കശ്മീര്‍ ഉണരുന്നു,നിറഞ്ഞ മനസ്സോടെ

Tuesday 13 August 2019 5:52 am IST

പുതിയ കാലത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ജമ്മുകശ്മീരില്‍ ഈ വര്‍ഷത്തെ ബലിപ്പെരുനാള്‍ കടന്നുപോയത്. ഹൃദയംകൊണ്ട് ഒന്നായിരുന്ന കശ്മീര്‍ നിയമംകൊണ്ടും ലയിച്ചുചേര്‍ന്ന് ഭാരതത്തിന്റെ അവിഭാജ്യ ഘടകമായതിനു ശേഷമുള്ള ആദ്യ പെരുനാള്‍ അവിടെ ജനങ്ങള്‍ സമാധാനപൂര്‍വം ആഘോഷിച്ചു. പള്ളികളില്‍ പതിവുപോലെ ജനങ്ങള്‍ പ്രാര്‍ഥനയ്ക്കെത്തി. വാഹനങ്ങള്‍ ഓടി. കടകള്‍ തുറന്നു. വ്യാപാരം പതിവുപോലെ നടന്നു. ഉറങ്ങിയുണര്‍ന്നതുപോലെ അവിടം പുത്തന്‍കാലത്തെ വരവേല്‍ക്കുകയാണ്. പേരിനുമാത്രമായി അങ്ങിങ്ങ് ചില പ്രതിഷേധങ്ങള്‍ നടന്നതൊഴിച്ചാല്‍, താഴ്വരയടക്കം കശ്മീര്‍ ശാന്തമായിരുന്നു. പ്രത്യേക പദവി എടുത്തുകളഞ്ഞാല്‍ കശ്മീര്‍ കത്തുമെന്ന ചിലരുടെ ഭീഷണികള്‍ക്ക്, അവരുടെ മേധാവിത്വം കൈവിട്ടുപോകുന്നതിലെ വേദനയ്ക്കപ്പുറം പ്രാധാന്യമൊന്നുമില്ലായിരുന്നു എന്ന സൂചനയാണ് ഈ സമാധാനാന്തരീക്ഷം നല്‍കുന്നത്.

ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്രനടപടിയെ മൗനമായി അംഗീകരിക്കുന്ന നിലപാടാണ് കശ്മീര്‍ ജനത കൈക്കൊണ്ടത്. കാലങ്ങളായി നിഷേധിക്കപ്പെട്ടിരുന്ന വികസനത്തിന്റെ പാതയിലേയ്ക്കുള്ള കശ്മീരിന്റെ പ്രവേശനമാണ് ചരിത്രപരമായ ഈ നടപടിയിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം അവിടത്തെ ജനത പൂര്‍ണമനസ്സോടെ സ്വീകരിച്ചിരിക്കുന്നു. സംഘര്‍ഷവും അസ്വസ്ഥതയുമല്ല, ശാന്തിയും സമാധാനവും സ്വസ്ഥതയുമാണ് തങ്ങള്‍ക്കുവേണ്ടതെന്ന് മുസ്ലിങ്ങളും ഹിന്ദുക്കളും ബുദ്ധമതക്കാരും സിക്കുകാരുമെല്ലാമടങ്ങുന്ന സമൂഹം ഒരുപോലെ പ്രഖ്യാപിച്ചിരിക്കുന്നു. നിരോധനാജ്ഞയും നിയന്ത്രണങ്ങളും ക്രമത്തില്‍ പിന്‍വലിക്കപ്പെടുന്നതോടെ കശ്മീര്‍ പരിപൂര്‍ണ ശാന്തതയിലേയ്ക്കും ക്രമേണ മുന്‍കാല പ്രതാപത്തിലേയ്ക്കും തിരിച്ചുവരും. 

