര്ത്തി അതിലൂടെ വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) ലംഘിച്ചു. വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ കാര്ത്തിക്കെതിരായി സിബിഐ ചുമത്തിയിട്ടുണ്ട്. യൂറോപ്പില്‍നിന്ന് ഇന്ന് ചെന്നൈയിലെത്തിയ കാര്‍ത്തി ചിദംബരത്തെ വിമാനത്താവളത്തില്‍നിന്നുമാണ് സിബിഐ അറസ്റ്റ് ചെയ്തത്.
സിബിഐ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍നിന്ന്: ഐഎന്‍എക്സ് മീഡിയ ഉടമകളായ ഇന്ദ്രാണി മുഖര്‍ജിയും പീറ്റര്‍ മുഖര്‍ജിയും പി. ചിദംബരം ധനമന്ത്രിയായിരിക്കെ ധനമന്ത്രാലയത്തില്‍ ചിദംബരത്തെ കണ്ട് ചര്‍ച്ച നടത്തിയെന്ന് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലില്‍ അവര്‍ സമ്മതിച്ചു. മകന് കാര്‍ത്തിയുടെ ബിസിനസില്‍ സഹായിക്കാനും ഇതിന് വിദേശ സാമ്പത്തിക ഇടപാട് നടത്താനും നിര്‍ദ്ദേശിച്ചു. പിന്നീട് കാര്‍ത്തിയെ ദല്‍ഹിയിലെ ഹോട്ടല്‍ ഹയാത്തില്‍ കണ്ടു. അവിടെ കാര്‍ത്തി 10 ലക്ഷം ഡോളര്‍ പ്രതിഫലം ചോദിച്ചു. തനിക്ക് നേരിട്ടു നല്കുന്നതിനു പകരം, ചെസ് മാനേജ്മെന്റ് ആന്‍ഡ് അഡ്വാന്റേജ് സ്ട്രാറ്റജിക്കിന് പണം നല്കിയാല് മതിയെന്നും അറിയിച്ചു, സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി മജിസ്ട്രേറ്റ് കോടതിയില്‍ സിആര്‍പിസി 164-ാം വകുപ്പ് പ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ വിദേശത്ത് ഏഴുലക്ഷം ഡോളര്‍ വിദേശത്ത് കൈമാറിയതായി പറയുന്നുണ്ടെന്നും സിബിഐ പറയുന്നു.
കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കലാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പ്രസ്താവിച്ചു. ഇതോടെ വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയ കാര്‍ത്തിയെ രാഹുല്‍ പിന്തുണക്കുന്നുവെന്നായി.