കരുത്തരുടെ പോരാട്ടത്തിന് നാളെ തുടക്കം

Monday 13 January 2020 7:34 am IST

മുംബൈ: ദുര്‍ബ്ബലരായ ശ്രീലങ്കക്കെതിരായ ടി 20 പരമ്പര അനായാസം പോക്കറ്റിലാക്കിയ വിരാട് കോഹ്‌ലിയുടെ ഇന്ത്യക്ക് ഇനി അഗ്നിപരീക്ഷ . കരുത്തരായ ഓസീസുമായുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര നാളെ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ആരംഭിക്കും.

ന്യൂസിലന്‍ഡിനെയും പാക്കിസ്ഥാനെയും ലങ്കയേയുമൊക്കെ അരിഞ്ഞു വീഴ്ത്തിയ ഓസീസ് മിന്നുന്ന ഫോമിലാണ് ഇന്ത്യയെ എതിരിടാന്‍ വരുന്നത്. ആരോണ്‍ ഫിഞ്ച് നയിക്കുന്ന കങ്കാരുപ്പട ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ന്നുമെന്ന് ഉറപ്പാണ്. വെടിക്കെട്ട് പ്രകടനം കാഴ്ചവയ്ക്കാനായി ഇരു ടീമുകളും ഇന്നലെ പരിശീലനം ആരംഭിച്ചു. 

മുബൈയിലെ മഞ്ഞുവീഴ്ച വാങ്കഡെസ്‌റ്റേഡിയത്തിലെ മത്സരത്തില്‍ നിര്‍ണായക ഘടകമാകുമെന്ന് ഓസീസ് പരിശീലകന്‍ ആന്‍ഡ്രൂ മക്‌ഡോണാള്‍ഡ് പറഞ്ഞു. മാഞ്ഞുവീഴ്ചയെ നേരിടാനായി ഓസീസ് ടീം നനഞ്ഞ പന്തുമായി പരിശീലനം നടത്തി. 

കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യയിലെത്തിയ ഓസീസ് ടീം ശക്തമായ തിരിച്ചുവരവിലൂടെ ഏകദിന പരമ്പര പിടിച്ചെടുത്ത് കോഹ്‌ലിപ്പടയെ ഞെട്ടിച്ചു. ആരോണ്‍ ഫിഞ്ച് നായകനായ ഓസീസ് ടീം ആദ്യ രണ്ട് ഏകദിനങ്ങളും തോറ്റു. പക്ഷെ ശക്തമായ പോരാട്ടത്തിലൂടെ അവര്‍ അവസാന മൂന്ന് മത്സരങ്ങളിലും വിജയക്കൊടി നാട്ടി 3-2 ന് പരമ്പര സ്വന്തമാക്കുകയായിരുന്നു.

അന്ന് ഞങ്ങള്‍ വിജയം നേടിയെങ്കിലും നാട്ടിലെ സാഹചര്യങ്ങളില്‍ കളിക്കുന്ന ഇന്ത്യയ്ക്ക് തന്നെയാണ് ഇത്തവണ മുന്‍ തൂക്കമെന്ന് ഓസീസ് പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു. ഹോം ടീമിനാണ് എപ്പോഴും മുന്‍തൂക്കം. എന്നിരുന്നാലും ശക്തമായ പോരാട്ടം തന്നെ പ്രതീക്ഷിക്കാമെന്ന് റിച്ചാര്‍ഡ്‌സ്ണ്‍ വ്യക്തമാക്കി. പരമ്പരയില്‍ മൂന്ന് ഏകദിന മത്സരങ്ങളാണുള്ളത്. ആദ്യ മത്സരം നാളെ ഉച്ചകഴിഞ്ഞ് 1.30 ന് വാങ്കഡേ സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. രണ്ടാം മത്സരം പതിനേഴിന് രാജ്‌കോട്ടില്‍ നടക്കും. അവസാന മത്സരം ബെംഗളൂരുവില്‍ 19 ന് അരങ്ങേറും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.