രാജ്യസഭയില്‍ ജമ്മു കശ്മീരിലെ നയം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍; ആഭ്യന്തരമന്ത്രി അമിത് ഷാ സര്‍ക്കാര്‍ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു തുടങ്ങി

Monday 5 August 2019 11:19 am IST

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ മോദി സര്‍ക്കാര്‍ എടുത്ത സുപ്രധാന തീരുമാനങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിശദീകരിക്കുന്നു. ഇന്നു രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലെ സുപ്രധാന തീരുമാനം അദ്ദേഹം ഇരുസഭകളേയും അറിയിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യസഭയില്‍ 11 മണിക്കുള്ള ശൂന്യവേള മാറ്റിവെച്ചു. രാജ്യസഭയില്‍ അടിയന്തരനിയമ നിര്‍മാണ നടപടി ആരംഭിക്കുന്നതിന്റെ ഭാഗമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ വസതിയില്‍ കേന്ദ്രമന്ത്രിസഭയുടെ അടിയന്തരയോഗം നടന്നതിന് ശേഷമാണ് ഇക്കാര്യത്തെ സംബന്ധിച്ചുള്ള അറിയപ്പ് പുറത്തുവന്നത്. 

നേരത്തെ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു.  സുരക്ഷാ സമിതിയിലെ അംഗങ്ങളായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിര്‍മ്മല സീതാരാമന്‍, എസ് ജയ്ശങ്കര്‍ എന്നിവരും ഇന്ന് യോഗത്തില്‍ പങ്കെടുത്തു. സാധാരണ വ്യാഴാഴ്ച ദിവസങ്ങളില്‍ ചേരുന്ന മന്ത്രിസഭ ഇന്ന് ചേരുന്നത് കശ്മീരിലെ സവിശേഷ സാഹചര്യം ചര്‍ച്ച ചെയ്യാനാണെന്നാണ് വിവരം. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ സുരക്ഷ ഉപദേഷ്ടാവുമായും ആഭ്യന്തര സെക്രട്ടറിയുമായും പ്രത്യേകം ചര്‍ച്ചകള്‍ നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. 

ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കളെ സൈന്യം വീട്ടുതടങ്കലിലാക്കിയതിന് പിന്നാലെ ഗവര്‍ണര്‍ സത്യപാല്‍ മാലിക് ഇന്നലെ രാത്രിയില്‍ അടിയന്തര യോഗം വിളിച്ചിരുന്നു. അര്‍ദ്ധരാത്രിയില്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി രാജ്ഭവനിലാണ് അദേഹം കൂടികാഴ്ച നടത്തിയത്. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും  യോഗത്തിനെത്തിയിരുന്നു. നേരത്തെ, ജമ്മു കശ്മീരില്‍ സൈനിക നീക്കം ആരംഭിച്ചതോടെ പ്രധാന വിഘടനവാദി നേതാക്കളെ വീട്ടുതടങ്കിലാക്കിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.