കശ്മീര്‍ ബില്‍ അംഗീകരിക്കപ്പെട്ടപ്പോള്‍ സത്യത്തില്‍ കത്തിയത് കശ്മീരല്ല, വിഘടനവാദികളുടേയും അവരെ തോളിലേറ്റിയ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷങ്ങളുടെയും പ്രതീക്ഷകളും മോഹങ്ങളുമാണ്. കശ്മീരിന്റെയും മുസ്ലിം സമുദായത്തിന്റെയും പേരുപറഞ്ഞ് രാജ്യത്താകമാനം വര്‍ഗീയവിഷം തളിക്കാനുള്ള ചിലരുടെ ശ്രമങ്ങളാണ് ആ തീയില്‍കത്തിയമര്‍ന്നത്. പ്രതിഷേധമെന്ന പേരില്‍ രാജ്യത്തെവിടെയും ഒരു ചലനവും സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നുമാത്രമല്ല, ഈ നടപടി രാജ്യത്താകമാനവും രാജ്യാന്തരതലത്തിലും സ്വാഗതം ചെയ്യപ്പെടുകയും ചെയ്തു. പാക്കിസ്ഥാന്റെ നാവിലൂടെ സംസാരിക്കുന്നവരില്‍ നിന്നുമാത്രമാണ് എതിര്‍സ്വരം കേട്ടത്. കൂടെനിന്നവര്‍പോലും യാഥാര്‍ത്ഥ്യബോധത്തോടെ മറുപക്ഷത്ത് അണിനിരന്നപ്പോള്‍ പകച്ചുപോയവരുടെ ജല്‍പനങ്ങളാണ് രാഹുല്‍ ഗാന്ധിയുടെയും ചിദംബരത്തിന്റെയും സീതാറാം യച്ചൂരിയുടെയും മറ്റും പ്രതികരണങ്ങളില്‍ തെളിയുന്നത്. നാട്ടില്‍ വിലപ്പോവാത്ത അത്തരം പ്രചാരണങ്ങള്‍ക്ക് വിദേശമാധ്യമങ്ങളുടെ ലേബല്‍വഴി ആധികാരികത നല്‍കാനുള്ള ശ്രമങ്ങളും പതിവുപോലെ നടക്കുന്നുണ്ട്. 

ഇല്ലാക്കഥകള്‍ വാര്‍ത്തയാക്കി വിദേശമാധ്യമങ്ങള്‍ക്ക് അയച്ച് അവയുടെ പതിപ്പുകള്‍ ഇവിടെ വിളമ്പി തെറ്റിദ്ധാരണപരത്തുന്ന പണി ഇന്ത്യന്‍ മാധ്യമങ്ങളും ചിലപ്രതിപക്ഷങ്ങളും ഇടതു സഹയാത്രികരും തുടങ്ങിയിട്ട് ഏറെക്കാലമായി. പഠിച്ചതുതന്നെ അവര്‍ പാടുന്നതില്‍ അത്ഭുതമില്ല. ഇന്ത്യയിലെ കാര്യങ്ങളില്‍ ഇന്ത്യയേക്കാള്‍ വിദേശികളെ വിശ്വസിക്കുന്ന ഈ പ്രവണത ദേശവിരുദ്ധതയുടെയും വിഘടനചിന്തയുടേയും പ്രകടമായ ഉദാഹരണമാണ്. കാമ്പസുകളും, സാംസ്‌കാരിക കൂട്ടായ്മകളെന്നു പേരിട്ട വിഘടനവാദ-തീവ്രവാദ കൂട്ടായ്മകളും വഴി ഉല്‍പാദിപ്പിക്കുന്ന വിഷവിത്തുകള്‍ വിദേശമാധ്യമങ്ങള്‍വഴി തിരിച്ച് ഇന്ത്യയിലെത്തിച്ച് വിതരണം ചെയ്യുന്ന ശൃംഖലകള്‍ ഇന്നും സജീവമാണ്. ഇത്തരം പ്രവണതവഴി വിശ്വാസ്യത നഷ്ടപ്പെടുന്നത് തങ്ങള്‍ക്കുതന്നെയാണെന്ന് തിരിച്ചറിയാനുള്ള സാമാന്യബുദ്ധിപോലും നഷ്ടമായ അവസ്ഥയിലാണ് രാജ്യത്തെ നിക്ഷിപ്തതാത്പര്യക്കാരായ മാധ്യമങ്ങളും അവയെ ചട്ടുകമാക്കുന്നവരും. വൈദേശികാധിപത്യം പോയ്മറഞ്ഞത് അറിയാതെ അവര്‍ ഇന്നും മസ്തിഷ്‌കം ആര്‍ക്കോ പണയപ്പെടുത്തുന്നു. കാര്യങ്ങള്‍ നേരേചൊവ്വേ തിരിച്ചറിയാനുള്ള ശക്തി ഇവിടത്തെ സാധാരണക്കാരന്റെ മസ്തിഷ്‌കത്തിന് കൈവന്നകാര്യം അവര്‍ മനസ്സിലാക്കുമ്പോഴേയ്ക്കും ഭാരതം ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.