കശ്മീര്‍: തെറ്റിദ്ധാരണ പരത്തുന്ന സെമിനാറുമായി കണ്ണൂര്‍ സര്‍വ്വകലാശാല, ഭരണഘടനാപരമായ നടപടിയെ വെല്ലുവിളിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ചത് ഇടതുപക്ഷ എഴുത്തുകാരും ചിന്തകരും

Friday 8 November 2019 7:00 pm IST

കണ്ണൂര്‍: കശ്മീര്‍ വിഷയത്തില്‍ ഭരണഘടനാപരമായ നടപടിയെ വെല്ലുവിളിക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമായ സെമിനാര്‍ കണ്ണൂര്‍ സര്‍വ്വകലാശാല സംഘടിപ്പിച്ചത് വിവാദമാകുന്നു. 'അനുഛേദം 370 റദ്ദാക്കിയ ശേഷമുള്ള കാശ്മീര്‍' (Kashmir After the Abrogation of Article 370)  എന്ന വിഷയത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ ഇ.കെ. നയനാര്‍ ചെയര്‍ ഫോര്‍ പാര്‍ലമെന്ററി അഫയേഴ്‌സും കേരള സര്‍ക്കാറിന്റെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സും സംയുക്തമായാണ് മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. 

സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചവരെല്ലാം ഇടതുപക്ഷ എഴുത്തുകാരും ചിന്തകരുമാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷമുള്ള കശ്മീരില്‍ യൂറോപ്യന്‍ എംപിമാരെ ക്ഷണിച്ചു വരുത്തുമ്പോള്‍ ഇന്ത്യയിലെ ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കള്‍ക്കും എന്തുകൊണ്ട് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നുവെന്ന് പരിപാടിയില്‍ സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധാര്‍ഥ് വരദരാജന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കോ സീതാറാം യെച്ചൂരിക്കോ ഗുലാംനബി ആസാദിനോ പോലും കശ്മീരില്‍ പ്രവേശനം നിഷേധിച്ചു. കശ്മീരില്‍ മാധ്യമസ്വാതന്ത്ര്യം നിഷേധിക്കുക മാത്രമല്ല, തെറ്റിദ്ധാരണാജനകമായ വാര്‍ത്ത പ്രചരിപ്പിക്കുക കൂടി ചെയ്യുന്നു. ഇതുവരെ കശ്മീരില്‍ 79ഓളം കുട്ടികളെ അറസ്റ്റ് ചെയ്ത്  തടങ്കലില്‍ വെച്ചു... തുടങ്ങി നിരവധി വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് ഇടത് സഹയാത്രികരായ പ്രബന്ധാവതാരകര്‍ സെമിനാറില്‍ അവതരിപ്പിച്ചത്.

ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ ലംഘനമാണ് കുട്ടികളുടെ അറസ്റ്റെന്നും ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുന്ന കശ്മീരിലെ സ്ഥിതിവിശേഷം മറ്റ് സംസ്ഥാനങ്ങളെയും തുറിച്ചു നോക്കുകയാണെന്നുമടക്കമുള്ള ആരോപണങ്ങളാണ് സെമിനാറിലൂടെ ഉന്നയിക്കപ്പെട്ടത്. നിയമവിരുദ്ധമായി കശ്മീര്‍ ജനതയെ കൊണ്ട് ബോണ്ടുകളില്‍ ഒപ്പുവെപ്പിക്കുന്നു. ഇതെല്ലാം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ വേണ്ടിയാണെന്ന് സര്‍ക്കാര്‍ വാദിക്കുമ്പോള്‍ ഭീകരവാദം ഏറ്റവും കൂടുതല്‍ നടന്ന 1992 മുതല്‍ 2002 വരെയുള്ള കാലത്ത് ഇല്ലാതിരുന്ന നിയന്ത്രണങ്ങളും വിലക്കുകളുമാണ് ഭീകരവാദം ക്രമേണ കുറഞ്ഞ ഈ കാലഘട്ടത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും പ്രസംഗകര്‍ അഭിപ്രായപ്പെട്ടു. 

വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങിലാണ് രാജ്യത്തെ നിയമസംവിധാനത്തെ വെല്ലുവിളിക്കുന്ന രീതിയില്‍ ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തില്‍ സെമിനാര്‍ നടന്നത്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫ. ഡോ. ഹാപ്പിമോന്‍ ജേക്കബും പ്രബന്ധം അവതരിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.