കറുകയെന്ന പുണ്യം

Monday 29 July 2019 4:28 am IST

പുണ്യമാസമായ കര്‍ക്കടത്തില്‍ സ്ത്രീകള്‍ ചൂടുന്ന ദശപുഷ്പങ്ങളില്‍ പ്രധാനപ്പെട്ടതാണ് കറുക. ഈ ചെടി ആചാരത്തിലും ഔഷധ ഗുണത്തിലും മുന്നില്‍ത്തന്നെ.

ഭാരതീയ സംസ്‌കാരത്തില്‍ സുപ്രധാനമായൊരു സ്ഥാനമുണ്ട് കറുകയ്ക്ക്. പൂജകളില്‍ പലതിലും ഇത് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. കറുക ബ്രഹ്മാവിന് ഏറ്റവും പ്രിയമുള്ള ചെടിയാണ് കറുക. സൃഷ്ടികര്‍മം തുടങ്ങിയ ബ്രഹ്മാവ് ആദ്യമുണ്ടാക്കിയ ചെടി കറുകയെന്ന് ഐതിഹ്യം. ഗണപതി ഭഗവാന്റെ ഇഷ്ടഹാരമാണ് കറുകമാല. സംസ്‌കൃതത്തില്‍ ഇത് ദുര്‍വ എന്നറിയപ്പെടുന്നു.

കറുകയുടെ  ഔഷധ ഗുണവും പ്രസിദ്ധമാണ്. രക്തസ്രാവ ശമനത്തിന് കറുക  വളരെ ഗുണംചെയ്യുന്നു. ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികള്‍ക്ക് കറുകനീര് വളരെ ഫലപ്രദമാണ്. കറുക എണ്ണകാച്ചി തേച്ചാല്‍ ചര്‍മരോഗം, വ്രണം എന്നിവ മാറും. കഫ പിത്ത നാശകവും ഛര്‍ദ്ദിനാശകവുമാണ്.  കറുക നീര് ഗര്‍ഭിണികള്‍ കഴിച്ചാല്‍ സുഖപ്രസവത്തിനും  ഉത്തമനായ ശിശു ഉണ്ടാകുവാനും നല്ലത്. ബുദ്ധിമാന്ദ്യം, നാഡീക്ഷീണം എന്നിവയ്ക്കും കറുക നീര് സേവിക്കാം. രക്തത്തിലെ ഹീമോഗ്ലോബിന്‍ വര്‍ധിപ്പിക്കുകയും രോഗപ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു. ഉറക്കമില്ലായ്മയ്ക്കും നിദ്രാരാഹിത്യത്തിനും വിഷാദരോഗത്തിനും കറുകനീര്‍ ഏറെ പ്രയോജനപ്രദം. പ്രമേഹത്തിന്റെ കാഠിന്യം കുറക്കുന്നു, കാന്‍സര്‍ പ്രതിരോധിക്കുന്നു. പൈല്‍സിന് അത്യുത്തമം. കറുകപ്പുല്ല് അല്‍പ്പം പറിച്ചെടുത്ത് പശുവിനു കൊടുത്താല്‍ അതിന്റെപാല്‍ അമൃതിന് തുല്യം.

മാംസഭോജികളായ മൃഗങ്ങളും പട്ടി, പൂച്ച തുടങ്ങിയവയും ഔഷധമായി കറുകപ്പുല്ലിനെ ആശ്രയിക്കുന്നു.

'കറുക ഞരമ്പിനുള്ള ഔഷധമെന്ന് ആചാര്യമതം. അപാര ബുദ്ധിയ്ക്ക് സവിശേഷമെന്ന് ആയുര്‍വേദം, ദീര്‍ഘായുസ്സ് നല്‍കുമെന്ന് ചരകസംഹിത, ഋഷിഭോജ്യമെന്ന് വേദങ്ങള്‍ 'ആരോഗ്യ ഗുണത്തോടൊപ്പം കറുകച്ചെടി മനസിന് കുളിര്‍മ പകരുന്നു.  പൂന്തോട്ടങ്ങള്‍ക്ക് പച്ചപ്പിന്റെ മാസ്മരിക ഭാവം പകരുന്ന പുല്‍ത്തകിടിയാക്കാനും പുഷ്പിക്കാത്ത ഈ കുഞ്ഞന്‍ചെടി ഉത്തമം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.