'കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം, അതിലേക്ക് ബാഹ്യ ഇടപെടല്‍ വേണ്ട; ഭീകര പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ മാത്രം പാക്കിസ്ഥാനുമായി ചര്‍ച്ച'; ഇന്ത്യയുടെ നിലപാടുകള്‍ ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച് കൈയ്യടി നേടി സയീദ് അക്ബറുദ്ദീന്‍

Saturday 17 August 2019 5:12 pm IST

ന്യൂയോര്‍ക്ക് : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് പൂര്‍ണ്ണമായും ഇന്ത്യയുടെ ആഭ്യന്ത്ര വിഷയമാണ്. അതില്‍ പുറത്തു നിന്നുള്ള ഒരു ശക്തിയും ഇടപെടേണ്ട ആവശ്യമില്ലെന്ന് യുഎന്നിലെ സ്ഥിരം പ്രതിനിധി സയീദ് അക്ബറുദ്ദീന്‍. ചൈനയുടെ കത്തിന്റ അടിസ്ഥാനത്തില്‍ കശ്മീര്‍ വിഷയം യുഎന്‍ ചര്‍ച്ച ചെയ്തതിനു പിന്നാലെയാണ് അക്ബറുദ്ദീന്‍ ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. സുരക്ഷാ സമിതി യോഗത്തിന് ശേഷം ന്യൂയോര്‍ക്കില്‍ നടന്ന പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീരില്‍ കേന്ദ്ര ഭരണം ഏര്‍പ്പെടുത്തിയത് പാക്കിസ്ഥാന്‍ ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന് പറഞ്ഞ് പിന്തുണ തള്ളി. തുടര്‍ന്ന് ചൈനയുമായി പാക് വിദേശ കാര്യ മന്ത്രി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് യുഎന്നില്‍ കത്ത് നല്‍കുന്നത്. 

പാക്കിസ്ഥാന്‍ ലോകരാജ്യങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഭീകരവാദം അമര്‍ച്ച ചെയ്യുന്നതില്‍ ഇരട്ടത്താപ്പാണെന്നും അക്ബറുദ്ദീന്‍ വിമര്‍ശിച്ചു. കശ്മീര്‍ വിഷയത്തില്‍ ചിലര്‍ സത്യങ്ങള്‍ മറച്ചുവെച്ച് അനാവശ്യമായി പരിഭ്രാന്തി പരത്താന്‍ ശ്രമിക്കുകയാണ്. ഒരു പ്രത്യേക സംസ്ഥാനത്ത് മാത്രം 'ജിഹാദ്' എന്ന വാക്കുപയോഗിച്ച് അക്രമം അഴിച്ചുവിടാന്‍ ചില നേതാക്കള്‍ ശ്രമിക്കുന്നു. എന്നാല്‍ അക്രമം ഇന്ത്യയിലെ പ്രശ്നങ്ങള്‍ക്ക് ഒരിക്കലും പരിഹാരമാകില്ലെന്നും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. 

ഇന്ത്യയും പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ. എന്നാല്‍ കശ്മീര്‍ പൂര്‍ണ്ണമായും ഇന്ത്യയുടെ ആഭ്യന്തരമായ വിഷയമാണ്. അതിന് പുറത്തു നിന്നുള്ള ഇടപെടലിന് ആരും ശ്രമിക്കേണ്ട, അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

കശ്മീരിലെ നിയന്ത്രണങ്ങളെല്ലാം സാവധാനം ഇന്ത്യ നീക്കും. ഈ മേഖലയിലെ സമാധാനത്തിന്  രാജ്യം പ്രതിജ്ഞാബദ്ധമാണ്. അതിനാല്‍ ഈ വിഷയത്തില്‍ ഒപ്പുവെച്ചിട്ടുള്ള കരാറുകള്‍ പാലിക്കാനും ഇന്ത്യ തയ്യാറാണ്. സുരക്ഷയുടെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കശ്മീരിന്റെ വികസനത്തിന് വേണ്ടിയാണ് ഇന്ത്യയുടെ നിര്‍ണായക നീക്കം. അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  പക്ഷേ ചിലര്‍ ആനാവശ്യമായി സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പാക്കിസ്ഥാനെ പേരെടുത്തു പറയാതെ അക്ബറുദ്ദീന്‍ വിമര്‍ശിച്ചു. 

അതിനിടെ എന്നാണ് പാകിസ്ഥാനുമായി ഇന്ത്യ ചര്‍ച്ച നടത്തുക എന്ന മുതിര്‍ന്ന പാക് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള അക്ബറുദ്ദീന്റെ മറുപടിയും ശ്രദ്ധേയമായി. തന്റെ പോഡിയത്തില്‍ നിന്ന് ഇറങ്ങി വേദിയിലുണ്ടായിരുന്ന മൂന്ന് പാകിസ്ഥാനി മാധ്യമ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം ഹസ്തദാനം നല്‍കി. ഇന്ത്യ എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചക്ക് തയ്യാറാണെന്നും പക്ഷേ ഭീകരത അവസാനിപ്പിച്ച ശേഷം മാത്രമേ ചര്‍ച്ച നടക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

രക്ഷാസമിതി യോഗത്തില്‍ കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന ഉറച്ച നിലപാടാണ് റഷ്യയും സ്വീകരിച്ചത്. ഫ്രാന്‍സ്, ബ്രിട്ടണ്‍  തുടങ്ങിയ അംഗങ്ങളും ഇന്ത്യയെ പിന്തുണച്ചു. ഉഭയകക്ഷി ചര്‍ച്ച വഴി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്നാണ് റഷ്യന്‍ വക്താവ് പ്രതികരിച്ചത്. 1971-നുശേഷം 48 വര്‍ഷം കഴിഞ്ഞാണ് കശ്മീര്‍ വിഷയത്തില്‍ യുഎന്‍. രക്ഷാസമിതി വീണ്ടും ചേരുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.