കശ്മീര്‍ പ്രശ്നം ഉടന്‍ പരിഹരിക്കും; സംസാരിച്ച് തീര്‍ന്നില്ലെങ്കില്‍ എങ്ങനെ തീര്‍ക്കണമെന്ന് ഇന്ത്യയ്ക്ക് അറിയാമെന്ന് രാജ്നാഥ് സിങ്ങ്

Saturday 20 July 2019 9:19 pm IST

ശ്രീനഗര്‍:  കശ്മീര്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ്. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ലെങ്കില്‍ എങ്ങനെ പ്രശ്ന പരിഹാരം കണ്ടെത്തണമെന്ന് ഇന്ത്യയ്ക്ക് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഗില്‍ വിജയ്ദിവസിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ  ഭാഗമായി ദ്രാസിലെ കാര്‍ഗില്‍ യുദ്ധ സ്മാരകം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കശ്മീര്‍ ഭീകരപ്രവര്‍ത്തനത്തില്‍ നിന്നും മുക്തമാകും. ജമ്മു കശ്മീരില്‍ നിന്നും ഭീകരത തുടച്ചുമാറ്റപ്പെടുമെന്നും ലോകം മുഴുവന്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ നിന്നും മുക്തി നേടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജനങ്ങളുടെ വിശ്വാസം ഒരിക്കലും ലംഘിക്കില്ലെന്നും രാജ്യത്തിന്റെ നേതൃത്വത്തിലും പ്രധാനമന്ത്രിയിലും രാജ്യത്തെ ജവാന്മാരിലും വിശ്വാസം അര്‍പ്പിക്കാനും അദ്ദേഹം പറഞ്ഞു. 

കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ജവാന്‍മാര്‍ക്ക് ആദരവ് അര്‍പ്പിക്കാനാണ് രാജ്നാഥ് സിംഗ് ജമ്മുവിലെത്തിയത്.ഒരാഴ്ചത്തെ ആഘോഷമാണ് പ്രതിരോധമന്ത്രാലയം സംഘടിപ്പിച്ചിരിക്കുന്നത്.  രാജ്യത്തിനുവേണ്ടി എല്ലാം ത്യജിച്ച വീരസൈനികര്‍ക്ക് ചരിത്രപരമായ ഈയവസരത്തില്‍ അഭിവാദ്യം അര്‍പ്പിക്കുന്നതായി അദ്ദേഹം സന്ദര്‍ശക പുസ്തകത്തില്‍ കുറിച്ചു. 

 ജീവന്‍വെടിഞ്ഞ സൈനികരുടെ ധൈര്യവും വീര്യവും ഇന്ന് എല്ലാ ഇന്ത്യക്കാര്‍ക്കും പാഠമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് സൈനികരുമായി സംവദിക്കുകയും ചൈനയുമായിട്ടുള്ള അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുകയും ചെയ്തു. തുടര്‍ന്ന്  കതുവ ജില്ലയിലെ ഉജ്,  സാംബ ജില്ലയിലെ ബസന്തര്‍ എന്നീ നദികളിലെ പാലങ്ങളുടെ നിര്‍മ്മാണ പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. അതിര്‍ത്തി സുരക്ഷയ്ക്കും യാത്രസൗകര്യങ്ങള്‍ക്കും ഈ രണ്ട് പാലങ്ങളും ഏറെ  പ്രധാനമുള്ളതാണ്.  

ഇന്ന് മുതല്‍  ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്സും , ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സും സംയുക്തമായി  ഒരാഴ്ച നീണ്ടുനില്‍ക്കുന്ന  പ്രത്യേക സൈനിക  പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. സൈനികരുടെയും പോലീസിന്റെയും അര്‍ദ്ധസൈനികരുടെയും വീരോചിതമായ സേവനങ്ങള്‍ പ്രചരിപ്പിക്കും. ഇതിനുപുറമെ   ബിഎസ്എഫ് യുവാക്കള്‍ക്കായി ആയുധ പ്രദര്‍ശന പരിപാടിയും ഒട്ടക സഫാരിയും സംഘടിപ്പിക്കും. കൂടുതല്‍ യുവജനങ്ങളെ  സേനകളിലേക്ക് ആകര്‍ഷിപ്പിക്കാനാണ് സൈന്യം ഇത്തരത്തില്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.